തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കുട പിടിക്കുന്ന നിലപാടാണ് സ്പീക്കറുടേതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കുറ്റപ്പെടുത്തി. നിഷ്പക്ഷനായി പ്രവര്‍ത്തിക്കേണ്ട സ്പീക്കര്‍ ഇത്തരത്തില്‍ പെരുമാറുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ പിരിഞ്ഞ ശേഷം സഭാകവാടത്തില്‍ നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇന്ന് സഭയ്ക്ക് പുറത്താണ് പ്രതിഷേധമെങ്കില്‍ നാളെ സഭയ്ക്ക് അകത്തും പ്രതിഷേധം തുടരുമെന്ന് വി.എസ് വ്യക്തമാക്കി. തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ഭാര്യയെ കൊന്ന കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനെ ഉമ്മന്‍ചാണ്ടി തോളിലേറ്റി നടക്കുകയാണ്.
സോളാര്‍ ഇടപാടില്‍ നടന്നത് കോടികളുടെ കുംഭകോണമാണ്. അങ്ങനെയുള്ള ഒരു കേസിലെ പ്രതിയായ സരിതാ നായരുമായി മുഖ്യമന്ത്രി ദല്‍ഹി വിജ്ഞാന് ഭവനിലും മറ്റും കൂടിക്കാഴ്ച നടത്തി. സാമ്പത്തികമായ കാര്യമാണോ മറ്റെന്തെങ്കിലും കാര്യമാണോ സംസാരിച്ചതെന്ന് അറിയില്ല. സരിത എസ്.നായരുടെ കൈയില്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്നാണ് പറയപ്പെടുന്നത്.
സോളാര്‍ അഴിമതി കേസില്‍ വരും ദിവസങ്ങളിലും പ്രക്ഷോഭം തുടരുമെന്നും വി.എസ് പറഞ്ഞു. സോളാര്‍ വിഷയത്തില്‍ കേന്ദ്ര മന്ത്രി എ.കെ.ആന്റണി മിണ്ടാതിരിക്കുന്നത് ശരിയല്ല. ഇന്ത്യയിലെ ജനങ്ങള്‍ മാന്യനായി കാണുന്ന വ്യക്തിയാണ് ആന്റണി. അങ്ങനെയുള്ള ആന്റണി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വി.എസ്.ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ കൊള്ളയടിക്കുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: