തിരുവനന്തപുരം: മന്ത്രിസ്ഥാനം സംബന്ധിച്ചു പരസ്യ പ്രസ്താവനയ്ക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ള വിഷയമാണിത്. തീരുമാനമെടുക്കേണ്ടതു ഹൈക്കമാന്‍ഡ് ആണ്. വിഷയത്തില്‍ തനിക്കു സ്വന്തം അഭിപ്രായമുണ്ട്. പറയേണ്ട സന്ദര്‍ഭത്തിലും സമയത്തും പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ആരു വിചാരിച്ചാലും ജനമനസില്‍ നിന്നും തന്നെ ഇറക്കിവിടാന്‍ കഴിയില്ല. തന്റെ മന്ത്രിസഭാപ്രവേശനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. മന്ത്രിയാകുമോ എന്ന കാര്യം ഹൈക്കമാന്‍ഡ് വിലക്കുള്ളതിനാല്‍ പറയാനാവില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ വാര്‍ഡ് പ്രസിഡന്റ് പോലുമാകും.
താന്‍ ഇതുവരെ പദവികള്‍ക്ക് പിന്നാലെ പോയിട്ടില്ല. തന്നിലെ വിശ്വാസവും പാര്‍ട്ടിയെ വഞ്ചിക്കാത്തതുംകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിച്ചതാണ്. മന്ത്രിസ്ഥാനത്തിന് പിന്നാലെ നടക്കുന്ന ആളെന്ന പ്രചാരണം കൊണ്ട് തകരുന്ന വ്യക്തിത്വമല്ല തന്റേത്. ജനങ്ങളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും മനസില്‍ തനിക്ക് ഇടമുണ്ട്. തന്റെ ഉത്തരാദിത്തം പാര്‍ട്ടി പ്രവര്‍ത്തകരോടാണ്.
കെ.പി.സി.സി പ്രസിഡന്റ് പദവി എല്ലാ മന്ത്രിപദവികള്‍ക്കും മേലെയാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ.പി.സി.സി പ്രസിഡന്റാണ്. എ.ഐ.സി.സി വ്യവസ്ഥ പ്രകാരം രണ്ടേകാല്‍ വര്‍ഷം കൂടി ഈ പദവിയില്‍ തനിക്ക് തുടരാമെന്നും ചെന്നിത്തല പറഞ്ഞു.
സമുദായിക സംഘടനകള്‍ക്കു വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടാകാം. എല്ലാവര്ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അതെല്ലാം കോണ്‍ഗ്രസ് സ്വീകരിക്കണമെന്നില്ല. കേരളം ഭൂമാഫിയയുടെ പിടിയിലാണ്. വിനോദ സഞ്ചാര സാധ്യതകള്‍ മുന്‍കൂട്ടി കണ്ടു ഭൂമാഫിയ വന്‍തോതില്‍ ഭൂമി വാങ്ങുന്നു. ശക്തമായ ഭൂനിയമത്തിന്റെ ആവശ്യം സംസ്ഥാനത്തുണ്ട്.
വികസന കാര്യത്തില്‍ കേരളം കാലത്തിനൊത്തു മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: