ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഗെസി പാര്‍ക്കില്‍ ദിവസങ്ങളായി തമ്പടിച്ചിരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളെ ഒഴിപ്പിച്ചു. പ്രധാനമന്ത്രി തയ്യിബ് എര്‍ദോഗന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് പോലീസ് പ്രക്ഷോഭകാരികളെ നീക്കം ചെയ്തത്.
അതേസമയം പാര്‍ക്കില്‍ കെട്ടിയ കൂടാരങ്ങളില്‍ തുടരാനും പ്രക്ഷോഭം ശക്തമാക്കാനും സമരക്കാര്‍ തീരുമാനിച്ചു. കണ്ണീര് വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് ഗെസി പാര്‍ക്കില്‍ തമ്പടിച്ച ആയിരക്കണക്കിന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളെ പോലീസ് ഒഴിപ്പിച്ചത്.
പാര്‍ക്കില്‍ തമ്പടിച്ചവര്‍ സമാധാനമായി ഞായറാഴ്ചയ്ക്ക് മുന്‍പ് പിരിഞ്ഞ് പോകണമെന്നും അല്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാന മന്ത്രി തയ്യിബ് എര്ദോഗന് അന്ത്യശാസനം നല്‍കിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് പോലീസെത്തി രണ്ടാഴ്ചയായി പ്രക്ഷോഭകാരികള്‍ തമ്പടിച്ചിരുന്ന ടെന്റുകളടക്കം പൊളിച്ചു മാറ്റിയത്. സര്‍ക്കാരിനെതിരെ രണ്ടാഴ്ച്ചയ്ക്ക് മുമ്പ് തക്സിം ചതുരത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ സംഘര്‍ഷം ഉയര്‍ന്നിരുന്നു.
ഗെസി പാര്‍ക്കിന്റെ പുനര്‍ നിര്‍മാണത്തിനെതിരെയായിരുന്നു പ്രതിഷേധം. ഒട്ടോമന്‍ പ്രതിമയടക്കമുള്ള പാര്‍ക്ക് നീക്കം ചെയ്ത് അതിന് പകരമായുള്ള പദ്ധതി കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകളാണ് സമരത്തില്‍ അന്ന് പങ്കെടുക്കാനെത്തിയിരുന്നത്.
ഇതുവരെയുള്ള സമരത്തില്‍ നാല് പേര് മരിക്കുകയും 7500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: