തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 72 ശതമാനവും ലക്ഷദ്വീപില്‍ 11 ശതമാനത്തിന്റെയും വര്‍ധനവ്. അതേസമയം മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 45 ആയി. കൃഷി നശിച്ചും വീടു തകര്‍ന്നും 61.10 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. അതിനിടെ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ഇന്നലെ മാത്രം മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ രണ്ടും കോട്ടയും ജില്ലയില്‍ ഒരാളുമാണ് മരിച്ചത്. 4666.77 ഹെക്ടറിലെ കൃഷി നശിച്ചു. ഇതില്‍ 36.56 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 175 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. രണ്ട് കോടി രൂപയുടെ നാശനഷ്ടമുണ്ടായി. 3,293 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അഞ്ച് കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് പുതുതായി രണ്ട് ക്യാമ്പുകള്‍ കൂടി തുറന്നിട്ടുണ്ട്.
ചീറയിന്‍കീഴ് താലൂക്കിലെ അഞ്ച് തെങ്ങ്, വെട്ടൂര്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. 320 പേരെയാണ് പുതുതായി ആരംഭിച്ച ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 123 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും അധികം ആലപ്പുഴ ജില്ലയിലാണ്. 27,400 പേര് വിവിധ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്. തെക്കന്‍ ചൈനാ കടലില്‍ രൂപപ്പെട്ട ബെബിന്‍ക ചുഴലിക്കാറ്റ് സംസ്ഥാനത്ത് മഴയെ ശക്തിപ്പെടുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലിയരുത്തല്‍. തെക്കന്‍ ചൈനാ കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് മണ്‍സൂണ്‍ കാറ്റിനെ ശക്തിപ്പെടുത്തുന്നുണ്ട്. ഒറീസാ തീരത്ത് ന്യൂനമര്‍ദ സാധ്യത ശക്തിപ്പെട്ടാലും കേരളത്തില്‍ മഴകൂടും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ 114 ശതമാനം വര്‍ധനവുണ്ടായി.1025.5 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. സാധാരണഗതിയില്‍479.7 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിക്കേണ്ടത്. ഏറ്റവും കുറവ് മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 357 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ വര്‍ധനയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ 13 ജില്ലകളിലൂം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച അമ്പത് ശതമാനത്തില്‍ അധികം അധികമഴ ലഭിച്ചു. ആലപ്പുഴ (68), എറണാകുളം (84), ഇടുക്കി (93), കാസര്‍കോട് (63), കൊല്ലം (70), കോട്ടയം (68), കോഴിക്കോട് (75), മലപ്പുറം (77), പാലക്കാട് (69), തിരുവനന്തപുരം (71), തൃശൂര്‍ (69), വയനാട് (50) ശതമാനവും അധിക മഴ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: