സംഗീതവാസന ചിലര്‍ക്ക് ജന്മസിദ്ധമാണ്. പരമ്പരാഗതമായി വന്നുചേര്‍ന്ന കലയാണ് ചിലര്‍ക്കത്. ഈശ്വരാനുഗ്രഹമാണതെന്ന് ചിലര്‍ അഭിമാനിക്കുന്നു. എന്നാല്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും സംഗീതജ്ഞരാകുകയും സംഗീതപാരമ്പര്യം നാലുതലമുറകളായി പിന്തുടരുകയും ചെയ്ത് സംഗീതത്തിന്റെ ഉത്തുംഗസോപാനത്തില് എത്തിച്ചേരുക എന്നത് അത്യപൂര്‍വമാണ്. ഈ ഭാഗ്യം സിദ്ധിച്ച സംഗീതജ്ഞയാണ് സപ്തതിയുടെ നിറവിലെത്തിയ ഡോ.കെ.ഓമനക്കുട്ടി.
പ്രശസ്തഗായകരായ എം.ജി.രാധാകൃഷ്ണന്റെയും എം.ജി.ശ്രീകുമാറിന്റെയും സഹോദരിയാണ്്് ഓമനക്കുട്ടി.സംഗീതജ്ഞനായിരുന്ന മലബാര്‍ ഗോപാലന്‍നായരാണ് പിതാവ്. മുത്തച്ഛനുംസംഗീതജ്ഞനായിരുന്നു.
സംഗീതത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ സംഗീതവാസന വരദാനം എന്നുപറയുന്നതിനേക്കാള് ഈശ്വരാനുഗ്രഹം എന്നു പറയുന്നതാണ് ശരി എന്നായിരുന്നു പ്രതികരണം. പത്താം വയസില്‍ ഹരിപ്പാട്ട് അമ്പലത്തില്‍ അരങ്ങേറ്റം കുറിച്ച സംഗീതസപര്യ എഴുപതില്‍ എത്തിയിട്ടും അനര്‍ഗളമായി ഒഴുകുന്നു. പണ്ടൊക്കെ സംഗീതം കേള്‍ക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടത്രസമയവും സന്ദര്‍ഭവും ഉണ്ടായിരുന്നു. ഇപ്പോഴാകട്ടെ പാട്ടുകളുടെ എണ്ണം കൂടിവരുന്നതും ആസ്വാദകരുടെ സമയക്കുറവും മൂലം പല നല്ല ഗാനങ്ങളും ശ്രദ്ധിക്കാതെ പോകുന്നതില്‍ ദുഃഖമുണ്ട്. ക്ലാസിക് സംഗീതത്തെ ഒരു വിഭാഗം അവഗണിച്ച് പാശ്ചാത്യസംഗീതത്തിന്റെ പിറകേ പോകുന്നു.മലയാളി വാഗ്ഗേയകാരന്മാരുടെ കീര്‍ത്തനങ്ങള്‍ക്ക് ചാനലുകളും ആകാശവാണിയും കൂടുതല്‍ പ്രധാന്യം കൊടുക്കേണ്ടതാണ്. എങ്കില്‍മാത്രമേ സംഗീതചാനലുകള്കൊണ്ട് പ്രയോജനമുള്ളൂ എന്നും ഈ സംഗീതജ്ഞ ചൂണ്ടിക്കാണിക്കുന്നു.
“ശാമുവേല്‍ അമൃതം തിരുമേനിയുടെ നിര്‍ദേശപ്രകാരം മോശവത്സലം ശാസ്ത്രികള്‍ രചിച്ച ഒന്‍പത്് ക്ലാസിക്കല്‍ ക്രിസ്തീയഗാനങ്ങളുടെ കാസറ്റ് ഞാന്‍ സംഗീതസംവിധാനം നല്കി ഇറക്കിയിട്ടുണ്ട്. ഇതില്‍ റിജ്ജു ജോസഫ്, കെ.എസ്.ചിത്ര, അരുന്ധതി തുടങ്ങിയവരാണ് പാടിയത്്. കൂടാതെ മംഗളാ മേനോന് പാടിയ അയ്യപ്പസ്തുതികളുടെ സംഗീതസംവിധാനവും നിര്‍വഹിച്ചു”. ഓമനക്കുട്ടി ടീച്ചര്‍ പറഞ്ഞു.
ഭര്‍ത്താവ് ഗോപിനാഥന്‍നായര്‍ സംഗീതത്തോട് താത്പര്യമുള്ളയാളായതുകൊണ്ടാണ് വിവാഹശേഷവും സംഗീതലോകത്ത്് തുടരാനും ജീവിതം തന്നെ സംഗീയമയമാക്കാനുമായത്. മകള്‍ കമലാലക്ഷ്മി വീണാ വാദകയാണ്. പ്രസ്തഗായകനായ ആലപ്പി ശ്രീകുമാറാണ് മരുമകന്. സംഗീതാഭിരുചിയുളളയാളെ മരുമകനായികിട്ടിയതും ഈശ്വരാനുഗ്രഹം. ചെറുമക്കളായ കെ.എസ്. ഹരിശങ്കറും കെ. എസ് രവിശങ്കറും സംഗീതപ്രതിഭകളാണ്.
സംഗീതത്തെക്കുറിച്ചെഴുതിയ ‘സംഗീതവും ജീവിതവും’ എന്ന പുസ്തകം ഈയിടെ ഓമനക്കുട്ടിയുടെ സപ്്തതി ആഘോഷത്തോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ചു. കേരളസംഗീതനാടക അക്കാഡമി അവാര്‍ഡ്്് ഉള്‍പ്പെടെ 17അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എം.എസ്.സുബ്ബലക്ഷ്്മിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി കരുതുന്നത്.
സപ്തതിയുടെ നിറവില്‍ നില്ക്കുമ്പോള് സംഗീതപ്രേമികളോട് പറയാന്‍ സംഗീതത്തെക്കുറിച്ചുമാത്രം. കര്‍ണ്ണാടക സംഗീതത്തിന് പ്രോത്സാഹനം കുറവായതിനാല്‍ കഴിവുള്ള പലര്‍ക്കും മികവുതെളിയിക്കാനാകാത്ത അവസ്ഥയാണ്. അതിനാല്‍ അഭിരുചിയുള്ളവരെ കണ്ടെത്തി പ്രേത്സാഹിപ്പിക്കുകയാണ് ഇനി എന്റെ ലക്ഷ്യം. പ്രോത്സാഹനം സമൂഹത്തില്‍നിന്നും അവരുടെ കുടുംബത്തില്‍നിന്നും ഉണ്ടാകണം. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് സംഗീതം എടുത്തുകളഞ്ഞതില്‍ ദുഃഖമുണ്ട്. സംഗീതം സ്കൂളുകളില്‍ പാഠ്യവിഷയമായി പുന:സ്ഥാപിക്കണം. സംഗീതം പഠിക്കുന്നവര്‍ക്ക് ഒരു തൊഴില്‍ കൂടിയാകണം. ഇതിനുള്ള സാഹചര്യം സര്‍ക്കാര്‍ ~ഒരുക്കണമെന്നും ഈ അനുഗൃഹീത സംഗീതജ്ഞ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെയെങ്കില്‍ ഇനിയും ധാരാളം ചിത്രമാരും യേശുദാസുമാരും ഉണ്ടാകുമെന്ന് പ്രത്യാശിക്കാനും ഈ സംഗീതജ്ഞ മറന്നില്ല.
ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഗീതവിദ്യാലയം സംഗീത ഭാരതി സ്കൂള്‍ ഒാഫ് ഫൈന്‍ അര്‍ട്സ് ആയി ഉയര്‍ത്തി. സംഗീതരംഗത്തെ ഉപകരണസംഗീതമുള്പ്പെടെയുള്ള എല്ലാ മേഖലയിലും പഠനം സാദ്ധ്യമാക്കാന്‍ ഉദ്ദേശിച്ചാണ് സംഗീതഭാരതി സ്ഥാപിച്ചത്. ജീവിതത്തില്‍ ഏറ്റവും സന്തോഷംതോന്നുന്നത് കച്ചേരി നന്നായി പാടിയെന്നു തോന്നുമ്പോഴാണെന്നു പറയുമ്പോള്‍ ആമുഖത്ത് മോഹനരാഗം പോലെ പുഞ്ചിരി വിടര്‍ന്നു.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: