ന്യൂദല്‍ഹി: ശ്രീശാന്ത് ഉള്‍പ്പെടെയുള്ള ക്രിക്കത്താരങ്ങള്ക്കെതിരെ മോക്ക നിയമം ചുമത്തിയതിനെതിരെ നിയമവിദഗ്ധര്‍ രംഗത്ത്. താരങ്ങള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ പോലീസ് നടത്തിയ വിലകുറഞ്ഞ നീക്കങ്ങളിലൊന്ന് മാത്രമാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. രാജസ്ഥാന് റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്ദില എന്നിവര്‍ക്കെതിരെയാണ് വിവാദമായ മോക്ക നിയമം ചുമത്തിയത്. ഇതിനെതിരെ ശ്രീശാന്തും മറ്റ് കളിക്കാരും ഇന്ന് കോടതിയെ സമീപിക്കും.
ഐപിഎല്‍ വാതുവെയ്പില്‍ പ്രമുഖര്‍ക്ക് ജാമ്യം ലഭിച്ചതിന് പിറ്റേ ദിവസമായിരുന്നു ദല്‍ഹി പോലീസിന്റെ വിവാദമായ നടപടി. ചെന്നൈ സൂപ്പര്‍കിംഗ്സ് ഉടമയായ ഗുരുനാഥ് മെയ്യപ്പന്, ടെലിവിഷന്‍ താരം വിന്ദു ധാരാസിംഗ്, കൂടാതെ ആറ് വാതുവെയ്പുകാര്ക്കും ചൊവ്വാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച മൂന്ന് താരങ്ങള്‍ക്കെതിരെ പോലീസ് മോക്ക ചുമത്തുകയായിരുന്നു.
മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ കെ.ടി.എസ്. തുള്‍സി പോലീസ് നടപടിയെ ഭീരുത്വം എന്ന് വിശേഷിപ്പിച്ചു. മുംബൈ കോടതി അറസ്റ്റിലായവരില്‍ ചിലര്‍ക്ക് ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ദല്‍ഹി പോലീസ് ധൃതിപിടിച്ചാണ് മോക്ക നിയമം ചുമത്താന്‍ തീരുമാനിച്ചത്. കൊടുംക്രൂരതകള്‍ക്ക് കനത്ത ശിക്ഷ നല്കാന് കഴിയുന്നതാണ് മോക്ക നിയമം. എന്നാല്‍ വഞ്ചന, വിശ്വാസ്യതയുടെ ചോദ്യംചെയ്യല്‍ തുടങ്ങിയവക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഒരു നിയമമല്ലിത്, തുള്‍സി പറയുന്നു.
ശ്രീശാന്തിനെയും മറ്റ് ക്രിക്കറ്റ് താരങ്ങളെയും ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും കണ്ടെത്താന്‍ പോലീസിനായിട്ടില്ല. വാതുവെയ്പിന് പിന്നില്‍ അധോലോകത്തിന്റെ കറുത്ത കരങ്ങള്‍ ഉണ്ടെന്ന് താരങ്ങള്ക്കറിയില്ലെങ്കില് എങ്ങനെ അവര്‍ക്കെതിരെ മോക്ക ചുമത്താനാകും. നിലവിലുള്ള സാഹചര്യത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഊഹാപോഹങ്ങളില്‍ കെട്ടിച്ചമച്ച കേസ് പോലെയാണ് കോടതിക്ക് ബോധ്യപ്പെടാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ അഭിഭാഷകനായ രമേഷ് ഗുപ്തയും കേസ് നിലനില്‍ക്കില്ലെന്ന അഭിപ്രായക്കാരനാണ്. മോക്ക നിയമം ഇവിടെ ദുരുപയോഗംചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഐപിഎല്‍ മത്സരങ്ങളില്‍ വാതൂവെയ്പ് നടത്തിയതായി രാജസ്ഥാന് റോയല്‍സ് ടീമുടമ രാജ് കുണ്ട്ര സമ്മതിച്ചതായി ദല്‍ഹി പോലീസ് അവകാശപ്പെട്ടു. ഇടനിലക്കാരുടെ സഹായത്തോടെ തന്റെ സ്വന്തം ടീമിന്റെ കളികളില്തന്നെയാണ് വാതുവെയ്പ് നടത്തിയതെന്ന് അറസ്റ്റിലായ രാജ് കുണ്ട്ര കുറ്റസമ്മതം നടത്തിയെന്നും ഇതിലൂടെ വന്‍തുക നഷ്ടമായെന്നും അദ്ദേഹം പറഞ്ഞതായി ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. എന്നാല്‍ കുണ്ട്രയുടെ പേരില്‍ വാതുവെയ്പ് കേസ് ചുമത്താന്‍ പോലീസ് തയ്യാറല്ല. രാജസ്ഥാന് റോയല്‍സിന് കുണ്ട്രയുടെ ഭാര്യയും ബോളിവുഡ് നായികയുമായ ശില്‍പ്പ ഷെട്ടിയുള്‍പ്പെടെ നാല് ഉടമസ്ഥരാണുള്ളത്.
അഹമ്മദാബാദിനെതിരെയുള്ള മത്സരത്തിന് മുമ്പ് കുണ്ട്രയുടെ ബിസിനസ് പങ്കാളി ഉമേഷ് ഗോയങ്കെ പിച്ചിന്റെ സ്വഭാവവും ടീമിനെക്കുറിച്ചുള്ള വിവരങ്ങളുമറിയാന്‍ തന്നെ സമീപിച്ചിരുന്നുവെന്ന് രാജസ്ഥാന് റോയല്‍സ് താരം സിദ്ധാര്‍ത്ഥ് ത്രിവേദി വെളിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: