വരള്‍ച്ചക്ക് അറുതിയായി മഴയെത്തുമ്പോള്‍ എന്തു സന്തോഷമാണ്. എന്നാല്‍ ഈ സന്തോഷം അധികംകാലം നില്‍ക്കില്ല. പിന്നെ മഴയെ കുറ്റപ്പെടുത്തലായി. കുറച്ച് ശ്രദ്ധിച്ചില്ലെങ്കില്‍ തണുപ്പും രോഗങ്ങളും ആകെ വലച്ചുകളയും. ചില മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും. ചെറിയൊരു പനി ആണെങ്കില്‍ കൂടി സൂക്ഷിച്ചില്ലെങ്കില്‍ ഗുരുതരമായ മറ്റ് അസുഖങ്ങള്‍ക്ക് കാരണമാകും.
കോളറ, മലേറിയ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയൊക്കെ ഏറ്റവും കൂടുതല്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളത് മഴക്കാലത്താണ്. രോഗം പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്.
പെണ്‍കൊതുകുകളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് മലേറിയ പകരുന്നത്. ഇടവിട്ടുള്ള പനി, വിറയല്‍, മസിലുകള്‍ക്ക് വേദന, ക്ഷീണം മുതലായവയാണ് മലേറിയയുടെ ലക്ഷണം. കൊതുകുകളില്‍ നിന്നുള്ള രക്ഷയാണ് രോഗം തടയുന്നതില്‍ പ്രധാനം. കൊതുകുകടിയേല്ക്കാതിരിക്കാനായി ഉറങ്ങുന്ന സമയത്ത് കൊതുക് വല ഉപയോഗിക്കുക. വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. ഓടകളില്‍ കൊതുക്നാശിനി തളിക്കുക. ഒപ്പം മലേറിയയുടെ ലക്ഷണം കണ്ടാലുടന്‍ തന്നെ അടിയന്തരമായി ചികിത്സ നേടുകയും വേണം.
കോളറയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമായും എടുക്കുക. നന്നായി തിളപ്പിച്ച് ആറിയ വെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷണ സാധനങ്ങള്‍ നന്നായി വേവിക്കുക. ആഹാരസാധനങ്ങള്‍ മൂടിവയ്ക്കുക. വ്യക്തി ശുചിത്വം പാലിക്കുക. കോളറ വേഗത്തില്‍ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. അതേ സമയം രോഗം പിടിപെട്ട് ചികിത്സ നല്കുന്നതില് കാലതാമസം ഉണ്ടായാല്‍ രോഗം ഗുരുതരമായേക്കാം.
മഴക്കാലത്ത് കണ്ടുവരുന്ന രോഗങ്ങളില്‍ ഒന്നാണ് ടൈഫോയിഡ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഈ രോഗവും പകരുന്നത്. രോഗം ഭേദമായാലും രോഗാണുക്കള്‍ ശരീരത്തില്‍ നിലനില്ക്കും എന്നതാണ് ടൈഫോയിഡിന്റെ പ്രത്യേകത. വേഗത്തില്‍ പകരാന്‍ സാധ്യതയുള്ള രോഗങ്ങളുടെ പട്ടികയിലാണ് ടൈഫോയിഡിന്റെ സ്ഥാനം. അതിനാല്‍ രോഗി കഴിയുന്നതും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും അകന്നുനില്ക്കാന് ശ്രദ്ധിക്കണം. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് നന്നായിരിക്കും. നിര്‍ജലീകരണം ഒഴിവാക്കുന്നതിന് രോഗി ധാരാളം ശുദ്ധജലം കുടിക്കണം.
മലിനജലത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ എന്ന മഞ്ഞപ്പിത്തവും പകരുന്നത്. മഴക്കാലത്ത് ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടരും. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം മഞ്ഞപ്പിത്തം അതിവേഗം പടരുന്നതിന് ഇടയാക്കും. പ്രതിരോധ കുത്തിവയ്പ്പാണ് രോഗം തടയുന്നതിനുള്ള പ്രധാന പ്രതിവിധി. പരിപൂര്‍ണ വിശ്രമമാണ് ആവശ്യം. മഞ്ഞപ്പിത്തം കരളിനെയാണ് തകരാറിലാക്കുന്നത്. അതിനാല്‍ കരളിനെ ദോഷകരമായി ബാധിക്കുന്ന മരുന്നുകള്‍, മദ്യപാനം മുതലായവ ഒഴിവാക്കുക. കൊഴുപ്പ് അധികമായതും എണ്ണമയമുള്ളതുമായ ഭക്ഷണവും തത്ക്കലത്തേക്ക് വേണ്ടെന്നു വയ്ക്കണം. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാം. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ എപ്പോഴും കൈകള്‍ വൃത്തിയായി സൂക്ഷിക്കണം.
മഴക്കാലത്ത് വീടും പരിസരവും വൃത്തിയാക്കി വയ്ക്കുന്നതിലൂടെ ഒരു പരിധി വരെ ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും. തിളപ്പിച്ച് ആറിയ വെള്ളം മാത്രം ഉപയോഗിക്കുന്നത് ശീലമാക്കുക. ശുദ്ധജലവുമായി മലിനജലം കലരുന്നതിനാലാണ് മഞ്ഞപ്പിത്തവും കോളറയുമൊക്കെ പിടിപെടുന്നത്. ഹോട്ടലുകളിലും മറ്റും പോകുമ്പോള്‍ കഴിയുന്നതും അവിടുന്ന് നല്കുന്ന വെള്ളം ഉപയോഗിക്കാതിരിക്കുക. പകരം ബോട്ടില്‍ഡ് വാട്ടര്‍ ഉപയോഗിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.
മഴക്കാലത്ത് കുട്ടികളെ വെള്ളത്തില്‍ കളിക്കാന്‍ അനുവദിക്കരുത്. മലിനജലത്തില്‍ നേരിട്ട് കാലുകള്‍ സ്പര്‍ശിക്കാന്‍ അനുവദിക്കരുത്. നനഞ്ഞ വസ്ത്രം ഏറെ നേരം ധരിക്കുന്നതും ഒഴിവാക്കുക. ഇത് ജലദോഷത്തിന് കാരണമായേക്കാം. സ്കൂളില്‍ പോകുമ്പോള്‍ കുടയോ, റെയിന്‍കോട്ടോ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
ടൊയ്ലറ്റ് ഉപയോഗത്തിന് ശേഷവും ഭക്ഷണത്തിന് മുമ്പും കൈകള്‍ വൃത്തിയായി കഴുകണം. നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക. കാരണം നഖത്തിനുള്ളില്‍ അടിഞ്ഞിരിക്കുന്ന അഴുക്കുകളില്‍ കൂടി രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. നിസാരമെന്ന് തോന്നിയേക്കാമെങ്കിലും ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ രോഗം വരാനുള്ള സാധ്യത കുറക്കാം. ഒപ്പം ആശുപത്രി ബില്ലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: