പന്തളം: സോളാര്‍ പാനല്‍ തട്ടിപ്പിലെ വിവാദനായിക സരിത എസ്. നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും നിരവധി തവണ സെക്രട്ടറിയേറ്റിലും പോയിരുന്നെന്ന് ആറു മാസത്തോളം സരിതയുടെ ഡ്രൈവറായിരുന്ന പന്തളം സ്വദേശി ശ്രീജിത്തിന്റെ വെളുപ്പെടുത്തല്‍. ജനുവരി മുതല്‍ മെയ് അവസാനം വരെ സരിതയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഹ്യുണ്ടായി ഐ10 കാറിന്റെ ഡ്രൈവറായിരുന്നു ശ്രീജിത്ത്. സരിതയെ അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ഡ്രൈവര്‍ ജോലി ഉപേക്ഷിക്കുകയായിരുന്നെന്നും ശ്രീജിത്ത് പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ പോയിട്ടുള്ളപ്പോള്‍ മുഖ്യമന്തിയുടെ പിഎ ആയിരുന്ന ജോപ്പന് വെളിയില്‍ വന്ന് കാറില്‍ കയറും. അന്നേരം തന്നോടു മാറി നില്ക്കുവാന് പറഞ്ഞിട്ടായിരുന്നു ഇവരുടെ സംഭാഷണങ്ങളെല്ലാം. അതിനാല്‍ ഇവര്‍ തമ്മിലുള്ള സംഭാഷണം എന്തായിരുന്നെന്ന് തനിക്കറിയില്ല. മുന്‍ മന്ത്രി ഗണേഷ് കുമാറിനെതിരെ സരിതയും അമ്മ ഇന്ദിരയും തന്നെക്കൊണ്ട് പി.സി. ജോര്‍ജിനോട് നിര്‍ബ്ബന്ധിച്ചു പറയിച്ചതാണ്.
സരിതയുമായി പുനലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും താന്‍ ഒരിക്കല്‍പ്പോലും അവരെ ഗണേഷ്കുമാറിന്റെ വീട്ടില്‍ കൊണ്ടുപോയിട്ടില്ല. സരിതയുമായി ഒരിക്കല്‍ ചങ്ങനാശ്ശേരിയില്‍ ശാലുമേനോന്റെ വീട്ടില്‍ പോയിരുന്നു. ബിജുവിന് ശാലുമേനോനുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാനാണ് പോയത്. അവിടെ ചെന്നതിനു ശേഷം ബിജു സരിതയെ ഫോണ്‍ ചെയ്തിരുന്നു. അത് സരിത മൊബെയില്‍ ഫോണ്‍ സ്പീക്കര്‍ ഓണ്ചെയ്താണ് സംസാരിച്ചത്. ബിജുവിന് ശാലുമേനോനുമായി ബന്ധമുണ്ടെന്ന് ഇരുവരുടെയും സംഭാഷണങ്ങളില്‍ നിന്നും മനസ്സിലായി. സരിതയ്ക്ക് ബിജുവിനെ ഒഴിവാക്കണമെന്ന് താത്പര്യമുണ്ടായിരുന്നു. സരിതയുടെ തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. പലരും സോളാര്‍ പാനലിന്റെ കാര്യം സരിതയുമായി സംസാരിക്കുമായിരുന്നു. പിന്നീട് ആള്ക്കാര് വിളിക്കുമ്പോള്‍ ഫോണ്‍ തന്നെ ഏല്പിച്ച് പണം ഉടന്‍ തരാം എന്നു പറയിക്കുമായിരുന്നു. ഇതോടെ സംശയം തോന്നിയ താന്‍ ഇതൊന്നും ശരിയല്ലെന്ന് സരിതയോടു പറഞ്ഞു. ശ്രീജിത്ത് സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നാണ് സരിത മറുപടി പറഞ്ഞത്.
സരിതയ്ക്ക് ഡ്രൈവറെ ആവശ്യമുണ്ടെന്ന് പന്തളം സ്വദേശിയും ഇപ്പോള്‍ വിദേശത്തു ജോലി ചെയ്യുന്നതുമായ സുനില്‍ പറഞ്ഞതിന് പ്രകാരമാണ് ശ്രീജിത്ത് സരിതയുടെ ഡ്രൈവറായി 2013 ജനുവരി മുതല്‍ ജോലിക്കു കയറുന്നത്. അന്ന് എറണാകുളത്ത് താമസിച്ചിരുന്ന സരിതയുമായി തിരുവനന്തപുരത്തേക്കും തിരിച്ചുമായിരുന്നു യാത്ര കൂടുതലും. പിന്നീട് മൂന്നു മാസങ്ങള്‍ക്കു ശേഷം തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലേക്ക് സരിത താമസം മാറുകയായിരുന്നു. സരിതയും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെങ്കിലും സരിതയാണ് കൂടുതല്‍ കുറ്റക്കാരി. അവരുടെ വഴിവിട്ട പോക്കുകാരണമാണ് താന്‍ ജോലി ഉപേക്ഷിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു.
കെ.എ. ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: