ടെഹ്റാന്: ഇറാന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടി ഒന്നാംസ്ഥാനത്തെത്തിയ ഹസന് റുഹാനിയില് പ്രതീക്ഷയര്‍പ്പിക്കുകയാണ് അന്താരാഷ്ട്രസമൂഹം. ആണവനയങ്ങളില്‍ മറ്റ് രാജ്യങ്ങളുമായി യോജിച്ച് പോകുന്ന തരത്തിലുള്ള നയമായിരിക്കും റുഹാനി സ്വീകരിക്കുന്നതെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്.
യൂറോപ്യന്‍, അമേരിക്കന്‍ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടുളള ഇറാനിലെ അധികാരകൈമാറ്റം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.അന്തര്‍ദേശീയ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന ചിന്താഗതിക്കാരനാണ് പരിഷ്ക്കരണവാദികളടെ പിന്തുുണയുള്ള 65കാരനായ ഹസന് റുഹാനി.
ഇറാനോട് കര്‍ക്കശ നിലപാട് പുലര്‍ത്തിയിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ റുഹാനിയുടെ വിജയത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഗള്‍ഫ് മേഖലയുടെ നന്മയ്ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ് തങ്ങളുടെ ശ്രമമെന്ന് യുഎഇ പ്രസിഡന്റ് ഷേക്ക് ഖാലിഫ സെയ്ദ് അല്‍ നഹ്യാന് റുബാനിക്കയച്ച ടെലിഗ്രാമില്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിക് റപ്പബ്ലിക്കായ ഇറാനുമായി സഹകരണ ശക്തിപ്പെടുത്താനാണ് ആഗ്രഹമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ബഹ്റൈന്‍, കുവൈറ്റ്,ഖത്തര്‍ ഭരണാധികാരികളും റുഹാനിയെ അഭിനന്ദിച്ചു.
റുഹാനിയുടെ വിജയത്തില്‍ പരിഷ്ക്കരണവാദികള്‍ ആഹ്ലാദം രേഖപ്പെടുത്തി
നെജാദിന്റെ ആണവനയത്തില്‍ അസംതൃപ്തരായ പാശ്്ചാത്യരാജ്യങ്ങള് സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഇറാനെ ഒറ്റപ്പെടുത്തുന്ന നിലപാടുകളാണ് പല രാജ്യങ്ങളുടേതും. രാജ്യാന്തരതലത്തിലുള്ള ഈ ഒറ്റപ്പെടല്‍ ഇറാന് ജനതക്ക് മടുത്തു എന്നതിന്റ സൂചനയാണ് റുഹാനിയുടെ തെരഞ്ഞെടുപ്പ് വിജയമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോ കലിഡോണിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് റുഹാനി. ആയത്തുല്ല അലി ഖമേനിയുടെ വിദേശകാര്യ ഉപദഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആയത്തൊള്ള അലി ഖമേനി തെരഞ്ഞെടുപ്പ് അംഗീകരിച്ചെന്ന് പ്രഖ്യാപിക്കുന്നതോടെയായിരിക്കും റുഹാനി പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നത്.
രണ്ടാംതെരഞ്ഞെടുപ്പിനുള്ള സാധ്യത അവസാനിപ്പിച്ച് അമ്പത് ശതമാനത്തിലേറെ വോട്ട് നേടിയാണ് റഹാനി പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. രണ്ടാംസ്ഥാനത്തെത്തിയ ടെഹ്റാന് മേയര്‍ മൊഹമ്മദ് ബാഗര്‍ ഖാലിബഫിനെക്കാള് മൂന്നിരട്ടിയോളം വോട്ടും നേടിയിരുന്നു റുഹാനി. രണ്ട് തവണ തുടര്‍ച്ചയായി പ്രസിഡന്റായതിനെത്തുടര്‍ന്നാണ് അഹമ്മദി നെജാദിന് സ്ഥാനമൊഴിയേണ്ടി വരുന്നത്.
അഞ്ച് കോടിയിലേറെ വോട്ടര്‍മാരുള്ള രാജ്യത്ത് സമാധാനപൂര്‍ണ്ണമായ വോട്ടെടുപ്പാണ് വെള്ളിയാഴ്ച്ച നടന്നത്. കനത്ത പോളിംഗ് രേഖപ്പെടുത്തിയതിനാല്‍ വോട്ടിംഗ് സമയം നീട്ടിയിരുന്നു. യാഥാസ്ഥിതികരും പുരോഗമനാശയക്കാരും തമ്മിലായിരുന്നു പ്രധാന പോരാട്ടം.
റുഹാനിയുടെ തെരഞ്ഞെടുപ്പ് വിജയം ബിജെപി സ്വാഗതം ചെയ്തു. മൃദുസമീപനം രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് റുഹാനിയെ അഭിനന്ദിച്ച് പാര്‍ട്ടി പ്രസിഡന്റ് രാജ്നാഥ് സിംഗ് പറഞ്ഞു. മൃദുസമീപനവും ഉറച്ച നിലപാടുമുള്ള ഇറാനാണ് ഇന്ത്യയുടെ താത്പര്യമെന്നും ഗള്‍ഫ് മേഖലയില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ഇത് ശാന്തി കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് രാജ്നാഥ്സിംഗ് ഇറാന് തെരഞ്ഞെടുപ്പ് വിജയം സ്വാഗതം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: