കക്ഷിഭേദമന്യേ ജനങ്ങള്‍ ഒരുവശത്തും സ്വകാര്യ വിമാനക്കമ്പനിക്കൊപ്പം സര്‍ക്കാര്‍ മറുവശത്തുമായി നടന്നു വരുന്ന പോരാട്ട സമരത്തില്‍ ധര്‍മ്മത്തിനായിരിക്കും ആത്യന്തിക വിജയമെന്ന ആത്മവിശ്വാസമാണ് ആറന്മുളയിലെ ജനങ്ങള്‍ക്കുള്ളത്.
കുരുക്ഷേത്രത്തിന്റെ മണ്ണില്‍ ധര്‍മ്മസംസ്ഥാപനത്തിനായി തേരാളിയായി മാറിയ ഭഗവാന് കൃഷ്ണന്റെ സാന്നിധ്യം നിറഞ്ഞു നില്ക്കുന്ന ആറന്മുളയുടെ മണ്ണില്‍ അധര്മ്മത്തിന് അന്തിമ വിജയം ലഭിക്കില്ലെന്നും അവര്‍ ഒന്നടങ്കം പറയുന്നു. ഇതെല്ലാം ഭഗവാന്റെ പരീക്ഷണമായിട്ടു കൂടിയാണ് വിമാനത്താവള വിഷയത്തെ ഇവിടുത്തെ ജനസമൂഹം നോക്കിക്കാണുന്നത്. എന്നിരുന്നാലും ധര്മ്മവിജയത്തിനു വേണ്ടി പോരാട്ടം തുടരുമെന്ന് അവര്‍ പ്രഖ്യാപിക്കുന്നു.
500 ഏക്കര്‍ സ്ഥലത്ത് ഒരു വിമാനത്താവളം പണിയാന്‍ കഴിയില്ല. നെടുമ്പാശ്ശേരി 1500 ഏക്കറും തിരുവനന്തപുരം 1300 ഏക്കര്‍ സ്ഥലത്തുമാണ് സ്ഥിതി ചെയ്യുന്നത്. അപ്പോള്‍ പിന്നെ വിമാനത്താവളത്തിന്റെ പേരില്‍ ഭൂമാഫിയകള്‍ക്ക് വയലുകള്‍ മണ്ണിട്ടുനികത്തി കൊള്ളലാഭത്തിന് മറിച്ച് വില്പന നടത്താനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണിതെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര പാര്‍ലമെന്ററി സമിതി, സംസ്ഥാന നിയമസഭാ പരിസ്ഥിതി സമിതി, പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ തുടങ്ങിയവരെല്ലാ ഒന്നടങ്കം ആറന്മുള വിമാനത്താവളം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്കുമ്പോഴും എന്തിനുവേണ്ടിയാണീ പിടിവാശിയെന്നാണ് കര്‍മ്മ സമിതി ചോദിക്കുന്നത്.
ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണം ജീവന് കൊടുത്തും തടയുമെന്ന് ഈ പ്രദേശം സന്ദര്‍ശിച്ചശേഷം പ്രശസ്ത കവയത്രി സുഗതകുമാരി നടത്തിയ പ്രഖ്യാപനം നിര്‍ദ്ദിഷ്ട സ്വകാര്യ വിമാനത്താവളത്തിനെതിരെ അണിചേര്‍ന്നിരിക്കുന്ന ജനങ്ങള്‍ക്ക് നല്കിയ ആവേശം ചെറുതല്ല. ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് ആറന്മുളയില് ഒരു വിമാനത്താവളം സജ്ജമാകില്ലെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരനും വ്യക്തമാക്കുന്നു.
ആറന്മുള ഗ്രാമത്തിന്റെ പാരമ്പര്യവും, സംസ്കൃതിയും അവഗണിച്ച് ജനങ്ങളുടെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഇല്ലാതാക്കിയാല്‍ അത് ഈ ഗ്രാമത്തിന്റെ ആത്മാവിനെ തന്നെ നശിപ്പിക്കുമെന്നുറപ്പാണ്. ഇവിടെ കൃത്രിമമായ വികസനാഭാസങ്ങള്‍ ആവശ്യമില്ലെന്നതില്‍ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. സര്‍ക്കാരിന്റെയും കമ്പനിയുടെയും മോഹന വാഗ്ദാനങ്ങളുടെ വലയില്‍ ജനങ്ങള്‍ വീഴ്ത്തപ്പെടാത്തതും അവരുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണെന്ന് പറയാം.
പൈതൃകഗ്രാമം തനി പഴഞ്ചനും വ്യവസായമേഖല പരിഷ്കൃതവുമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. പൈതൃകം എന്നത് കൃത്രിമമായി ഉണ്ടാക്കിയതല്ല. അത് തലമുറകള്‍ കൈമാറി ഇന്നത്തെ സമൂഹത്തിന് ലഭിച്ച വരപ്രസാദമാണ്. പണവും സമ്പത്തും കൊണ്ട് മാത്രം നാട് നിലനില്‍ക്കില്ല. ആറന്മുളയുടെ സമ്പത്ത് നെല്‍വയലും നീര്‍ത്തടങ്ങളും നീര്‍ച്ചാലുകളും പമ്പാനദിയും പള്ളിയോടങ്ങളും ആറന്മുള കണ്ണാടിയുമാണ്. ഇവയില്‍ ജനങ്ങളുടെ വികാരവും വിശ്വാസങ്ങളും തുടികൊട്ടുന്നു. വ്യവസായ മേഖലയില്‍ വികാരത്തിനും വിശ്വാസത്തിനും സ്ഥാനമില്ല. ലാഭക്കൊതിയും കച്ചവടക്കണ്ണുമ മാത്രമേയുള്ളുവെന്നും ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി നേതൃത്വം വിശദീകരിക്കുന്നു.
വിമാനത്താവളം അനുയോജ്യമായ ഏതു പ്രദേശത്തും നിര്‍മ്മിക്കാവുന്നതേയുള്ളു, പക്ഷേ പൈതൃകം മാറ്റി സ്ഥാപിക്കാനാവില്ല. നെല്‍വയലുകളും നീര്‍ത്തടങ്ങളും മറ്റൊരിടത്ത് പുതുതായി നിര്‍മ്മിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യവും – പൈതൃക ഗ്രാമ കര്‍മ്മസമിതി ചൂണ്ടിക്കാട്ടുന്നു.
ഏതാണ്ട് 600 കിലോ മീറ്ററാണ് കേരളത്തിന്റെ മൊത്തം വ്യോമദൂരം. ഇപ്പോള്‍ തന്നെ 150 കിലോ മീറ്റര്‍ വ്യോമദൂരങ്ങളിലായി നാല് വിമാനത്താവളങ്ങളുണ്ട്. അഞ്ചാമത്തേത് കണ്ണൂരില്‍ ഉയര്‍ന്നു വരുന്നു. നിലവിലുള്ള എയര്‍പോര്‍ട്ടുകള്‍ നിലനില്‍പ്പിനായി ബുദ്ധിമുട്ടുമ്പോഴാണ് യാത്രക്കാരുടെ സൗകര്യാര്‍ത്ഥമെന്ന പേരില്‍ ആറന്മുളയില് ഒരു ഗ്രീന്‍ഫീല്‍ഡ് അസംബന്ധ നാടകം അരങ്ങേറുന്നത്.
ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന ഏകജാലകമെന്ന സംവിധനമാണ് കെ.ജി.എസ്. ഗ്രൂപ്പിന് കുറുക്കുവഴികളിലൂടെ നിയമലംഘനങ്ങള്‍ക്ക് അവസരമൊരുക്കിയതെന്ന് നിരീക്ഷണങ്ങളിലൂടെ കണ്ടെത്താം. 1999-ല്‍ അംഗീകരിച്ച ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് നിയമത്തിലെ വിടവുകള്‍ പരമാവധി മുതലാക്കി നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെ.ജി.എസിന് സര്‍ക്കാര്‍ തന്നെ വഴികാട്ടിയാകുന്നു. ഈ ചട്ടത്തിന്റെ 19-ാം വകുപ്പ് പ്രകാരം വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങള്‍ നിയമസഭ പാസാക്കുന്ന ഏത് നിയമത്തിനും അതീതമാകും.
പ്ലാച്ചിമടയില്‍ കൊക്കോകോള കമ്പനിക്ക് ഭൂഗര്ഭജലമൂറ്റാന് അനുമതി കിട്ടിയതും ഈ ഏകജാലക വ്യവസ്ഥയിലൂടെയാണ്. ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് നിയമത്തിന്റെ 14-ാം വകുപ്പനുസരിച്ച് ഏത് പ്രദേശത്തെയും വ്യാവസായിക ടൗണ്‍ഷിപ്പായി പ്രഖ്യാപിക്കാനും നിയമം നിലവില്‍ വരുന്ന മുറയ്ക്ക് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് എന്നിവയുടെ അധികാര പരിധിയില്‍ നിന്ന് ഈ പ്രദേശങ്ങളെ ഒഴിവാക്കാനും ഇതില്‍ വ്യവസ്ഥയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ആറന്മുളയില് എയര്‍പോര്‍ട്ട് സ്ഥാപിക്കാനായി ഇറങ്ങിപ്പുറപ്പെട്ടവരും കരുനീക്കങ്ങള്‍ നടത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് കൊടുങ്കാറ്റു വേഗതയില്‍ ഒപ്പുവെച്ച ഈ പ്രഖ്യാപനത്തിലൂടെ സ്വകാര്യ വ്യക്തിയുടെ കീശ വീര്‍പ്പിക്കാന്‍ ഒത്താശ ചെയ്തത് ഇടതുപക്ഷ സര്‍ക്കാരാണെങ്കില്‍ ഇന്ന് ഈ പദ്ധതി നടത്തിയെടുക്കണമെന്ന നിര്‍ബന്ധബുദ്ധിയുമായി രംഗത്തുള്ളത് കോണ്‍ഗ്രസ് നേതാക്കളാണ്. എം. പിമാര്‍, എംഎല്‍എ തുടങ്ങിയവരെല്ലാം ഇതിന്റെ അത്യദ്ധ്വാനത്തിലാണ്.
ജനഹിതം മാനിക്കാതെ സ്വകാര്യ താല്പര്യങ്ങള് മാത്രം അംഗീകരിക്കപ്പെടുന്ന സ്ഥിതിവിശേഷത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയാല്‍ മറ്റൊരു സിംഗൂര്‍ ഇവിടെ അരങ്ങേറിക്കുടായ്കയില്ല. നിശബ്ദമായ പ്രക്ഷോഭത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നപക്ഷം ഇത് ഏത് സമയവും ഒരു അഗ്നിപര്‍വ്വതമായി മാറാം. വിമാനത്താവളത്തിനെതിരെയുള്ള ജനരോഷത്തിന്റെ താപനില വളരെ ഉച്ചസ്ഥിതിയിലാണ്.
കെ.ഡി. ഹരികുമാര്‍
(നാളെ: നിയമലംഘനങ്ങളുടെ ഘോഷയാത്ര)
പ്രതികരിക്കാൻ ഇവിടെ എഴുതുക: