ലണ്ടന്‍: ക്രിക്കറ്റ് ലോക കപ്പിന് ഇന്ത്യ വീണ്ടും വേദിയാകുന്നു. 2021ലെ ടെസ്റ്റ് ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യയില്‍ നടക്കും. 2016ലെ ലോക ട്വന്റി20യും ഇന്ത്യയില്‍ നടത്താന്‍ ശനിയാഴ്ച ലണ്ടനില്‍ നടന്ന ഐ.സി.സി വാര്‍ഷിക യോഗം തീരുമാനിച്ചു. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ടെസ്റ്റ് ലോകകപ്പ് യാഥാര്‍ഥ്യമാകുന്നത്.
ടെസ്റ്റ് ചാമ്പ്യന്ഷിപ്പിനായിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ തയ്യാറാക്കി വരുകയാണെന്നും ഇത് ഐസിസി അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്ഡ്സണ് പറഞ്ഞു. 2017 ജൂണ്‍-ജൂലൈയില്‍ ആദ്യ ടെസ്റ്റ് ലോക കപ്പ് ഇംഗ്ലണ്ടില്‍ നടത്താന്‍ ഐ.സി.സി വാര്‍ഷിക യോഗം തീരുമാനിച്ചിട്ടുണ്ട്. അടുത്ത ടെസ്റ്റ് ലോക കപ്പിന് 2021 ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ഇന്ത്യ വേദിയാകും.
1987ലും 2011ലും ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു. 2015ല്‍ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന്റെ അടുത്ത പതിപ്പ് 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കും. നിലവില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോക ട്വന്റി20 2016ന് ശേഷം നാലു വര്‍ഷത്തില്‍ ഒരിക്കലേ ഉണ്ടാകൂ. 2020ല്‍ ഓസ്ട്രേലിയ ആകും ലോക ട്വന്റി20ക്ക് വേദിയാവുക. അടുത്തവര്‍ഷം ബംഗ്ലാദേശില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ തയാറെടുപ്പ് പൂര്‍ത്തിയാകാത്തതില്‍ യോഗം ആശങ്ക അറിയിച്ചു.
ടെസ്റ്റ് ലോകകപ്പിന് അംഗീകാരമായ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫി നിര്‍ത്തലാക്കും. ഒരു ഫോര്‍മാറ്റില്‍ ഒരു ഐ.സി.സി ടൂര്‍ണമെന്റ് മാത്രം മതിയെന്ന തീരുമാനത്തിലാണ് ഐ.സി.സി വാര്‍ഷികയോഗം എത്തിയത്. ഓരോ ടീമും നാലു വര്‍ഷത്തിനിടെ കുറഞ്ഞത് 16 ടെസ്റ്റ് മത്സരങ്ങളെങ്കിലും കളിക്കണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പല രാജ്യങ്ങളും ടെസ്റ്റ് മത്സരങ്ങള്‍ ഒഴിവാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.
ടെസ്റ്റ് ലോകകപ്പിന്റെ വേദി തീരുമാനിച്ചെങ്കിലും മത്സര ഘടന എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുക. ക്രിക്കറ്റ് വാതുവെപ്പിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: