ഹോങ്കോങ്: അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട യു.എസ് മുന്‍ ഇന്റലിജന്‍സ് ടെക്നീഷ്യനായ എഡ്വേര്‍ഡ് സ്നോഡന് മൂന്നാം തവണയും അഭയസ്ഥാനം മാറി.
ഇതുവരെ ഹോങ്കോങിലായിരുന്ന സ്നോഡന് മോസ്കോയിലേക്കാണ് പോയതെന്ന് സൗത്ത് ചൈന മോണിഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം സ്നോഡനെതിരെ അമേരിക്ക ചാരവൃത്തിക്കുറ്റം ചുമത്തിയിരുന്നു.
സ്നോഡനെ വിട്ടുകിട്ടാന്‍ അമേരിക്ക ശ്രമം തുടങ്ങാനിരിക്കെയാണ് മോസ്കോയിലേക്ക് അദ്ദേഹം പോയത്. അതിനിടെ ചൈനയിലെ ഏറ്റവും ഉന്നത യൂണിവേഴ്സിറ്റകളിലൊന്നായ സിംഗ്ഹുവാ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്ക ശ്രമം നടത്തിയിരുന്നതായുള്ള പുതിയ വെളിപ്പെടുത്തലും സ്നോഡന് പത്രത്തോട് നടത്തിയിട്ടുണ്ട്.
ചൈനയുടെ ഗവേഷണ പരിപാടികള്‍ ചോര്‍ത്താന്‍ ഏറ്റവും ഒടുവില്‍ അമേരിക്ക ശ്രമിച്ചത് ഈ വര്‍ഷം ജനുവരിയില്‍ ആണെന്നും സ്നോഡന് പറഞ്ഞിട്ടുണ്ട്. അതേസമയം മോസ്കോ അദ്ദേഹത്തിന്റെ അവസാന അഭയകേന്ദ്രമല്ലെന്നും പത്രം പറയുന്നു.
ഐസ്ലാന്ഡിലോ ഇക്വഡോറിലോ ആയിരിക്കും സ്നോഡന് അന്തിമാഭയം തേടുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സ്നോഡനെ പോകാന്‍ അനുവദിച്ചതിനെ ഹോങ്കോങ് ന്യായീകരിച്ചു. സ്നോഡെ വിട്ടുകിട്ടാനുള്ള അമേരിക്കയുടെ ആവശ്യം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹോങ്കോങ് സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: