ന്യൂദല്‍ഹി: ഐ.പി.എല്‍ ക്രിക്കറ്റ് ടീം രാജസ്ഥാന് റോയല്‍സിന്റെ ഉടമയും ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര വാതുവയ്പ്പുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചതായി ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ അറിയിച്ചു.
ഉമേഷ് ഖോങ്ഗയുമായാണ് കുന്ദ്ര വാതുവയ്പ്പ് നടത്തിയതെന്നും രാജസ്ഥാന് റോയല്‍സിനെ തന്നെ വാതുവയ്പ്പിനായി കുന്ദ്ര ഉപയോഗിച്ചെന്ന് കുമാര്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.
ഗോംഖയെ ചോദ്യം ചെയ്യുമ്പോഴായിരുന്നു രാജസ്ഥാന് റോയല്‍സിന്റെ ഉടമകളിലൊരാളായ കുന്ദ്രയ്ക്ക് വാതുവയ്പ്പുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത്.
എന്നാല്‍ ഉമേഷ് തന്റെ ഭര്‍ത്താവ് കുന്ദ്രയുടെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് നടി ശില്‍പ്പാ ഷെട്ടി പ്രതികരിച്ചു. നേരത്തെ രാജ് കുന്ദ്ര അന്വേഷണം കഴിയുന്നതുവരെ രാജ്യം വിടരുതെന്ന് ദല്‍ഹി പോലീസ് നിര്ദ്ദേശി്ക്കുകയും കുന്ദ്രയുടെ പാസ്പോര്‍ട്ട് പോലീസ് പിടിച്ചു വയ്ക്കുകയും ചെയ്തിരുന്നു.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നാണ് അറിയുന്നത്. കുന്ദ്രയെ ഇന്നലെ പന്ത്രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പൊലീസിന്റെ ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാത്തതിനാല് സംശയം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
പ്രോസിക്യഷന് സാക്ഷിയായ സിന്ദാര്‍ഥ് ത്രിവേദിയുടെ മൊഴിയനുസരിച്ചും ടീമിന്റെ ഉടമസ്ഥതയിലെ സംബന്ധിച്ച സംവിധാനത്തെ പറ്റിയുമാണ് പോലീസ് ചോദിച്ചതെന്നാണ് അറിയുന്നത്. തന്നെ ചോദ്യം ചെയ്തത് ദല്‍ഹി പോലീസിന് കൂടുതല്‍ സഹായകരമാകുമെന്ന് കരുതുന്നതായി കുന്ദ്ര ഇന്നലെ രാത്രിയില്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജ്കുന്ദ്രയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഉമേഷ് ഗോംഖെയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്. രാജസ്ഥാന് ടീമില്‍ കുന്ദ്രയ്ക്ക് 11.7 ശതമാനം ഓഹരിയാണുള്ളത്. കുന്ദ്രയ്ക്ക് പുറമെ ലളിത് മോദിയുടെ സഹോദരന് സുരേഷ് ചെല്ലാരത്തിന് 43 ശതമാനവും മനോജ് ബദാലെയ്ക്ക് 34 ശതമാനവും ഓഹരിയുണ്ട്.
സ്റ്റീല്‍ ബിസിനസ്സില്‍ 42 ശതമാനം ഓഹരിയാണ് കുന്ദ്രയക്കുള്ളത്. പങ്കാളിയായ ഗോംഖെയ്ക്ക് 16ശതമാനമാണ് ഇതില്‍ ഓഹരിയുള്ളത്. കുന്ദ്രയക്ക് വാതുവയ്പ്പില്‍ പങ്കുണ്ടെന്നും എന്നാല്‍ ഒത്തുകളിയില്‍ പങ്കിലെന്നുമാണ് പോലീസില്‍ നിന്നും അറിയുന്നത്.
ത്രിവേദിയുടെ മൊഴിയനുസരിച്ച് ഗോംഖെ തന്നെ സമീപിച്ചുവെന്നും അഹമ്മദാബാദിലെ പിച്ചിനെ കുറിച്ചും ടീം ഘടനയെ കുറിച്ചു തിരക്കിയെന്നുമാണ് അറിയുന്നത്. ഇതനുസരിച്ചാണ്ഗോംഖെയെ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: