കോന്നി: സോളാര്‍ പാനല്‍ തട്ടിപ്പിലെ വിവാദനായിക സരിതയ്ക്ക് മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും ഓഫീസുമായി ബന്ധമുണ്ടെന്ന് കൂടുതല്‍തെളിവുകള്‍. വിശ്വാസം നേ ടാന്‍ പലരെയും മന്ത്രിമാരുടെ ഓഫീസിലെത്തിച്ച ശേഷം പണം വാങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായിരിക്കുന്നത്.
അട്ടച്ചാക്കല്‍ മല്ലേലില്‍ ഇന്‍ഡസ്ട്രീസ് ഉടമ ശ്രീധരന്‍നായര്‍ക്ക് സോളാര്‍പാനല്‍ നല്‍കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുവരുത്തി അരക്കോടിയോളം രൂപയാണ് സരിത തട്ടിയെടുത്തത്. ഒരു പത്രത്തില്‍ വന്ന പരസ്യപ്രകാരമുള്ള നമ്പരില്‍ വിളിച്ചപ്പോള്‍ ലക്ഷ്മിനായര്‍ എന്ന പേരില്‍ സരിത പ്ലാന്റിനെപ്പറ്റി സംസാരിച്ചു. തുടര്‍ന്ന് 2012 ജൂണ്‍ 25ന് സരിത എറണാകുളം ആസ്ഥാനമായ സോളോര്‍ റിന്യൂവബിള്‍ എനര്‍ജി സോലൂഷ്യന്‍ എന്ന തന്റെ സ്ഥാപനത്തിന്റെ പേരില്‍ സരണ്‍ കെ.കെ. ശശി എന്നു പരിചയപ്പെടുത്തിയ സഹായിയോടൊപ്പം മല്ലേലില്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസിലെത്തിയത്. ശ്രീധരന്‍നായര്‍ പാലക്കാട് ക്രിന്ഫ്രാപാര്ക്കില് ആരംഭിക്കുന്ന വ്യവസായ യൂണിറ്റിലേക്ക് മൂന്നുമെഗാവാട്ടിന്റെ സോളാര്‍ സംവിധാനം സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ഇവിടെ എത്തിയത്. 39 കോടിയോളം രൂപാ മൊത്തം മുതല്‍മുടക്കുള്ള പദ്ധതിയുടെ 80 ശതമാനം പല ഏജന്‍സികളില്‍ നിന്നായി സബ്സിഡി ഇനത്തില്‍ ലഭ്യമാക്കാമായിരുന്നു എന്നായിരുന്ന സരിതാനായരുടെ വാഗ്ദാനം. ഇതനുസരിച്ചുള്ള എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയായിരുന്നു.
15 ലക്ഷം രൂപയുടെ രണ്ടും പത്തുലക്ഷത്തിന്റെ ഒന്നുമായി മൊത്തം മൂന്നു ചെക്കാണ് ശ്രീധരന്‍നായര്‍ ഐഡിബിഐ പത്തനംതിട്ട ബാങ്കിന്റെ ശാഖയിലേക്ക് നല്‍കിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെതുമടക്കമുള്ള ഓഫീസുകളില്‍ സരിതയുടെ സ്വാധീനം നേരില്‍ കണ്ട് ബോധ്യമായ ശേഷമാണ് അഡ്വാന്‍സ് തുക കൈമാറിയത്. വിവിധ ജില്ലകളില്‍ സരിത ആരംഭിച്ച ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങുകളടക്കം മന്ത്രിമാരും സമൂഹത്തിലെ ഉന്നതരും പങ്കെടുത്ത ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് ഇവര്‍ വ്യവസായികളെ കെണിയില്പെടുത്തിയിരിക്കുന്നത്. മൂന്നു ചെക്കുകളിലെ തുകയായ 40 ലക്ഷം പിന്‍വലിച്ചെങ്കിലും തുടര്നടപടികളുണ്ടാകാതിരുന്നത് സംശയം ജനിപ്പിച്ചിരുന്നെങ്കിലും തട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തായതോടെ കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീധരന്‍നായര്‍ ഇതുസംബന്ധിച്ച് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി കോന്നി സി.ഐയെ നടപടികള്‍ക്കായി ചുമതലപ്പെടുത്തി.
കോടികളുടെ വിദേശ ഇടപാടും
പത്തനംതിട്ട: അഗതി മന്ദിരത്തിന്റ പേരിലും സരിത കോടികള്‍ തട്ടിയെടുത്തു. വിദേശ ഫണ്ട് ശരിയാക്കി നല്‍കാമെന്നു പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ചെങ്ങന്നൂരിലെ ഒലിവ് എന്ന സ്ഥാപനത്തില്‍ നിന്നും ഒരു കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. വിദേശത്തുള്ള ഉന്നതരുമായി ഇവര്‍ക്ക് കോടികളുടെ ബിസിനസ് ഉള്ളയായും അറിയുന്നു. സരിതയുടെ വിദേശബന്ധത്തിന് പിന്നിലെ നിഗൂഢതകളും വരും ദിവസങ്ങളില്‍ പുറത്താകും. തട്ടിപ്പിന് ഇരയായവര്‍ ജില്ലയില്‍ നിരവധിയാണ്. പലരില്‍ നിന്നായി 100 കോടിയോളമാണ് ഇവര്‍ തട്ടിയെടുത്തത്. സരിതയുടെ അസാമാന്യ വാക്ചാതുരിയിലാണ് വമ്പന്മാര് പലരും വീണത്. രാഷ്ട്രീയക്കാര്‍, വന്‍ ബിസിനസുകാര്‍, സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍, പ്രവാസികള്‍ തുടങ്ങി പട്ടിക നീളുകയാണ്. പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, കോന്നി, തിരുവല്ല, അടൂര്‍ നഗരങ്ങളിലുള്ളവരാണ് സരിതയുടെ തട്ടിപ്പിനിരയായവര്‍ ഏറെയും. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രവാസികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ചെങ്ങന്നൂര്‍ മുന്‍ നഗരസഭാ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ്സ് നേതാവും തട്ടിപ്പിന് ഇരയായി. ഇദ്ദേഹത്തിന് അഞ്ചു ലക്ഷം രൂപയാണ് നഷ്ടമായത്. കാറ്റാടിപ്പാടം, സോളാര്‍പ്ലാന്റ് എന്നിവയില്‍ നിന്നുമുള്ള കോടികള്‍ സരിത വന്‍പലിശയ്ക്ക് നിക്ഷേപിച്ചിരിക്കുകയാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചില ചിട്ടി കമ്പനികളിലും സരിതയുടെ ദല്ലാളുമാര്‍ ഉണ്ട്. റാന്നി ഇട്ടിയപ്പാറയിലെ പള്ളിയില്‍ സോളാര്‍പാനല്‍ സ്ഥാപിക്കാനായി മൂന്ന് ലക്ഷം വാങ്ങിക്കൊണ്ട് പോയി. അടൂരിലെ ഒരു ബസിനിസുകാരനില് നിന്നും അഞ്ചു ലക്ഷം തട്ടിയെടുത്തു. തിരുവല്ല മണിക്ക് ആശുപത്രിയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് പറഞ്ഞ് ഇവര്‍ നാലുലക്ഷവും തട്ടിയെടുത്തു. ജില്ലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായത് ചെങ്ങന്നൂര്‍ ഭാഗങ്ങളിലാണ്.
കോഴഞ്ചേരിയില്‍ കെഎച്ച്എഫ്എല്‍ അസി. മാനേജരായി ജോലിനോക്കുമ്പോഴാണ് സരിത ചെങ്ങന്നൂരില്‍ വ്യാപകമായ തട്ടിപ്പ് നടത്തിയത്. വന്‍ പലിശ വാങ്ങിതരാമെന്ന സരിതയുടെ വാഗ്ദാനത്തിലാണ് പലരും വീണത്. ഇവിടെയുള്ള സ്വകര്യ ഫിനാന്‍സ് ഉടമയ്ക്ക് നഷ്ടമായത് അഞ്ചു ലക്ഷവും കെഎസ്ആര്‍ടിസിക്കു സമീപമുള്ള ട്രാവല്‍ ഏജന്‍സി ഉടമയ്ക്ക് 10 ലക്ഷവും. ഫണ്ട് കിട്ടാതെ വന്നപ്പോള്‍ ട്രസ്റ്റ് ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഒരു കേസില്‍പെട്ട് തിരുവനന്തപുരത്ത് സരിത പിടിയിലായതോടെ ചെങ്ങന്നൂര്‍ പോലീസ് സരിതയെ ചെങ്ങന്നൂരിലെത്തിച്ച് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും സരിത വീണ്ടു മുങ്ങി. തുടര്‍ന്ന് കോടതി ഇവര്‍ക്കെതിരെ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: