1983 ജൂണ്‍ 25… ഇന്ത്യന്‍ ക്രിക്കറ്റ് ലോക ചരിത്രത്തിലിടം നേടിയ ദിനം. ഇന്ത്യക്കാര്‍ ഏകദിന ക്രിക്കറ്റുകളിയില്‍ ലോകത്തെ ഏറ്റവും മിടുക്കന്മാരായ ദിനം, അതെ, ഇന്ത്യ ഏകദിന ക്രിക്കറ്റിലെ ലോകചാമ്പ്യന്മാരായ ദിവസം.
ആ ആദ്യലോകകപ്പ് വിജയത്തിന്റെ മധുരം നുണഞ്ഞതിന്റെ 30-ാം വാര്‍ഷികമാണ് ഇന്ന്. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ‘ചെകുത്താന്മാര്’ വെസ്റ്റിന്‍ഡീസിനെ എറിഞ്ഞു വീഴ്ത്തിയും അതിര്‍ത്തി കടത്തിയുമാണ് ആദ്യ ലോകകിരീടം സ്വന്തമാക്കിയത്. കപിലും കൂട്ടരും ഓടിക്കയറിയത് കളിയുടെ ചരിത്രത്തിലേക്കു മാത്രമായിരുന്നില്ല, ജനകോടികളുടെ കളിഹൃദയങ്ങളിലേക്കുമായിരുന്നു. അങ്ങനെ ഇന്ത്യയില്‍ ക്രിക്കറ്റ് ലഹരിയായി മാറുകയായിരുന്നു.
അതിന് മുന്‍പ് 1975ലും 79ലും ചാമ്പ്യന്മാര് വെസ്റ്റിന്‍ഡീസായിരുന്നു. 1983ലും കിരീടാവകാശിയായി പലരും പ്രവചിച്ചുവാഴിച്ചിരുന്നത് കരീബിയന്ടീമിനെയായിരുന്നു.എന്നാല്‍ കളിക്കളത്തില്‍ കണക്കുകള്‍ തെറ്റിച്ചുകളഞ്ഞു ആ കൊടുങ്കാറ്റ്, അതെ, ‘ഹരിയാന ഹരിക്കെയ്ന്’ എന്ന വിളിപ്പേരുള്ള കപില്‍ദേവ് രാംലാല്‍ നിഖഞ്ജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം. അവര്‍ വീശിയടിച്ച് ലോക ക്രിക്കറ്റിലെ ചക്രവര്ത്തിമാരാവുകയായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും വിലസിയ കപില്‍ ഗ്രൗണ്ടില്‍ വിസ്മയം തീര്‍ക്കുകയായിരുന്നു. ഏകദിന ചരിത്രത്തിലെ 223-ാമത് മത്സരമായിരുന്നു ലണ്ടനിലെ ലോര്‍ഡ്സില്‍ നടന്ന ആ ഫൈനല്‍.
ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയില്‍ വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, സിംബാബ്വേ എന്നിവരായിരുന്നു ഇന്ത്യക്കൊപ്പം കളിച്ചത്. തങ്ങളുടെ ആദ്യമത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ കപിലിന്റെ ചെകുത്താന്മാര് ഗ്രൗണ്ടില്‍നിന്നു കുനിഞ്ഞ ശിരസുമായി ഇറക്കിവിട്ടപ്പോള്‍ ക്രിക്കറ്റ് ലോകം അന്നുവരെ കണ്ടിട്ടില്ലാത്ത വലിയ അട്ടിമറി കണ്ടമ്പരന്നു. 34 റണ്‍സിനായിരുന്നു ഇന്ത്യന്‍ജയം-1983 ജൂണ്‍ ഒമ്പതിന്, ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ രണ്ടാം വിജയമായിരുന്നു അത്; ആദ്യത്തേത് 1975-ല്‍ ഈസ്റ്റ് ആഫ്രിക്കക്കെതിരെയായിരുന്നു.
വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ചിട്ടും ആരും ഇന്ത്യയെ കണക്കിലെടുത്തില്ല. ഈ കുട്ടികളാരാണു കിരീടം തീണ്ടാനെന്നായിരുന്നു ഭാവം. അടുത്ത മത്സരത്തില്‍ ഇന്ത്യ സിംബാബ്വെയെ അഞ്ച് വിക്കറ്റ് കീഴടക്കി. തൊട്ടു പിന്നാലേ, കരുത്തരായ ഓസ്ട്രേലിയയോട് 162 റണ്‍സിന്റെ ദയനീയ പരാജയം നേരിട്ടതോടെ ഇന്ത്യയെ പലരും അവഗണിച്ചു. പക്ഷേ, തൊട്ടുപിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം മത്സരത്തില്‍ 66 റണ്‍സിന് പരാജയപ്പെട്ടതോടെ ആദ്യ വിജയം വെറും ഫ്ലൂക്ക് മാത്രമായിരുന്നെന്ന് വിലയിരുത്തി എല്ലാവരും ഇന്ത്യയെ എഴുതിത്തള്ളി.
കളിയുടെ ബൗണ്ടറിയില്‍നിന്ന് ഗ്യാലറിയേക്കു മടങ്ങുമെന്നു കരുതിയവര്‍ കരുത്തോടെ കളിക്കളത്തിയെത്തിയത് അങ്ങനെയായിരുന്നു; അടുത്ത മത്സരത്തില്‍ സിംബാബ്വെക്കെതിരെ.
1983 ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ ടണ്‍ബ്രിഡ്ജ് വെല്‍സിലായിരുന്നു ഈ മത്സരം. അത് ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെയും ഇന്ത്യയില്‍ ക്രിക്കറ്റിന്റെയും തലവര മാറ്റി. ഈ വിജയത്തോടെയാണ് ഇന്ത്യയുടെ ആദ്യ ലോകകിരീത്തിലേക്കുള്ള കുതിപ്പ് യഥാര്‍ഥത്തില്‍ ആരംഭിച്ചത്. സിംബാബ്വേക്കെതിരായ മത്സരത്തില്‍ ഇന്ത്യന്ബാറ്റിംഗ്നിര തകര്‍ന്നടിഞ്ഞപ്പോള്‍ കപില്‍ദേവ് നടത്തി ബാറ്റിംഗ് വിസ്ഫോടനം ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഇന്നിംഗ്സുകളിലൊന്നാണ് . ഓപ്പണര്‍മാരായ ശ്രീകാന്തിനെയും ഗാവസ്കറെയും പൂജ്യത്തിന് നഷ്ടമായശേഷം അഞ്ച് വിക്കറ്റിന് 17 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് കപില്‍ ക്രീസിലെത്തുന്നത്. പിന്നീട് നടന്നതെല്ലാം അവിശ്വസനീയം. റോജര്‍ബിന്നിയെ ഒപ്പം നിര്‍ത്തി ആറാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 77ലും 78ലും നില്‍ക്കേ ബിന്നിയും രവിശാസ്ത്രിയും (1) പുറത്തേക്ക്. പിന്നീട് 17 റണ്‍സെടുത്ത മദന്ലാലുമെത്ത് സ്കോര്‍ 140-ല്‍ എത്തിച്ചു. ഒടുവില്‍ കിര്‍മാനിയെ സാക്ഷിയാക്കി കപില്‍ തകര്‍ത്താടി. ഒന്‍പതാം വിക്കറ്റില്‍ 126 റണ്‍സാണ് കപിലും കിര്‍മാനിയും കൂടി അടിച്ചുകൂട്ടിയത്. കിര്‍മാനിയുടെ സംഭാവന 24 റണ്‍സ് മാത്രം. ഒമ്പതാം വിക്കറ്റില്‍ കപിലും കിര്‍മാനിയും ചേര്‍ന്ന് സൃഷ്ടിച്ച റെക്കോഡ് 27 വര്‍ഷം നീണ്ടുനിന്നു. 138 പന്തില്‍ 175 റണ്‍സാണ് കപിലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 16 ബൗണ്ടറികളും 6 സിക്റസറുകളും ഈ തകര്‍പ്പന്‍ ഇന്നിംഗ്സിന് അകമ്പടിയേകി. സ്കോര്‍ 172 ലെത്തിയപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗതസ്കോര്‍ എന്ന റെക്കോഡ് കപിലിന്റെ പേരിലായി. ന്യൊാസെലന്ഡിന്റെ ഗ്ലെന്‍ ടര്‍ണറുടെ പേരിലുണ്ടായിരുന്ന 171 റണ്‍സ് എന്ന റെക്കോഡാണ് കപില്‍ തിരുത്തിയത്. കപിലിന്റെ മാസ്മരിക പ്രകടനത്തിന്റെ കരുത്തില്‍ ഇന്നിങ്ങ്സ് അവസാനിക്കുമ്പോള്‍ 60 ഓവറില്‍ ഒമ്പത് വിക്കറ്റിന് 266 റണ്‍സ് ആയിരുന്നു ഇന്ത്യന്‍ സ്കോര്‍. പിന്നീട് സിംബാബ്വെ 235 റണ്‍സിന് പുറത്താവുകയും ഇന്ത്യ 31 റണ്‍സിന് വിജയിക്കുകയും ചെയ്തു. ഈ വിജയമാണ് ഇന്ത്യന്‍ ക്രിക്കറ്റിന് മുന്നോട്ടുള്ള വഴി തുറന്നത്.
ഏകദിന ക്രിക്കറ്റില്‍ 3377 മത്സരങ്ങള്‍ പിന്നിട്ടിട്ടും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായാണ് ഇന്നും കപിലിന്റെ ഈ പ്രകടനത്തെ വിലയിരുത്തപ്പെടുന്നത്. ഈ വിജയം നല്കിയ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യന്‍ ടീം അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയയയെ 118 റണ്‍സിന് പരാജയപ്പെടുത്തി സെമിയിലേക്ക് കുതിച്ചു. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ 55.5 ഓവറില്‍ 247റണ്‍സിന് ഓള് ഔട്ടായപ്പോള്‍ ഒാസ്ട്രേലിയയെ 38.2 ഓവറില്‍ വെറും 129 റണ്‍സിന് ചുരുട്ടിക്കെട്ടി. ഇതോടെ വെസ്റ്റിന്‍ഡീസിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ കടന്നത്.
സെമിയില്‍ ഇന്ത്യയെ ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 213 റണ്‍സിന് എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കപില്‍ദേവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ റോജര്‍ ബിന്നിയും മൊഹിന്ദര്‍ അമര്‍നാഥും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കശാപ്പുചെയ്തത്. മറുപടിബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അമര്‍നാഥിന്റെയും (46), യശ്പാല്‍ ശര്‍മ്മയുടെയും (61), സന്ദീപ് പാട്ടീലിന്റെയും (51 നോട്ടൗട്ട്) കരുത്തില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നതോടെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ സ്ഥാനം പിടിച്ചു. ഫൈനലില്‍ ഇന്ത്യക്ക് എതിരാളികള്‍ വെസ്റ്റിന്‍ഡീസ്. ആ ലോകകപ്പില്‍ മൂന്നാംതവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് കീഴടക്കിയാണ് വെസ്റ്റിന്‍ഡീസ് തുടര്‍ച്ചയായ മൂന്നാം ഫൈനലിനെത്തിയത്. ഇത്തവണയും ആരാധകരും കളിവിദഗ്ദ്ധരും ഉറപ്പിച്ചു, വെസ്റ്റിന്‍ഡീസിന് ഹാട്രിക് കീരീടം എന്ന്.
ബാറ്റിങ്ങ്നിരയില്‍ ഗ്രീനിഡ്ജ്, ഹെയ്ന്‍സ്, വിവിയന്‍ റിച്ചാര്‍ഡ്സ്, ക്ലൈവ് ലോയ്ഡ്, ലാറി ഗോമസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍. ബൗളിംഗിലാണെങ്കിലോ ലോകത്തെ ഏറ്റവും വേഗതയേറിയതാരങ്ങളും. മാല്‍ക്കം മാര്‍ഷല്‍, ജോയല്‍ ഗാര്‍നര്‍, ആന്റി റോബര്‍ട്ട്സ്, മൈക്കല്‍ ഹോള്‍ഡിംഗ് തുടങ്ങിയവരും. എന്നാല്‍ ഇന്ത്യ ആദ്യം ബാറ്റ്ചെയ്യുകയും 183 റണ്‍സിന് ഓള് ഔട്ടാവുകയും ചെയ്തതോടെ വിന്‍ഡീസ് കിരീടം ഉറപ്പിച്ചു. എന്നാല്‍ കപിലിന്റെ ചെകുത്താന്മാര് ഫീല്ഡിംലിറങ്ങിയത് ജയിച്ചേ മതിയാവൂ എന്ന തീരുമാനത്തിലായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ വെസ്റ്റിന്‍ഡീസിനെ പ്രതിരോധത്തിലാക്കി. അതില്‍ തന്നെ മദന്‍ലാലിന്റെ പന്തില്‍ വിവിയന്‍ റിച്ചാര്‍ഡ്സിനെ കപില്‍ദേവ് പിടികൂടിയത് അവിസ്മരണീയ മുഹൂര്‍ത്തമായി. മദന്‍ലാലിനെ ഉയര്‍ത്തിയടിച്ച റിച്ചാര്‍ഡ്സിനെ കപില്‍ദേവ് പിടികൂടിയത് 20 വാര പിറകോട്ട് ഓടിയാണ്. ഈ ക്യാച്ചാണ് മത്സരത്തിലെ വഴിത്തിരിവായത്. ഒപ്പം മദല്ലാലിന്റെയും അമര്‍നാഥിന്റെയും ഉജ്ജ്വലമായ ബൗളിംഗും ഇന്ത്യക്ക് തുണയായി. 7 ഒാവറില്‍ വെറും 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അമര്‍നാഥ് പിഴുതത്. മദന്‍ലാലും മൂന്നെണ്ണം സ്വന്തമാക്കി. ഇതോടെ വിന്‍ഡീസ് ഇന്നിംഗ്സ് 52 ഓവറില്‍ 140 റണ്‍സിന് അവസാനിച്ചു. ബാറ്റിംഗിലും മികച്ചപ്രകടനം നടത്തിയ മൊഹീന്ദര്‍ അമര്‍നാഥ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചുമായി. തീര്‍ത്തു അത്ഭുതകരമായ പ്രകടനം തന്നെയായിരുന്നു ഇന്ത്യന്‍ ടീം ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സില്‍ പുറത്തെടുത്തത്. ഈ ചരിത്രത്തിന്റെ നേട്ടത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യയില്‍ ക്രിക്കറ്റിന് ജനസമ്മതിയേറിയതും.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: