തിരുവനന്തപുരം: തിരുവനന്തപുരം വഴയിലയില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. അരുവിക്കരയില്‍ നിന്നും നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് ഇന്ന് രാവില 8.30യോടെ പൊട്ടിയത് . പെപ്പ് പൊട്ടിയതോടെ നഗരത്തിലെ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.
വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ റോഡും സമീപത്തുള്ള പെട്രോള്‍ പമ്പിന്റെ ഒരു ഭാഗവും തകര്‍ന്നു. കൃത്യസമയത്ത് പമ്പിംഗ് നിര്‍ത്താനായത് വലിയൊരു അപകടം ഒഴിവാക്കി. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. പല വഴികളില്‍ കൂടി വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ നഗരം ഗതാഗതക്കുരുക്കിലായി. രാവിലെ ഓഫീസിലും സ്കൂളുകളിലും എത്തേണ്ടവര്‍ വൈകി. പുതിയ പൈപ്പ് ഇടുന്നതിന്റെ ഭാഗമായി ഇവിടെ കുറച്ചുദിവസമായി ഒരു ഭാഗത്തുകൂടി മാത്രമേ ഗതാഗതം അനുവദിച്ചിരുന്നുള്ളൂ.
ആറ്റുകാല്‍ പൊങ്കാലയുടെ തലേന്നാള്‍ നാലുതവണ പൊട്ടിയ പെപ്പ് തന്നെയാണ് ഇന്നും പൊട്ടിയിരിക്കുന്നത്. അരുവിക്കര ഡാമില്‍ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 900 എംഎം പ്രീട്രസ്റ്റഡ് കോണ്‍ക്രീറ്റ് പെപ്പാണ് രാവിയോടെ പൊട്ടിയത്. നഗരത്തിലെ ജലവിതരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ജല വിതരണ അതോറിട്ടി ജീവനക്കാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയോടെ ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഉച്ചവരെ നഗരത്തിലെ ജലവിതരണം മുടങ്ങാനാണ് സാധ്യത.
സ്ഥിരമായി പൊട്ടുന്ന ഈ പൈപ്പിലെ അറ്റകുറ്റപ്പണിക്ക് മാത്രം ഇതുവരെ കോടികളാണ് മുടക്കിയത്. കാലപ്പഴക്കം ചെന്ന ഈ പൈപ്പ് മാറ്റണമെന്ന മുറവിളിയെ തുടര്‍ന്ന് ഇതിന് പകരമായി അരുവിക്കരയില്‍ നിന്ന് പേരൂര്‍ക്കടയിലേക്ക് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചുതുടങ്ങിയെങ്കിലും പണി ഇഴഞ്ഞുനീങ്ങുകയാണ്. ഒന്‍പത് കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ഇടേണ്ടതെങ്കിലും മൂന്നുമാസങ്ങള്‍ക്കുമുന്‍പ് തുടങ്ങിയ പണി ഇതുവരെ മൂന്നര കിലോമീറ്റര്‍ മാത്രമാണ് പിന്നിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: