ഇസ്ലാമാബാദ്: അധികാരത്തിലിരുന്ന കാലത്ത് ജഡ്ജിമാരെ തടവിലിട്ടെന്ന കേസില്‍ പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേഷ് മുഷറഫിനെതിരെ ഭീകരവിരുദ്ധ കോടതി കുറ്റംചുമത്തി.
സബ്ജയിലായി പ്രഖ്യാപിച്ച ചക് ഷഹ്സാദിലെ ഫാം ഹൗസില്‍ ആരംഭിച്ച വിചാരണയ്ക്കിടെ മുഷറഫ് കുറ്റംനിഷേധിച്ചു. തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ നല്കി. കേസിലെ അടുത്ത വാദം 21ന് നടക്കും. അതിനു മുന്നോടിയായി 23 പ്രോസിക്യൂഷന് സാക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തശേഷം 2007 നവംബര്‍ മൂന്നിനായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരിയടക്കം 60 ജഡ്ജിമാരെ മുഷറഫ് തുറങ്കലില്‍ അടച്ചത്. ഒരു അഭിഭാഷകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2009ല്‍ മുഷറഫിനെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചു.
എന്നാല്‍ മുഷറഫ് സ്വയംപ്രഖ്യാപിത പ്രവാസിയായതോടെ കേസിലെ നടപടികള്‍ ഇഴഞ്ഞു. മാര്‍ച്ചില്‍ രാജ്യത്ത് മടങ്ങിയെത്തി മുഷറഫിനെ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതില്‍ നിന്നു വിലക്കിയശേഷം അറസ്റ്റ് ചെയ്തത് കേസിന് വീണ്ടും ജീവന് നല്കി. ബേനസീര്‍ ഭൂട്ടോ-ബലൂചിസ്ഥാന്‍ നേതാവ് അക്ബല് ബുക്തി വധക്കേസുകളിലും മുഷറഫ് നിയമ നടപടികള്‍ നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: