ആറന്മുള വിമാനത്താവളത്തിനെതിരെ അന്തിമ സമരത്തിനുള്ള തയ്യാറെടുപ്പിലാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി. ഒരു നാടിന്റെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങി ഇതുവരെ നടത്തിയ പോരാട്ടങ്ങളില്‍ പടിപടിയായി വിജയം കൈവരിച്ചു വരുന്നത് കര്‍മ്മസമിതി നേതൃത്വത്തിന് ആത്മവിശ്വാസം നല്കുന്നു.
രാഷ്ട്രീയ,മത, വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ ജനങ്ങളുടെ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിഞ്ഞതാണ് ഈ സമരത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വികസനമെന്ന ഓമനപ്പേരില്‍ ഒരു നാടിനെ വരും തലമുറയ്ക്ക് ഓര്‍മ്മിക്കാന്‍ പോലും ബാക്കിവയ്ക്കാതെ ഇല്ലായ്മ ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധമാണ് ആറന്മുളയില് പ്രകടമാകുന്നത്.
തിരുവാറന്മുളയപ്പന് നിവേദ്യത്തിനും നിറപുത്തരിക്കും ഇല്ലംനിറയ്ക്കും വള്ളസദ്യയ്ക്കും കറ്റകള്‍ കൊയ്തെടുക്കുന്ന പുത്തരിക്കണ്ടമാണ് ആറന്മുള പാടശേഖരം. ഇവിടെ വാണിജ്യകേന്ദ്രവും സുഖവാസ കേന്ദ്രവും ഒരുക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്ന ചോദ്യമാണ് ആറന്മുള നിവാസികള്‍ ഉയര്‍ത്തുന്നത്. പമ്പയുടെ കൈവഴികളായ കരിമാംതോട്, വലിയതോട്, കോഴിത്തോട് ഇവയെല്ലാം സ്വകാര്യ താല്പര്യത്തിന്റെ പേരില്‍ മണ്ണിട്ട് മൂടുന്നതോടെ പുണ്യനദിയായ പമ്പയിലെ നീരൊഴുക്കാണ് തടസപ്പെടുക. ഇത് മധ്യകേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ തരിശിടമാക്കി മാറ്റും. വൈകിയാണെങ്കിലും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് കുട്ടനാട്ടിലെ കര്‍ഷകരും ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതിയുടെ സമരപാതയില്‍ അണിചേര്‍ന്നിരിക്കുകയാണ്.
നിയമപരമായി അണുവിട ചലിക്കാന്‍ കഴിയാത്ത ആറന്മുള വിമാനത്താവള പദ്ധതിക്കുവേണ്ടി വാദിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തല്പര കക്ഷികളുടെ അച്ചാരം പറ്റിയവരാണെന്ന് ഓരോ ദിനവും പിന്നിടുമ്പോള്‍ വ്യക്തമാവുകയാണ്. നിര്‍ദ്ദിഷ്ട വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആറന്മുളയുടെ ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന പ്രക്ഷോഭത്തെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കിയതിനു ഹേതു ജനകീയ സമരങ്ങളുടെ നായകനായറിയപ്പെടുന്ന കുമ്മനം രാജശേഖരന് ആണെന്നതില്‍ ആറന്മുളക്കാര്ക്കിടയില് രണ്ട് അഭിപ്രായമില്ല.
രാഷ്ട്രീയ കക്ഷികളുടെ കൊടിയുടെ നിറം ഉപേക്ഷിച്ച്, സാമുദായിക വികാരങ്ങള്‍ മാറ്റിവച്ച് ആറന്മുളയുടെ സംസ്കൃതി സംരക്ഷിക്കുന്നതിന് ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞുവെന്നത് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതിയെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല. ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ അദ്ധ്യക്ഷയായി കേരളം കണ്ട എക്കാലത്തേയും പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളായ കവി സുഗതകുമാരിയെ മുന്‍ നിര്‍ത്താന്‍ കഴിഞ്ഞതോടെ എതിരാളികളുടെ എല്ലാ നീക്കങ്ങളും പാളിപ്പോയി.
അധികാരവും, പണവും മേറ്റ്ന്തൊല്ലാമുണ്ടെങ്കിലും ജനങ്ങളുടെ സംഘടിത വികാരങ്ങളെ അതിജീവിക്കാന്‍ കഴിയുകയില്ലെന്നതിന്റെ ഉത്തമോദാഹരണം കൂടിയാണ് ആറന്മുള സ്വകാര്യ വിമാനത്താവളത്തിനെതിരെയുള്ള പ്രക്ഷോഭം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നാല് മേഖലാ കമ്മറ്റികളും, താലൂക്ക്, പഞ്ചായത്ത് തലങ്ങളിലായി ഉപസമിതികളും രൂപീകരിച്ച് ആറന്മുള പൈതൃക സംരക്ഷണത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തെ വ്യാപിപ്പിക്കുവാന്‍ ഇതിനകം കര്‍മ്മസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലമായി ചിട്ടയോടെയും വളരെ ആസൂത്രിതവുമായി നടത്തിയ സമരപരിപാടികളുടെ വിജയമാണ് ജനവിശ്വാസം ആര്‍ജ്ജിച്ച് പുതിയ സമര ചരിത്രത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതെന്ന് കര്‍മ്മസമിതി നേതൃത്വം വിശ്വസിക്കുന്നു.
ഗ്രാമപഞ്ചായത്ത് അംഗം മുതല്‍ പ്രധാനമന്ത്രി വരെയുള്ള ജനപ്രതിനിധികള്‍ക്ക് ആറന്മുളയുടെ പൈതൃക നാശം ചൂണ്ടിക്കാട്ടി നിവേദനങ്ങള്‍ നല്‍കിയതിനു പുറമേ, ജില്ലാ കോടതി മുതല്‍ സുപ്രീം കോടതി വരെ നിയമ പോരാട്ടങ്ങളിലുടെയാണ് കര്‍മ്മ സമിതിയിപ്പോള്‍ . ഇതിനൊപ്പം ബഹുജന കൂട്ടായ്മകളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വിമാനത്താവളത്തിന് പിന്നിലെ ചതിക്കുഴികള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലും വിജയം കൈവരിച്ചു.
കൂടാതെ നെല്‍കൃഷി പുനരുജ്ജീവിപ്പിക്കാനുള്ള സന്ദേശം ഏറ്റെടുത്ത് പത്ത് ഏക്കറോളം പുഞ്ചയില്‍ നെല്‍കൃഷി പുനരാരംഭിച്ച് തിരുവാറന്മുളയപ്പന്റെ പുത്തരിക്കണ്ടത്തില്‍ ഞാറ്റു പാട്ടിന്റെയും വിളവെടുപ്പിന്റെയും പൈതൃകം ഉയര്‍ത്തി ആറന്മുള സമരത്തെ സമാനതകളില്ലാത്ത പോരാട്ടമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് കര്‍മ്മസമിതി നേതൃത്വം.
പരമ്പരാഗതമായി തുടരുന്ന സമരമാര്ഗ്ഗങ്ങള്ക്കപ്പുറം പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാദിനങ്ങളും സമരത്തിന്റെ ഭാഗമാക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ലോക ഭൗമദിനത്തോടനുബന്ധിച്ച് നടന്ന ‘ഭൂമി ദേവിക്ക് പൊങ്കാല സമര്‍പ്പണം’ പരിപാടിയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തത് കര്‍മ്മസമിതിയുടെ സന്ദേശങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ പങ്കെടുത്ത് കവി സുഗതകുമാരി ചൊല്ലിക്കൊടുത്ത വാക്യങ്ങള്‍ ഏറ്റുചൊല്ലി ‘മണ്ണും പ്രകൃതിയും’ സംരക്ഷിയ്ക്കുമെന്ന് അവര്‍ പ്രതജ്ഞയെടുത്തു.
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നിയോജകമണ്ഡ ലങ്ങള്‍ കേന്ദ്രീകരിച്ച് പരിസ്ഥിതി സംരക്ഷണ സമ്മേളനങ്ങള്‍ നത്തി. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും, ആവാസ വ്യവസ്ഥയെ തകിടം മറിയ്ക്കുന്നതുമാണ് ആറന്മുള വിമാനത്താവള പദ്ധതിയെന്ന് വിശദമാക്കുന്നതിനാണ് പരിസ്ഥിതി സമ്മേളനങ്ങളും പ്രചാരണ യാത്രകളും സംഘടിപ്പിപ്പിച്ചു.
ആറന്മുളയിലെ ആദ്ധ്യാത്മിക വിശുദ്ധിയും കാവുകളും ക്ഷേത്രങ്ങളും പാപനാശിനിയായ പമ്പയും സംരക്ഷിക്കുന്നതിനുള്ള ചരിത്രദൗത്യം ഏറ്റെടുത്ത് കേരളത്തിലെ പ്രമുഖ ആശ്രമങ്ങളിലെ അന്‍പതോളം സന്യാസി ശ്രേഷ്ഠന്മാരും മഠാധിപതികളും സമരത്തിന് പിന്തുണയുമായി എത്തിയത് സമ്പത്തും ഭരണ സ്വാധീനവും ഉപയോഗിച്ചുള്ള വെല്ലുവിളികള്‍ക്കെതിരെയുള്ള താക്കീതായി മാറ്റപ്പെടുകയുണ്ടായി. നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്തിനു സമീപമുള്ള പത്ത് പഞ്ചായത്തുകളിലെ വീടുകളില്‍ മൂന്ന് ദിവസങ്ങളിലായി ഗൃഹസമ്പര്‍ക്കം നടത്തി പൈതൃക സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും, ആറന്മുള ക്ഷേത്ര സന്നിധിയില്‍ നാമജപ ഉപവാസവും സന്യാസി ശ്രേഷ്ഠര്‍ നടത്തുകയുണ്ടായി.
മതത്തിന്റെയോ ജാതിയുടേയോ വേര്‍തിരിവുകളില്ലാതെയാണ് കര്‍മ്മ സമിതിയുടെ പ്രക്ഷോഭം തുടരുന്നത്. വിവിധ ക്രൈസ്തവ സഭകളിലെ പുരോഹിതന്മാരും ഈ സമരവേദികളിലെല്ലാം സജീവമാണെന്നത് ഒരു പ്രത്യേകതയാണ്. വിമാനത്താവളത്തിന് ഒളിഞ്ഞും തെളിഞ്ഞും ഒത്താശ ചെയ്തുവരുന്ന കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും വിമാനത്താവളത്തിനെതിരെയുള്ള ജനകീയ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിചേരുന്നു. ഇത് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ വിജയമായി കാണേണ്ടിയിരിക്കുന്നു.
കെജിഎസ് ഗ്രൂപ്പ് മണ്ണിട്ട് മൂടിയ വലിയതോട് പൂര്‍വ്വസ്ഥിതിയിലാക്കി നിലച്ചുപോയ പുഞ്ചകൃഷി പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നതാണ് തദ്ദേശവാസികളുടെ മുഖ്യ ആവശ്യങ്ങളിലൊന്ന്. വെള്ളം ഒഴുകിപ്പോകാനുള്ള മാര്‍ഗ്ഗം നിലച്ചതോടെ ഇവിടെ നെല്‍കൃഷിയും നിലച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളെ ഒന്നാകെ വിലക്കെടുത്ത് എത്തിയാലും ആറന്മുളയെ ശവപ്പറമ്പാക്കി, ഈ മണ്ണില്‍ ഒരു വിമാനത്താവളം പടുത്തുയര്‍ത്താന്‍ അനുവദിക്കുകയില്ലെന്നതില് ജനങ്ങള്‍ ഒറ്റക്കെട്ടാണ്. ആര്‍ജ്ജവമുള്ള നേതൃത്വം എത്തിയാല്‍ അതിന് പിന്നില്‍ ജനങ്ങള്‍ ഒന്നടങ്കം അണിനിരക്കുമെന്നുള്ള സന്ദേശം കൂടിയാണ് ആറന്മുള സമരഭൂമിയില്‍ നിന്നും കേരള ജനതയ്ക്ക് ലഭിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടാത്ത, നാടിന് വേണ്ടാത്ത ഈ ഛിദ്രപദ്ധതിക്ക് ചിറക് മുളയ്ക്കില്ലെന്ന് പ്രത്യാശിക്കാം.
കെ.ഡി ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: