കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കാനുള്ള മുസ്ലിംലീഗിന്റെ അജണ്ടയുടെ ഭാഗമാണ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കാനുള്ള നീക്കമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് അഭിപ്രായപ്പെട്ടു. കോഴിക്കോട് നലാന്റ ഓഡിറ്റോറിയത്തില്‍ നടന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണവും ബിജെപി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും ദേശീയ ഉദ്ഗ്രഥനത്തെ ചോദ്യം ചെയ്യുന്നതുമാണ് ഈ ഉത്തരവ്.
1976ല്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് വിവാഹ പ്രായം പുരുഷന് 21, സ്ത്രീക്ക് 18 ആണ്. ഈ നിയമത്തിലെ അപാകതകള്‍ പരിഹരിക്കാനാണ് 2006ല്‍ ശൈശവ വിവാഹനിരോധനനനിയമം കൊണ്ടു വന്നത്. ഈ നിയമങ്ങളെല്ലാം ലംഘിക്കുന്നതാണ് പുതിയ ഉത്തരവ്. 18 വയസ്സിന് മുമ്പെ വിവാഹിതരായവരുടെ വിവാഹത്തിനു നിയമസാധുത നല്‍കാനാണ് സര്‍ക്കുലര്‍ ഇറക്കുന്നതെന്നാണ് തദ്ദേശഭരണ വകുപ്പ് പറയുന്നത്. ഇത് സാധാരണക്കാരെ പറ്റിക്കാന്‍ വേണ്ടിയാണ്. നിയമം അറിയുന്നവര്‍ക്ക് ഇത് വിശ്വസിക്കാനാവില്ല. സാമൂഹ്യവ്യവസ്ഥയില്‍ ഒരേ നീതിയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ രണ്ട് തരം നീതിയും നിയമവും നടപ്പാക്കാനാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മുസ്ലിംലീഗ് ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നന്നും മൂന്നു പേരെ പുറത്താക്കിയത് അവരെ മറയാക്കി സ്വയം രക്ഷപ്പെടാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസില്‍ ആര്‍ക്കും എപ്പോഴും ഫോണ്‍ ചെയ്യാമെന്നാണ് ഉമ്മന്‍ചാണ്ടി ഇതുവരെ പറഞ്ഞിരുന്നത്. ഫോണ്‍ ചെയ്തതിന്റെ പേരിലാണ് ഓഫിസിലെ ജീവനക്കാരനെ പുറത്താക്കിയത്. ഫോണ്‍ ചെയ്യുന്നതിനെ അനുകൂലിക്കുന്ന മുഖ്യമന്ത്രി എന്തിന് അയാളെ പുറത്താക്കണം? അപ്പോള്‍ അവിടെ എന്തോ നിയമ വിരുദ്ധമായി നടന്നിട്ടുണ്ട്. സംസ്ഥാനത്ത് സൗരോര്‍ജ്ജനയം നടപ്പാക്കുന്നതിലൂടെ ആയിരക്കണക്കിനു കോടി രൂപയുടെ തട്ടിപ്പാണ് ലക്ഷ്യം വച്ചത്. അത് പൊളിഞ്ഞു. തട്ടിപ്പുകാരുടെ മാത്രമല്ല, സ്ത്രീപീഡകരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി.
ജനങ്ങളോട് അല്പം പോലും പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ കുടുങ്ങിയ ശിവഗിരി മഠത്തിലെ സന്യാസിമാര്‍ അടക്കമുള്ള മലയാളികളെ രക്ഷപ്പെടുത്താന്‍ കഴിയാത്ത സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ സംരക്ഷണം എങ്ങനെയാണ് ഏറ്റെടുക്കുക. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഡെറാഡൂണില്‍ ക്യാമ്പ് ചെയ്ത് 15,000 ഗുജറാത്തികളെ നാട്ടില്‍ എത്തിക്കുകയാണ് ചെയ്തത്
ഇന്ദിര ആവാസ് യോജന പദ്ധതിയുടെ ആനുകൂല്യം 47 ശതമാനം നീക്കിവെച്ചിരിക്കുന്നത് ന്യൂനപക്ഷ സമുദായത്തിനാണ്. 45 ശതമാനം മാത്രമാണ് പട്ടികവര്‍ഗ വിഭാഗത്തിനുള്ളത്. പട്ടികവര്‍ഗത്തേക്കാള്‍ ജീവിത സാഹചര്യം കുറഞ്ഞത് മുസ്ലിം സമുദായം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കാണെന്ന് സച്ചാര്‍ കമ്മിഷനോ, പാലോളി കമ്മിഷനോ വെളിപ്പെടുത്തിയിട്ടില്ലെന്നിരിക്കെ ന്യൂനപക്ഷ പ്രീണനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുരളീധരന് പറഞ്ഞു.
ബിജെപി ജില്ലാപ്രസിഡന്റ് പി. രഘുനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന് മാസ്റ്റര്‍, സെക്രട്ടറി വി.വി. രാജന്, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ചന്ദ്രിക ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: