റിയോ ഡി ജെയിനെറോ: കളിക്കുമ്പോള്‍ കാലിനാല്‍ മൈതാനത്തു കവിത രചിക്കുന്ന കാനറികളുടെ നാട്ടില്‍ കാല്‍പ്പന്തുകളിയുടെ ഉത്സവത്തിന് അരങ്ങൊരുങ്ങി. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി നടക്കുന്ന ഒന്‍പതാം ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ മുതല്‍ പന്തുരുളും.
ചാമ്പ്യന്‍ഷിപ്പിന്റെ ചിരിത്രത്തില്‍ ഫുട്ബോള്‍ ലോകം ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത് ഇത്തവണത്തെ പോരാട്ടങ്ങള്‍ക്കായാണ്. നാളെ ആതിഥേയരായ ബ്രസീല്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനുമായി ഏറ്റുമുട്ടുന്നതോടെ 15 ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. ബ്രസീലിലെ മുന്‍ ഫുട്ബോള്‍ ഇതിഹാസം ഗരിഞ്ചയുടെ പേരിലുള്ള നാഷണല്‍ സ്റ്റേഡിയത്തിലാണ് പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. 30ന് മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.
ആതിഥേയരെന്ന നിലയില്‍ സാംബ താളവുമായി വരുന്ന ബ്രസീലിനൊപ്പം മൂന്ന് മുന്‍ ലോകകപ്പ് ചാമ്പ്യന്മാര്കൂടി പൊരുതാനുണ്ട്. ആറ് സ്റ്റേഡിയങ്ങളിലായാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ഏറ്റവും കൂടുതല്‍ കപ്പ് നേടിയത് ബ്രസീലാണ്;മൂന്നുതവണ:1997-ല്‍ സൗദി അറേബ്യയില്‍, 2005-ല്‍ ജര്‍മ്മനിയില്‍, 2009-ല്‍ ദക്ഷിണാഫ്രിക്കയില്‍. 1999-ല്‍ ബ്രസീല്‍ ഫൈനലില്‍ മെക്സിക്കോയോട് പരാജയപ്പെട്ടു. ഫ്രാന്‍സ് രണ്ട് തവണയും അര്‍ജന്റീന, മെക്സിക്കോ, ഡെന്മാര്ക്ക് എന്നിവര്‍ ഓരോ തവണയും കാപ്പില്‍ മുത്തമിട്ടിട്ടുണ്ട്.
ആറ് വന്‍കരകളിലെ ചാമ്പ്യന്മാരും ലോകകപ്പ് ചാമ്പ്യന്മാരും ആതിഥേയരുമടക്കം എട്ട് ടീമുകളാണ് കോണ്‍ഫെഡറേഷന്‍ കാപ്പില്‍ മാറ്റുരയ്ക്കാനിറങ്ങുന്നത്. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. 1992-ല്‍ കിംഗ് ഫഹദ് കപ്പ് എന്ന പേരില്‍ സൗദി അറേബ്യയില്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പാണ് 1997 മുതല്‍ കോണ്‍ഫെഡറേഷന്‍ കപ്പ് എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങിയത്. 2005 മുതല്‍ തൊട്ടടുത്ത വര്‍ഷം ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം കോണ്‍ഫെഡറേഷന്‍ കപ്പിന്റെയും ആതിഥേയരായി.
ആതിഥേയര്‍ക്ക് പുറമെ ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിന്, യൂറോപ്പിലെ രണ്ടാം സ്ഥാനക്കാരും മുന്‍ ലോക ചാമ്പ്യന്മാരുമായ ഇറ്റലി, ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാന്, ഏഷ്യയുടെ കരുത്തുമായി ജപ്പാന്, ആഫ്രിക്കയുടെ വന്യമായ കരുത്തുമായി എത്തുന്ന നൈജീരിയ, കോണ്‍കാകാഫ് ഗോള്കപ്പ് ജേതാക്കളായ മെക്സിക്കോ, കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വെ, ഒഎഫ്സി നേഷന്‍സ് കപ്പ് ജേതാക്കളായ താഹിതി എന്നീ രാജ്യങ്ങളാണ് ഒമ്പതാം കോണ്‍ഫെഡറേഷന്‍ കാപ്പില്‍ കാല്ക്കരുത്തു നോക്കുന്നത്. ഇത് ഇറ്റലിയുടെയും താഹിതിയുടെയും ആദ്യ ചാമ്പ്യന്‍ഷിപ്പാണ്.
രണ്ടു ഗ്രൂപ്പുകളായാണ് പോരാട്ടം. എ ഗ്രൂപ്പില്‍ ബ്രസീല്‍, ഇറ്റലി, ജപ്പാന്, മെക്സിക്കോ എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ സ്പെയിന്, ഉറുഗ്വെ, നൈജീരിയ, താഹിതി എന്നീ ടീമുകളും. എ ഗ്രൂപ്പില്‍ ബ്രസീല്‍- ഇറ്റലിയും തമ്മിലുള്ള പോരാട്ടമാകും ഏറ്റവും ശ്രദ്ധേയം. പക്ഷേ മറ്റു രണ്ടുപേരും അട്ടിമറിക്കരുത്തു പുറത്തെടുത്താല്‍ ഗ്രൂപ്പിലെ എല്ലാ കളികളും ആവേശമേറിയതാകും. ബി ഗ്രൂപ്പില്‍ സ്പെയിനിന് പ്രധാന വെല്ലുവിളി ഉറുഗ്വെയാണ്. യുവതാരങ്ങളുടെ കരുത്തുമായി വരുന്ന നൈജീരിയ പ്രവചനാതീതമായ പ്രകടനത്തിന് കെല്‍പ്പുള്ളവരാണ്. മെക്സിക്കോയെയും തള്ളിക്കളയാനാവില്ല. തങ്ങളുടേതായ ദിവസങ്ങളില്‍ ഏത് വമ്പന്മാരെയും മുട്ടുകുത്തിക്കാന്‍ കെല്‍പ്പുള്ളവരാണ് മെക്സിക്കോ. അതുകൊണ്ടുതന്നെ ഗ്രൂപ്പുകളിലെ മത്സരഫലം മുന്‍കൂട്ടി പ്രവചിക്കുക അസാധ്യമാണ്.
അപ്രതീക്ഷിതമായ മത്സരഫലങ്ങള്‍ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ചരിത്രത്തില്‍ ഏറെയുണ്ട്. അതുകൊണ്ടു തന്നെ വമ്പന്മാര്ക്ക് മുന്നേറ്റം അനായാസമാകണമെന്നില്ല. 2009 ല്‍ ഏവരും സാധ്യത നല്‍കിയത് സ്പെയിനിനാണ്. പക്ഷേ സെമിയില്‍ അമേരിക്കയുടെ മുന്പില് അവര്‍ക്ക് കാലിടറി. ഇത്തവണ 20 കളികളില്‍ തോല്‍വിയറിയാതെയാണ് അവര്‍ വരുന്നത്. ബ്രസീലിലേക്കുള്ള വഴിയില്‍ അമേരിക്കയില്‍ അവര്‍ മൂന്നു സൗഹൃദ മല്‍സരങ്ങള്‍ കളിക്കുന്നുണ്ട്.
ആതിഥയരായ ബ്രസീല്‍ നാലാം കിരീടവും ഹാട്രിക്കും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വന്തം തട്ടകത്തില്‍ അങ്കത്തിനിറങ്ങുന്നത്. ഇത്തവണ കിരീടം നേടിയാല്‍ അടുത്ത വര്‍ഷം സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ അവരുടെ കിരീട പ്രതീക്ഷ വാനോളം ഉയരും. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ജേതാക്കളാരും തന്നെ തൊട്ടടുത്ത വര്‍ഷം നടന്ന ലോകകപ്പ് കിരീടം നേടിയിട്ടില്ല. ഈ ചരിത്രം മാറ്റിയെഴുതുക എന്നലക്ഷ്യവും കാനറികള്ക്കുണ്ട്. ലോകകപ്പിന് മുന്നോടിയായി ബ്രസീല്‍ ടീമിന്റെ പ്രകടനം പോലെ തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ് ബ്രസീലിന്റെ സംഘാടന മികവ്. 2014 ല്‍ ബ്രസീല്‍ കരുതിവച്ചിരിക്കുന്ന വിസ്മയങ്ങളുടെയും നിറക്കൂട്ടുകളുടെയും ചെറിയൊരു പതിപ്പാകും കോണ്‍ഫെഡറേഷന്‍സ് കപ്പ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒരു തവണലോകകപ്പും രണ്ട് തവണ യൂറോകപ്പും സ്വന്തമാക്കിയ സ്പെയിന് അതിനൊപ്പം കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കാനായാണ് ബ്രസീലിലെത്തുന്നത്. ബ്രസീലിന്റെ ലക്ഷ്യം നാലാം കോണ്‍ഫെഡറേഷന്‍സ് കപ്പ് എന്ന റെക്കോര്‍ഡ് നേട്ടമാണ്. കിരീടവിജയത്തില്‍ ഹാട്രിക്കും. ജൂണ്‍ 30 ന് കിരീടമുയര്‍ത്തുന്നത് ആരായാലും അവര്‍ക്കു മുന്നില്‍ വെല്ലുവിളിയാകുന്ന മറ്റൊരു കണക്കുകൂടിയുണ്ട്.
കോണ്‍ഫെഡറേഷന്‍സ് കാപ്പില്‍ ഗോള്‍ വേട്ടക്കാരില്‍ മുമ്പന്‍ ബ്രസീലിന്റെ റൊണാള്‍ഡീഞ്ഞോയും മെക്സിക്കോയുടെ ബ്ലാങ്കോയുമാണ്. ഒമ്പത് ഗോളുകളാണ് ഇരുവരും നേടിയിട്ടുള്ളത്. ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ബഹുമതി ബ്രസീലിന്റെ മുന്‍ സൂപ്പര്‍താരം റൊമാരിയോയുടെ പേരിലാണ്. 1997-ല്‍ സൗദി അറേബ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഏഴു ഗോളുകളാണ് റൊമാരിയോ നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: