കുവൈറ്റ് സിറ്റി: കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടനാ കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ഭേദഗതിയില്‍ വീഴ്ച്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. കുവൈറ്റ് അമീറിന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം ഇലക്ഷന് ഭേദഗതി മാറ്റണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം കോടതി തള്ളി. 2006ലെ തെരഞ്ഞെടുപ്പ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന കുവൈറ്റ് അമീര്‍, വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഒന്നായി കുറച്ചിരുന്നു. ഭരണഘടനയിലെ ഏറ്റവും വിവാദമായ വകുപ്പ് ഉപയോഗിച്ചായിരുന്നു അമീറിന്റെ ഈ തീരുമാനം. അടിയന്തര ഘട്ടങ്ങളില്‍ അമീറിന് നിയമങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുന്നതിനുള്ള അധികാരമാണ് ഇതിലൂടെ വന്നുചേര്‍ന്നത്.
നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഭേദഗതിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുകയും ചെയ്തു. പുതിയ തെരഞ്ഞെടുപ്പ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ അനുകൂല പാര്‍ലിമെന്റ് സ്ഥാപിക്കാനാണ് നീക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണം. കൂടാതെ പൊതജന അഭിപ്രായം തേടാതെയായിരുന്നു തെരഞ്ഞെടുപ്പ് ഭേദഗതിയെന്നും അവര്‍ ആരോപിച്ചിരുന്നു.
കുവൈറ്റ് അമീറിന്റെ നിര്‍ദ്ദേശാനുസരണം നിലവില്‍ വന്ന ഇലക്ഷന് ഭേദഗതിയിലൂടെ ഓരോ മണ്ഡലത്തിലും പൗരന്മാരുടെ വോട്ടുകള്‍ നാലില്‍ നിന്നും ഒന്നായി നിജപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: