ആറന്മുളയില് വിമാനത്താവളം പണിയാന്‍ പദ്ധതിയിടുന്ന കെ.ജി.എസ്.ഗ്രൂപ്പ് നടത്തിയിരിക്കുന്നത് നിയമ ലംഘനങ്ങളുടെ ഘോഷയാത്രയാണെന്ന് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഒപ്പം സിവിലായും, ക്രിമിനലായുമുള്ള കേസുകളുടെ കൂമ്പാരവും. പെട്ടെന്നൊന്നും കുരുക്കഴിച്ച് സ്വതന്ത്രമാകാന്‍ കഴിയാത്ത തരത്തിലുള്ളതാണ് കേസുകളില്‍ ഭൂരിഭാഗവും. ഇവിടെ പലപ്പൊഴും സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളാണ് പുതിയ കുറുക്കുവഴികള്‍ തേടാന്‍ നിയമലംഘകരെ സഹായിക്കുന്നത്. ഇത്ര വ്യാപകമായ നിയമലംഘനങ്ങളും കേസുകളും നിറഞ്ഞിട്ടുള്ള പദ്ധതിയിലാണ് പത്ത് ശതമാനം ഓഹരി കൈപ്പറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നതെന്നുകൂടി ഓര്‍മ്മിക്കേണ്ടതുണ്ട്. ഇത്തരമൊരു തീരുമാനം നിയമലംഘകര്‍ക്ക് കൂടുതല്‍ തുണയായി മാറ്റപ്പെടുകയാണ്.
എന്‍വയോണ്‍മെന്റ് (പ്രൊട്ടക്ഷന്‍) ആക്ട് 1986, കേരള ഭൂപരിഷ്കരണ നിയമം 1964, കേരള ലാന്റ് കണ്‍സര്‍വെന്‍സി ആക്ട്, ലാന്റ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍, കേരള കണ്‍സര്‍വേഷന്‍ ഓഫ് പാഡിലാന്റ് ആന്റ് വെറ്റ്ലാന്റ് ആക്ട്, ഇറിഗേഷന്‍ ആക്ട്, അഴിമതി നിരോധന നിയമം, പട്ടികജാതി പട്ടികവര്ഗ്ഗങ്ങള്ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ ആക്ട് 1989, ഇന്ത്യന്‍ ശിക്ഷാനിയമം തുടങ്ങി ഒന്‍പതോളം വിഭാഗങ്ങളിലാണ് നഗ്നമായ നിയലംഘനങ്ങള്‍ നടന്നിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതിരോധ വകുപ്പിന്റേതുള്‍പ്പെടെയുള്ള വിവിധ കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങളുടെ അനുമതികള്‍ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിലൂടെ കെ.ജി.എസ്. ഗ്രൂപ്പ് കൈക്കലാക്കിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ലഭിക്കേണ്ട കേന്ദ്ര പാരിസ്ഥിതിക അനുമതി ഇനിയും നേടിയെടുക്കാന്‍ കഴിയാത്തതൊന്നു കൊണ്ടു മാത്രമാണ് ആറന്മുളയുടെ ഹൃദയം വെട്ടിമുറിച്ച് വിമാനത്താവള നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ ഇവര്‍ക്ക് കഴിയാത്തത്.
ആറന്മുള വിമാനത്താവള പദ്ധതിക്കായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കെ.ജി.എസ്. ഗ്രൂപ്പിന്റെ കൈവശം 32 ഏക്കര്‍ മാത്രമാണുള്ളതെന്നാണ് എഐസിസി അംഗം കൂടിയായ ഫിലിപ്പോസ് തോമസ് പറയുന്നത്. ഇതിന് ആധാരമായ കണക്കുകളും അദ്ദേഹം നിരത്തുന്നുണ്ട്.
കെ.ജി.എസ്. ഗ്രൂപ്പിന്റെ കൈവശമുള്ള 263.72 ഏക്കര്‍ ഭൂമിയില്‍ എബ്രഹാം കലമണ്ണില്‍ നിന്നും വിലയ്ക്കു വാങ്ങിയ 232 ഏക്കര്‍ മിച്ചഭൂമിയില്പ്പെട്ടതായി കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ് കണ്ടെത്തുകയുണ്ടായി. മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലത്തിന്റെ പോക്കുവരവ് റദ്ദു ചെയ്ത് മുന്‍ തണ്ടപ്പേരില്‍ നിലനിര്‍ത്താന്‍ ജില്ലാ കളക്ടറും നിര്‍ദ്ദേശിക്കുകയുണ്ടായി. മിച്ചഭൂമിയും പുറമ്പോക്കും ഒഴിവാക്കിയാല്‍ കെ.ജി.എസ്. ഗ്രൂപ്പിന്റെ കൈവശം അവശേഷിക്കുന്നത് വെറും 31.7 ഏക്കര്‍ സ്ഥലം മാത്രമാണ്. ഇതില്‍ തന്നെ ഭൂരിപക്ഷവും നിലമാണെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായും ഫിലിപ്പോസ് തോമസ് ചൂണ്ടിക്കാട്ടുന്നു.
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് തോട്, തോട് പുറമ്പോക്ക് എന്നിവയിലായി കിടങ്ങന്നൂര്‍, മുല്ലപ്പുഴശ്ശേരി, ആറന്മുള, മെഴുവേലി വില്ലേജുകളിലായി 12 ഹെക്ടര്‍ 8 ആര് 75 ചതുരശ്ര മീറ്റര്‍ സ്ഥലമുണ്ടെന്ന് സര്‍വ്വേ റിക്കാര്‍ഡുകള്‍ പ്രകാരം ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. മൊത്തം പുറമ്പോക്ക് ഭൂമി 60.32 ഏക്കറാണ്. ഇതില്‍ ഭൂരിഭാഗവും വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പ് കയ്യേറി കൈവശം വച്ചിരിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമിയാണ് സ്വകാര്യ വിമാനത്താവള കമ്പനിക്ക് പൊതുതാല്പര്യവും കീഴ്വഴക്കങ്ങളും ലംഘിച്ച് മതിപ്പ് വിലയ്ക്ക് നല്കാന് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. സര്‍ക്കാര്‍ തന്നെ മിച്ചഭൂമിയായി കണ്ടെത്തിയിട്ടുള്ള പ്രദേശമാണ് നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മ്മാണത്തിനായി കെ.ജി.എസ് ഗ്രൂപ്പ് കണ്ടെത്തിയിരിക്കുന്നത്.
മിച്ചഭൂമിയായി കണ്ടെത്തുന്ന സ്ഥലത്തില്‍ 87.5 ശതമാനം ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കും, അതില്‍ പകുതി പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും പതിച്ചു നല്‍കണമെന്നാണ് ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥ. മിച്ചഭൂമി വിലനല്‍കി വ്യവസായ മേഖലയാക്കാനും വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലം നികത്തുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ് നീരൊഴുക്ക് സ്ഥലം (വെറ്റ് ലാന്റ്) നികത്തുന്നത്. രാജ്യത്ത് നിലവിലുള്ള ഒരു നിയമ പ്രകാരവും വെള്ളം ഒഴുക്കു സ്ഥലം നികത്താന്‍ അനുമതി കൊടുക്കാന്‍ നിയമമില്ല. എന്നിട്ടും ഇവിടെ പമ്പാ നദിയിലേക്കൊഴുകുന്ന 800 മീറ്ററോളം നീളമുള്ള തോട് നികത്തപ്പെട്ടു.
ഇതിനു പുറമെ എബ്രഹാം കലമണ്ണില്‍ കെ.ജി.എസ്. ഗ്രൂപ്പിന് വില്പന നടത്തിയ വസ്തുക്കളില്‍ രണ്ട് പട്ടികജാതിക്കാരുടെ ഭൂമിയും അവരറിയാതെ കൈമാറ്റം ചെയ്യപ്പെട്ടതായി പരാതി ഉയരുകയുണ്ടായി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആര്‍ഡിഒ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിയമസഭയുടെ പരിസ്ഥിതി കമ്മറ്റി സ്ഥലം സന്ദര്‍ശിച്ച് വിമാനത്താവള പദ്ധതി ഉണ്ടാക്കുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങളെയും കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ജൂലൈയില്‍ നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ യുക്തമായ തീരുമാനം കൈക്കൊള്ളുകയോ, തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. സെക്രട്ടറിയേറ്റിലെ ഫയല്‍ കൂമ്പാരങ്ങള്‍ക്കിടയില്‍ മാറാല പിടിച്ച് കിടക്കുകയാണ്.
ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണങ്ങള്‍ക്കു ശേഷം തയ്യാറാക്കി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ ആര്.ഡി.ഒ മുതല്‍ താഴോട്ടുള്ള റവന്യൂ ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും സംഭവിച്ചിരിക്കുന്ന ഗുരുതരമായ വീഴ്ചകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ട്രാന്‍സ്പോര്‍ട്ട് വകുപ്പും ഇതേ ശുപാര്‍ശയാണ് സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളാതെ ഫയലുകള്‍ പൂഴ്ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി ചെയര്മാന് കുമ്മനം രാജശേഖരന് വിജിലന്‍സ് കോടതിയെ സമീപിച്ചു. പരാതിയുടെ സ്വഭാവം കണക്കിലെടുത്ത് അടിയന്തിരമായി പരഗണിക്കുകയും, വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിടുകയുമുണ്ടായി.
കെ.ഡി. ഹരികുമാര്‍
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: