ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ് നേടി. 76 റണ്‍സെടുത്ത ട്രോട്ട്, 68 റണ്‍സെടുത്ത ജോ റൂട്ട്, 59 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, 33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രവി ബൊപ്പാറ എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. എറംഗ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സറും രണ്ട് ബൗണ്ടറിയുമടക്കം 28 റണ്‍സ് അടിച്ചെടുത്ത ബൊപ്പാറയാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറില്‍ എത്തിച്ചത്. വെറും 13 പന്തുകളില്‍ നിന്നാണ് ബൊപ്പാറ 33 റണ്‍സ് അടിച്ചുകൂട്ടിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ കുക്കും ഇയാന്‍ ബെല്ലും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ സ്കോര്‍ 48 റണ്‍സിലെത്തിയപ്പോള്‍ 20 റണ്‍സെടുത്ത ബെല്‍ മടങ്ങി. എറംഗയുടെ പന്തില്‍ പെരേരക്ക് ക്യാച്ച് നല്‍കിയാണ് ബെല്‍ മടങ്ങിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ട്രോട്ട് കുക്കിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 131-ല്‍ എത്തിയച്ചശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 85 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 59 റണ്‍സെടുത്ത കുക്ക് ഹെറാത്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി. പിന്നീടെത്തിയ റൂട്ടും മികച്ച ഫോമിലായിരുന്നു. 42 ഓവറില്‍ സ്കോര്‍ 218-ല്‍ എത്തിയശേഷമാണ് മൂന്നാം വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായത്. 87 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 76 റണ്‍സെടുത്ത ട്രോട്ടിനെ ഹെറാത്ത് എല്‍ബിഡബ്ല്യൂവില്‍ കുടുക്കി. അധികം വൈകാതെ 55 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 68 റണ്‍സെടുത്ത റൂട്ടും മടങ്ങി. മലിംഗയുടെ പന്തില്‍ ജയവര്‍ദ്ധനെക്ക് ക്യാച്ച് നല്‍കിയാണ് റൂട്ട് മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ മോര്‍ഗനും മടങ്ങി. 13 റണ്‍സെടുത്ത മോര്‍ഗനെ മലിംഗ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതേ സ്കോറില്‍ ബട്ട്ലറുടെ രൂപത്തില്‍ ആറാം വിക്കറ്റും 254-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത ബ്രസ്നനും മടങ്ങി. പിന്നീടാണ് ബൊപ്പാറയുടെ വെടിക്കെട്ട് ബാറ്റിംഗ് നടന്നത്. ലങ്കക്ക് വേണ്ടി മലിംഗ, എറംഗ, ഹെറാത്ത് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: