തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെതുടര്‍ന്ന് അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിന് മുന്നില്‍വെച്ച് ഓട്ടോയിലെത്തിയ എതിര്‍സംഘം വെട്ടിപരിക്കേല്‍പ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് മരിച്ചു. അയ്യന്തോള്‍ ഈച്ചരത്ത് വീട്ടില്‍ ബാലകൃഷ്ണന് മകന് മധു(40)ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം.
കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ തൊഴുത് പുറത്തേക്കിറങ്ങിയ മധുവിനെ ഓട്ടോയില്‍ കാത്തുനിന്നസംഘം ക്ഷേത്രത്തിന് മുന്നിലിട്ട് തുരുതുരാ വെട്ടുകയാണുണ്ടായത്. ഉടന്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തരമണിയോടെ മരണമടയുകയാണുണ്ടായത്. ഏതാനും നാള്‍മുമ്പ് പ്രോംജി എന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ച കേസ്സില്‍ പ്രതിയാണ് മധു. ഈ കേസ്സില്‍ ജാമ്യമെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് തക്കംപാത്തുനിന്ന എതിര്‍വിഭാഗം ആക്രമണം നടത്തിയത്.
തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഗുരുതരമായി വെട്ടേറ്റ മധുവിന്റെ ജീവന് രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. സംഭവം അറിഞ്ഞ് സിറ്റിപോലീസ് കമ്മീഷണര്‍ പി.പ്രകാശ്, തൃശൂര്‍ എ.സി.പി ചന്ദന്‍ ചൗധരി, വെസ്റ്റ് സി.ഐ എ.രാമചന്ദ്രന്, എസ്.എച്ച്.ഒ ഹരിശങ്കര്‍ ഐ.പി.എസ് തുടങ്ങിയ ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവരികയാണ്.
മരണവിവരം അറിഞ്ഞ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ആശുപത്രിയില്‍ തടിച്ചുകൂടിയിട്ടുണ്ട്. ആശുപത്രിപരിസരത്തും സ്ഥലത്തും സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തിവരികയാണ്. സ്ഥലത്ത് കനത്തപോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: