കിംഗ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.3 ഓവറില്‍ 208 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 37.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്താണ് വിജയം കരസ്ഥമാക്കിയത്. ഗെയിലാണ് മാന്‍ ഓഫ് ദി മാച്ച്. ശ്രീലങ്കന്‍ നിരയില്‍ 55 റണ്്രസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസാണ് ടോപ് സ്കോറര്‍. മഹേല ജയവര്‍ദ്ധനെ 52 റണ്‍സെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഉപുല്‍ തരംഗയും ജയവര്‍ധനെയും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 25 റണ്‍സെടുത്ത ഉപുല്‍ തരംഗയെ പുറത്താക്കി ബ്രാവോയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. സ്കോര്‍ 85-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ജയവര്‍ദ്ധനെയും 104-ല്‍ എത്തിയപ്പോള്‍ കുമാര്‍ സംഗക്കാരയും (17) മടങ്ങി. തുടര്‍ന്ന് സ്കോര്‍ 140-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത തിരിമന്നെയും മടങ്ങി. പിന്നീട് ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയ്ക്കാണ് സബീന പാര്‍ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 55 റണ്‍സെടുത്ത നായകന് എയ്ഞ്ചലോ മാത്യൂസിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ലങ്കന്‍ സ്കോര്‍ 200 കടത്തിയത്. മധ്യനിരയും വാലറ്റവുമടക്കം ആറു ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായതോടെ ലങ്കയുടെ യാത്ര 48.3 ഓവറില്‍ 208 റണ്‍സില്‍ അവസാനിച്ചു. വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി നരേയ്ന് നാല് വിക്കറ്റുംരവി രാംപാല്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിയ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഗെയിലും ചാള്‍സും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 115 റണ്‍സാണ് ഇരുവരും കുട്ടിച്ചേര്‍ത്തത്. 29 റണ്‍സെടുത്ത ചാള്‍സ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീടെത്തിയ ബ്രാവോയും ഗെയിലും ചേര്‍ന്ന് സ്കോര്‍ 31 ഓവറില്‍ 181 റണ്‍സിലെത്തിച്ചു. 100 പന്തില്‍ നിന്ന് 9 ബൗണ്ടറിയും 7 സിക്സറുമടക്കം 109 റണ്‍സെടുത്ത ഗെയില്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ 27 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയും മടങ്ങി. തൊട്ടുപിന്നാലെ പൊള്ളാര്‍ഡ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയെങ്കിലും സാമുവല്‍സും (15) ഡ്വെയ്ന്‍ ബ്രാവോയും (8) ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: