ആലപ്പുഴ: കടലാക്രമണവും മത്സ്യക്ഷാമവും രൂക്ഷമായതോടെ തീരപ്രദേശം വറുതിയുടെ പിടിയിലമര്‍ന്നു. രണ്ടാഴ്ചയായി വള്ളങ്ങള്‍ ഒന്നും തന്നെ പലയിടത്തും കടലിലിറക്കുന്നില്ല. ഇന്ന് അര്‍ധരാത്രിയില്‍ ട്രോളിങ് നിരോധനം നിലവില്‍ വരുന്നതോടെ ബോട്ടുകളും മത്സ്യബന്ധനം നിര്‍ത്തും. ഇതോടെ തീരദേശ കുടുംബങ്ങള്‍ പൂര്‍ണമായും പട്ടിണിയിലാകും.
അമ്പതിനും നൂറിനും ഇടയില്‍ തൊഴിലാളികള്‍ കയറുന്ന ലെയ്ലന്റ്, മുപ്പതിനും അമ്പതിനും ഇടയില്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന താങ്ങുവെള്ളം, പത്തോളം തൊഴിലാളികള്‍ക്ക് കയറാവുന്ന ഡിസ്കോ വള്ളം തുടങ്ങിയവയാണ് കടലില്‍ മത്സ്യബന്ധനത്തിനേര്പ്പെടുന്നവരുടെ ആശ്രയം. ലെയ്ലന്റ് എന്ജിന് ഘടിപ്പിച്ച കൂറ്റന്വള്ളം കടലില്‍ ഒരു ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചു കരയിലെത്തണമെങ്കില്‍ 10,000 രൂപ ഇന്ധന ഇനത്തില്‍ മാത്രം ചെലവുവരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ഡിസ്കോ, താങ്ങുവള്ളങ്ങളാണെങ്കില് അയ്യായിരവും മുവ്വായിരവുമായി കുറയും. ഇന്ധനം കടമെടുത്ത് ദിവസങ്ങളോളം മത്സ്യബന്ധനം നടത്തിയിട്ടും മത്സ്യമൊന്നും കിട്ടാതായാല്‍ ലക്ഷങ്ങളുടെ കടക്കെണിയിലാവുകയാണ് പതിവ്. വട്ടിപ്പലിശയ്ക്കും ആധാരം പണയപ്പെടുത്തിയും മത്സ്യബന്ധന വള്ളമിറക്കിയ പലരും കടം കയറി ആത്മഹത്യയുടെ വക്കിലാണ്. വള്ളങ്ങള്‍ കരയിലിരുന്ന് നശിക്കുന്ന സ്ഥിതിയിലുമാണ്.
ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ നിന്നു ഒരാള്‍ പണിയെടുക്കുന്ന പൊങ്ങുവള്ളങ്ങള് കടലില്‍ ഇറക്കുന്നുണ്ട്. പ്രതികൂല കാലവസ്ഥയെ അതിജീവിച്ച് സാഹസികമായാണ് ഇവര്‍ പട്ടിണിയകറ്റാന്‍ കടലില്‍ പോകുന്നതെങ്കിലും പൊടിമീന്‍ മാത്രമാണ് കിട്ടുന്നത്. ജില്ലയുടെ തീരപ്രദേശത്തുനിന്നുള്ള ആയിരക്കണക്കിന് വള്ളങ്ങളാണ് രണ്ടാഴ്ചയായി കരയില്‍ വിശ്രമിക്കുന്നത്. ഏക വരുമാനമാര്‍ഗം നിലച്ചതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്. സ്കൂള്‍ തുറന്നതോടെ മക്കളുടെ പഠനോപകരണങ്ങള്‍ പോലും കൃത്യസമയത്ത് വാങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായിരിക്കുകയാണിവര്.
എന്നാല്‍ മത്സ്യവ്യാപാരികള്‍ തങ്ങളോടു അവഗണന കാണിക്കുകയാണെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു. കടലിനോടും കാറ്റിനോടും മല്ലിട്ടും ജീവന് പണയംവച്ചും തെഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം കുറഞ്ഞ വിലയ്ക്കെടുത്ത് വിപണിയിലെത്തിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത് ഈ മേഖലയിലെ കുത്തകകളായ വ്യാപാരികളാണെന്ന് ആക്ഷേപമുണ്ട്. ഇത്തവണ ട്രോളിങ് നിരോധനം 75 ദിവസമാക്കി വര്‍ധിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും തൊഴിലാളിസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കിയിട്ടില്ല. ട്രോളിങ് നിരോധനം പ്രാബല്യത്തിലാകും മുമ്പേ മത്സ്യലഭ്യത കുറഞ്ഞതിനാല്‍ ബോട്ടുകള്‍ കടലൊഴിഞ്ഞു തുടങ്ങിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ബോട്ടുകാര്‍ക്ക് വളരെ കുറച്ച് മത്സ്യം മാത്രമേ ലഭിച്ചുള്ളൂ. കടല്‍ക്ഷോഭത്തില്‍ ബോട്ടുകാരുടെ വലകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പല ബോട്ടുകാരും നേരത്തെ തന്നെ ജോലി നിര്‍ത്താന്‍ നിര്‍ബന്ധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: