തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ചോര്‍ന്നൊലിക്കുന്നു. ശക്തമായ മഴയില്‍ പുരാതനക്ഷേത്രങ്ങളിലെ ശ്രീകോവില്‍ വരെ ചോരുകയാണ്. നിര്‍മാണപ്രവര്‍ത്തനം നടത്തേണ്ട ദേവസ്വം ബോര്‍ഡ് മരാമത്ത്-വിജിലന്‍സ് വിഭാഗം നിഷ്ക്രിയമാണ്. ജീര്‍ണാവസ്ഥയിലായ ക്ഷേത്രങ്ങളിലെ ഓടുകള്‍ മാറ്റാനോ പുതുക്കിപണിയാനോ ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ല. സഹായം അഭ്യര്‍ഥിച്ച് ക്ഷേത്രങ്ങള്‍ ബോര്‍ഡിനെ സമീപിച്ചാല്‍ പഠിക്കാം എന്നാണ് സ്ഥിരം മറുപടി. ബോര്‍ഡിന്റെ കീഴില്‍ അഞ്ച് ചീഫ് എഞ്ചിനീയര്‍മാര്‍ ഉണ്ടെങ്കിലും ഇവര്‍ക്ക് ജോലിയൊന്നുമില്ല.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നാനൂറിലേറെ ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന കോടിക്കണക്കിനു രൂപയുടെ വരുമാനം സംബന്ധിച്ചും കൃത്യമായ കണക്കുകളില്ല. കാണിക്കയും മറ്റുവരുമാനവും സംബന്ധിച്ച് ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം കൗണ്ടര്‍ ചെക്കിംഗ് നടത്തണമെന്ന നിയമം ഉണ്ടെങ്കിലും നാളുകളേറെയായി ഇതും പാലിക്കപ്പെട്ടിട്ടില്ല. ഇതോടെ ക്ഷേത്രഭണ്ഡാര, കൗണ്ടര്‍ വരുമാനം കുറഞ്ഞതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മേജര്‍ ക്ഷേത്രങ്ങളിലെ ഭണ്ഡാരം എണ്ണുമ്പോള്‍ ക്ഷേത്രവിജിലന്സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഇതും പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. വിജിലന്‍സ് വിഭാഗത്തിന് തലവിനില്ലാതായിട്ട് നാളുകള്‍ ഏറെയായി. കൊച്ചിന് ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ ഭീമമായ തുകയുടെ കുറവാണ് അനുഭവപ്പെടുന്നത്.
കൃത്യമായ പരിശോധനകള്‍ ഇല്ലാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്ഷേത്രങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുകയും വഴിപാടുകളുടെ എണ്ണം കൂടുകയും ചെയ്യുന്നുണ്ടെങ്കിലും കണക്കില്‍ വരുമാനം കാണുന്നില്ല. ഇത് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ദേവസ്വം ബോര്‍ഡില്‍ രണ്ട് യുഡിഎഫ് അംഗങ്ങളും ഒരു എല്‍ഡിഎഫ് അംഗവുമാണ് നിലവിലുള്ളത്. തീരുമാനങ്ങളെടുക്കുമ്പോള്‍ വിയോജിപ്പും പ്രതിഷേധവും ഉണ്ടാകുന്നതോടെ പല വികസന പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുകയാണ്.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ക്ഷേത്രോപദേശകകമ്മിറ്റികള് പുനഃസംഘടിപ്പിച്ചിട്ടില്ല. കേസ് ഹൈക്കോടതിയില്‍ ആയതിനാലാണ് പുനഃസംഘടന വൈകുന്നത്. പല ക്ഷേത്രങ്ങളിലെയും ജീര്ണാവസ്ഥകള്ക്ക് പരിഹാരം കണ്ടിരുന്നത് ക്ഷേത്രോപദേശകസമിതികളുടെ താത്പര്യപ്രകാരം ഭക്തരില്‍ നിന്നും പണം പിരിച്ചാണ്. ഈ അവസരം മുതലെടുത്താണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രപുനരുദ്ധാരണം നടത്താതെ വരുമാനം മാത്രം കൊണ്ടുപോകുന്നതെന്നും ആക്ഷേപമുണ്ട്.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: