ക്വിറ്റോ: അടുത്തവര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലേക്ക് യോഗ്യത നേടാന്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനക്ക് ഇനിയും കാത്തിരിക്കണം. ഇന്നലെ ഇക്വഡോറിനെ തോല്‍പ്പിച്ചാല്‍ നേരിട്ട് യോഗ്യത നേടാമായിരുന്ന മെസ്സിപ്പട സമനില കൊണ്ട് തൃപ്തിപ്പെട്ടതോടെയാണ് അര്‍ജന്റീനയുടെ കാത്തിരിപ്പ് നീണ്ടത്.
65-ാം മിനിറ്റുവരെ സൂപ്പര്‍താരം ലയണല്‍ മെസ്സി സൈഡ് ബെഞ്ചിലിരുന്ന മത്സരത്തിന്റെ നാലാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് നേടി. മെസ്സിക്ക് പകരം ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ച സെര്‍ജിയോ അഗ്യൂറോയാണ് പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ചത്. ഡി മരിയയെ ഇക്വഡോറിന്റെ അലക്സണ്ടര്‍ ഡൊമിന്ഗ്യുസ് വീഴ്ത്തിയതിനാണ് അര്‍ജന്റീനക്ക് പെനാല്‍റ്റി ലഭിച്ചത്.
കിക്കെടുത്ത അഗ്യൂറോ വലത്തോട്ടു ഡൈവ് ചെയ്ത ഇക്വഡോര്‍ ഗോളിയെ കബളിപ്പിച്ച് പന്ത് ഇടത്തേ മൂലയിലെത്തിച്ചു. ലീഡ് നേടിയ അര്‍ജന്റീനയുടെ ആഹ്ലാദത്തിന് ഏറെ ആയുസ്സുണ്ടായില്ല.
17-ാം മിനിറ്റില്‍ ഇക്വഡോറിന് ലഭിച്ച ഫ്രീകിക്കിനൊടുവില്‍ സെഗുണ്ടോ കാസ്റ്റില്ലോയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ അര്‍ജന്റീന വലയില്‍ പതിച്ചു. യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ മൂന്നാം സമനിലയാണ്.
ബൊളീവിയയും കൊളംബിയയുമാണ് കഴിഞ്ഞ മത്സരങ്ങളില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്. ഇനി അര്‍ജന്റീനക്ക് യോഗ്യത നേടണമെങ്കില്‍ മേഖലയില്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങള്‍ കൂടി കാത്തിരുന്നേ പറ്റൂ.
പരാഗ്വെ, പറു, ഉറുഗ്വെ എന്നീ രാജ്യങ്ങളുമായാണ് അര്‍ജന്റീനയുടെ ബാക്കിയുള്ള മത്സരങ്ങള്‍. മറ്റൊരു മത്സരത്തില്‍ പെറുവിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് തോല്പിച്ചാണ് കൊളംബിയ അര്‍ജന്റീനയ്ക്ക് തൊട്ടടുത്തെത്തിയിരിക്കുന്നത്.
13-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റദമല്‍ ഫാക്കോയും 45-ാം മിനിറ്റില്‍ ഗുട്ടിരെസുമാണ് കൊളംബിയയുടെ സ്കോറര്‍മാര്‍. 28-ാം മിനിറ്റില്‍ എഡിസണ് കവാനി നേടിയ ഏക ഗോളിനാണ് കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വെ വെനസ്വേലയെ കീഴടക്കിയത്.
മറ്റൊരു മത്സരത്തില്‍ ചിലി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെ പരാജയപ്പെടുത്തി. 16-ാം മിനിറ്റില്‍ എഡ്വേര്‍ഡോ വാര്‍ഗാസ്, 18-ാം മിനിറ്റില്‍ അലക്സി സാഞ്ചസ്, മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് അര്‍ട്ടുറോ വിദാല്‍ എന്നിവരാണ് ചിലിയുടെ ഗോളുകള്‍ നേടിയത്.
32-ാം മിനിറ്റില്‍ മാഴ്സെലോ മാര്‍ട്ടിനെസാണ് ബൊളീവിയയുടെ ആശ്വാസഗോള്‍ നേടിയത്. സമനിലയില്‍ കുടുങ്ങിയെങ്കിലും ലാറ്റിനമേരിക്കന്‍ മേഖലയില്‍ 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്റീന 7 വിജയവും അഞ്ച് സമനിലയും ഒരു പരാജയവുമടക്കം 26 പോയിന്റുമായി ഒന്നാം സ്ഥാനത്തുതന്നെ തുടരുന്നു.
അര്‍ജന്റീനയേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ച കൊളംബിയക്ക് 23 പോയിന്റുണ്ട്. 12 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ഇക്വഡോര്‍ മൂന്നാം സ്ഥാനത്തും 13 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ചിലി നാലാം സ്ഥാനത്തും നില്ക്കുന്നു.
കോണ്‍കാകാഫ് മേഖലയില്‍ നടന്ന മത്സരത്തില്‍ പനാമക്കെതിരെ നേരിയ രണ്ട് ഗോള്‍ വിജയത്തോടെ അമേരിക്ക യോഗ്യതാ സാധ്യത നിലനിര്‍ത്തി. 36-ാം മിനിറ്റില്‍ ആള്ട്ടിഡോറും 53-ാം മിനിറ്റില്‍ എഡ്ഡി ജോണ്‍സണുമാണ് അമേരിക്കയുടെ ഗോളുകള്‍ നേടിയത്.
മറ്റ് മത്സരങ്ങളില്‍ ഹോണ്ടുറാസ് 2-0ന് ജമൈക്കയെ പരാജയപ്പെടുത്തിയപ്പോള്‍ മെക്സിക്കോ-കോസ്റ്ററിക്ക് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: