കൊച്ചി: പോയവര്‍ഷം കൊച്ചിയില്‍ നടന്ന എമെര്‍ജിംഗ് കേരളക്കുശേഷം മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഉപജാപകസംഘംങ്ങള് സജീവമാണെന്ന് ആക്ഷേപം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നിക്ഷേപപദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന്റെ പേരില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവരും ബിനാമികളെന്ന് സംശയിക്കുന്ന ചിലരും സാമ്പത്തിക ഇടപാടുകള്‍ നടത്തിവരുന്നതായും സൂചനയുണ്ട്. നിക്ഷേപകസംഗമത്തിലെ ഒരു പദ്ധതിക്ക് അനുമതി നല്‍കാനെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ഒാഫീസ് മറയാക്കി ഒരു കോടി രൂപ ഒരാള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണ്.
എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട വിവിധ നിക്ഷേപപദ്ധതികള്‍ക്ക് അനുമതി നല്കാന് 15 ശതമാനം വരെ കമ്മീഷന് ഉറപ്പിച്ച് പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ചിലര്‍ പണം സമ്പാദിച്ചതായി വിവരം ലഭിച്ചിരുന്നു. ആരോഗം, വ്യവസായം, ടൂറിസം തുടങ്ങിയ പദ്ധതികള്‍ക്കും വഴിവിട്ട് അനുമതി ലഭ്യമാക്കുവാന്‍ മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉപജാപകസംഘം നീക്കങ്ങള്‍ നടത്തിവരുന്നതായും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന എക്സൈസ് തുറമുഖ വകുപ്പുമന്ത്രി കെ. ബാബുവിന്റെ തൃപ്പൂണിത്തുറയിലെയും തിരുവനന്തപുരത്തെയും ഒാരോ സ്റ്റാഫ് അംഗങ്ങളെ ജോലിയില്‍നിന്ന് കുറച്ചുമാസം മുമ്പ് നീക്കംചെയ്തിരുന്നു. മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ഒരു സന്തതസഹചാരിയുടെ നീക്കത്തെത്തുടര്‍ന്നാണ് ഇരുവരും പുറത്തായതെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നത്. ഇപ്പോള്‍ മന്ത്രിക്കെതിരായി പോലും ഇയാള്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടോ എന്ന സംശയവും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇയാള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും 11 ലക്ഷം വിലമതിക്കുന്ന കാര്‍ സ്വന്തമാക്കിയതും ചര്‍ച്ചയായിട്ടുണ്ട്.
മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ ഓഫീസ് കേന്ദ്രീകരിച്ച് ബിനാമികളും ഉപജാപകസംഘങ്ങളും സജീവമായിട്ടുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. പല പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മന്ത്രിമാരുടെ ചില ബന്ധുക്കളും പെട്ടെന്ന് സമ്പന്നന്മാരായതിന്റെ ചില സൂചനകളും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും സ്വത്തുവിവരവും മറ്റും ലഭ്യമാക്കാനാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിപോലും നല്കുവാന് മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. ലോകായുക്ത ആക്ട് പ്രകാരം സ്വത്തുവിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സമര്‍പ്പിക്കണമെന്ന് നിയമവ്യവസ്ഥയുണ്ട്. ഇതും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന.
പാര്‍ട്ടിയുടെ പോലും അറിവോ അനുവാദമോ ഇല്ലാതെ അജ്ഞാതരായ പലരും മന്ത്രിമാരുടെ ഓഫീസില്‍ കടന്നുകയറി കാര്യങ്ങള്‍ നിയന്ത്രിക്കുന്നതായി വരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സുതാര്യമല്ലാത്ത പല ഇടപാടുകള്‍ക്കും വഴിവെക്കുന്നത് ഇവരുടെ ഇടപെടലുകളാണെന്നാണ് ആക്ഷേപം. ഡോക്ടര്‍മാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ അടുത്തിടെയാണ് ആരോപണമുയര്‍ന്നത്. ‘വര്‍ക്ക് അറേഞ്ച്മെന്റ്’ എന്ന പേരില്‍ ഡോക്ടര്‍മാരെ സ്ഥലംമാറ്റി ചിലര്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയെന്നാണ് ആരോപണം. വഴിവിട്ട പല ഇടപാടുകള്‍ക്കും പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ ഒത്താശ ചെയ്യുന്നുണ്ടെന്നുതന്നെയാണ് നിരവധി സംഭവങ്ങള്‍ തെളിയിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: