കൊച്ചി: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം 16 വയസു കഴിഞ്ഞാണെങ്കില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം താലിബാനിസം നടപ്പാക്കാനുള്ള മുസ്ലിം ലീഡിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ഇതു കേവലം നിയമപ്രശ്നമല്ല. രാഷ്ട്രീയപ്രശ്നമാണ്. അതിനാല്‍ ബിജെപി ഈ നീക്കത്തെ രാഷ്്ട്രീയമായും നിയമപരമായും നേരിടും.
ശൈശവ വിവാഹനിയത്തിന്റെ നഗ്നമായ ലംഘനമാണിത്. ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. മതത്തിന്റെ മറ പടിച്ച് മുസ്ലിം ലീഗിന്റെ സ്വാര്തഥാല്പ്പര്യങ്ങള് സംരക്ഷിക്കാനാണ് ഈ ഉത്തരവ്. ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കലാണിത്. മുസ്ലിം സമൂഹത്തിലെ പുരോഗമനവാദികള്‍ മുസ്ലിം സ്ത്രീസമൂഹത്തിനെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരേ ശ്ക്തമായി പ്രതികരിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിലെ പ്രകൃതിദുരന്തത്തില്‍ അകപ്പെട്ട പ്രമുഖ സന്യാസിമാരടക്കമുള്ള മലയാളികളെ രക്ഷപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ വലിയ ഉദാസീനത കാട്ടിയെന്നും അടിയന്തരമായി ഇടപെടുന്നതില്‍ വീഴ്ച വരുത്തിയെന്നും ബിജെപി പ്രസിഡന്റ് ആരോപിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ തുടങ്ങിയവരടക്കമുള്ളവര്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരടക്കമുള്ളവരോടു നേരിട്ടു സഹായമഭ്യര്‍ഥിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കേരളത്തിലെ സന്യാസിമാര്‍ അടക്കമുള്ള തീര്‍ഥാടകരെ രക്ഷിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി കേന്ദ്ര ആഭ്യന്തരമന്ത്രിയോടു നേരിട്ടാവശ്യപ്പെട്ടിട്ടും ഫലമില്ല. ലോകസഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ വലിയ വീഴ്ചയാണ് ഇക്കാര്യത്തില്‍ വരുത്തിയത്. എട്ടു കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടും ഇവിടുത്തെ സന്യാസിമാരുടെ അഭ്യര്‍ഥന പരിഗണിക്കപ്പെട്ടില്ല എന്നതു ഗൗരവതരമാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ദുരന്തസ്ഥലം നേരിട്ടു സന്ദര്‍ശിച്ചാണ് ആ സംസ്ഥാനക്കാരെ നാട്ടിലെത്തിച്ചത്. കേരളത്തില്‍ നിന്ന് മന്ത്രിതല സംഘത്തെ ഉടന്‍ ഉത്തരഖണ്ഡിലേക്ക് അയയ്ക്കണമെന്നു മുരളീധരന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഉമ്മന്‍ചാണ്ടിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അതുകൊണ്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു, സി.ജി. രാജഗോപാല്‍ എന്നിവരും മുരളീധരനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: