കുണ്ടറ: ചാത്തന്നൂരില്‍ കശുവണ്ടി ഫാക്ടറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ പ്രതികളെ രക്ഷപെടുത്താന്‍ പോലീസ് ശ്രമിക്കുകയാണെന്ന് പട്ടികജാതി-വര്‍ഗ സംരക്ഷണ സമിതി ജില്ലാ ചെയര്മാന് എന്‍. ശിവരാജന് കുറ്റപ്പെടുത്തി.
ചിറക്കരത്താഴം മെമ്പര്വിള കോളനി ചരുവിള വീട്ടില്‍ ജി. ശശിയുടെയും ശശികലയുടെയും മകള്‍ അശ്വതി (19) ആണ് മരിച്ചത്. അശ്വതിയുടെ ജീര്‍ണ്ണിച്ച മൃതദേഹം അടച്ചിട്ട സ്വകാര്യ കശുവണ്ടി ഫാക്ടറിയില്‍ ക്രിക്കറ്റ് കളിക്കാന്‍ വന്ന കുട്ടികളാണ് കണ്ടത്. ഒരു പെണ്‍കുട്ടിയ്ക്ക് ഒറ്റയ്ക്ക് കാടുപിടിച്ചു തകര്‍ന്നടിഞ്ഞു കിടക്കുന്ന ഫാക്ടറിയില്‍ വരാന്‍ കഴിയില്ലെന്നും, അതുകൊണ്ട് അശ്വതി തയ്യല്‍ കടയില്‍ പോകും മുമ്പ് മൊബെയിലില്‍ വിളിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്നും മൊബെയില്‍ ഫോണ്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അശ്വതിയുടെ കഴുത്തിലും അടുത്തുള്ള മരത്തിലും പൊട്ടിയ കയറിന്റെ കഷണം കണ്ടത് അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയമുണ്ട്. ഫോറന്‍സിക് വിദഗ്ധരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ശിവരാജന് ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് ശശികലാ ശിവശങ്കരന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന ട്രഷറര്‍ പി. പ്രമിതകുമാര്, സുജാരാജന്, സത്യവതിമോഹന്, കടവന്തല ബാലകൃഷ്ണന്, ദാസ്, കുമാരി, ഹരിദാസ്. കെ, വിനോദ്, ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: