കാസര്‍കോട്: കോണ്‍ഗ്രസ്സിലും ഭരണമുന്നണിയിലും സ്ഥാനമാനങ്ങള്‍ സംബന്ധിച്ച വിഴുപ്പലക്കല്‍ അനിശ്ചിതമായി നീളുന്നതോടെ സംസ്ഥാനത്ത് ഭരണസ്തംഭനം. വകുപ്പ് മാറ്റം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ കൈക്കൊള്ളേണ്ട നടപടികള്‍ പോലും ഉപേക്ഷിച്ച് മന്ത്രിമാര്‍ ഉദ്ഘാടന പരിപാടികളില്‍ സമയം ചെലവിടുകയാണിപ്പോള്‍. കാലവര്‍ഷമെത്തിയതോടെ പകര്‍ച്ചവ്യാധികളുടെ പിടിയിലമര്‍ന്നിരിക്കുന്ന സംസ്ഥാനത്ത് രണ്ടാഴ്ചയായി തുടരുന്ന അധികാര തര്‍ക്കത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനമാണ് ഏറ്റവുമധികം നിര്‍ജ്ജീവമായിരിക്കുന്നത്.
ജില്ലകള്‍തോറും നടത്താനിരുന്ന ആരോഗ്യ അദാലത്തുകള്‍ ഉപേക്ഷിച്ച് മന്ത്രി വി.എസ്.ശിവകുമാര്‍ കുടുംബസമേതം മൂകാംബിക യാത്രയിലാണിപ്പോള്‍. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം റവന്യുവകുപ്പും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നിരുന്നു. അടൂര്‍ പ്രകാശില്‍ നിന്നും റവന്യുവകുപ്പ് ചെന്നിത്തലയ്ക്ക് നല്കിയാല് നേരത്തെ അടൂര്‍ പ്രകാശ് കൈവശം വെച്ചിരുന്ന ആരോഗ്യ വകുപ്പ് തിരികെ നല്‍കേണ്ടി വരും. കോണ്‍ഗ്രസ്സിലെ തര്‍ക്കം മുന്നണിയിലേക്കുകൂടി കടന്നതോടെ സമവായമുണ്ടാകാന്‍ വന്‍ അഴിച്ചുപണി തന്നെ വേണ്ടി വന്നേക്കുമെന്ന സാഹചര്യവുമുണ്ട്. വകുപ്പില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ നയപരമായ തീരുമാനങ്ങളോ ആസൂത്രണമോ കൈക്കൊള്ളുന്നതില്‍ നിന്നും മന്ത്രി പിന്നോക്കം പോകുന്നതാണ് ആരോഗ്യവകുപ്പിനെ നിര്ജ്ജീവമാക്കിയിരിക്കുന്നത്.
ആരോഗ്യ രംഗത്തെ പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ അദാലത്തുകള്‍ നടന്നു.
എന്നാല്‍ യുഡിഎഫില്‍ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ അദാലത്തുകള്‍ തിടുക്കപ്പെട്ട് മാറ്റിവയ്ക്കുകയായിരുന്നു. കാസര്‍കോട് ഇന്നും കണ്ണൂരില്‍ മൂന്നിനുമായിരുന്നു അദാലത്ത് നിശ്ചയിച്ചിരുന്നത്. അദാലത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കെ ഒരുദിവസം മുമ്പാണ് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അദാലത്ത് മാറ്റിയതായി അറിയിപ്പ് ലഭിച്ചത്. എന്നാല്‍ പുതിയ തീയ്യതി തീരുമാനിച്ചിട്ടുമില്ല.
പ്രധാനപ്പെട്ട മറ്റൊരു പരിപാടി ഉള്ളതിനാലാണ് അദാലത്ത് മാറ്റിയതെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂകാംബികയിലേക്ക് പുറപ്പെട്ട മന്ത്രി തിരിച്ചുവരുംവഴി ഇന്ന് കാസര്‍കോട്ടെ മറ്റൊരു പരിപാടിയില്‍ പങ്കെടുത്തേക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഇന്ന് കാസര്കോട്ടുവഴി കടന്നുപോകുന്ന മന്ത്രി തിരക്ക് ചൂണ്ടിക്കാട്ടി അദാലത്ത് ഉപേക്ഷിച്ചതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. മൂന്നിന് കണ്ണൂരില്‍ നടക്കേണ്ട അദാലത്ത് മാറ്റിയതിനും വ്യക്തമായ കാരണമില്ല. നാലിന് പത്തനംതിട്ടയില്‍ നടക്കേണ്ട പരിപാടി മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
പകര്‍ച്ചവ്യാധികളെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആസൂത്രണം ചെയ്യേണ്ട സാഹചര്യത്തിലാണ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ അനാസ്ഥ അരങ്ങേറുന്നത്. അദാലത്തിന്റെ ഭാഗമായി ജില്ലാതല അവലോകനവും ഉദ്ദേശിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാത്രം പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 6438 ആണ്. മലയോരപ്രദേശങ്ങളില്‍ മഞ്ഞിപ്പിത്തവും ഡെങ്കിപ്പനിയും ബാധിച്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടര്‍മാരും മരുന്നുകളും ഇല്ലാത്തതിനാല്‍ പനിച്ചെത്തുന്നവര് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും വെറുംകയ്യോടെ മടങ്ങുന്നു.
മഴക്കാലത്ത് സ്ഥിതി ഗുരുതരമാകുമെന്ന് കഴിഞ്ഞ മാസം ആരോഗ്യ വകുപ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാറില്‍ നിന്നും വ്യക്തമായ നിര്‍ദ്ദേശം ഇല്ലാതായതോടെ ആരോഗ്യ വകുപ്പ് അധികൃതരും പകച്ചു നില്‍ക്കുകയാണ്. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ആരോഗ്യരംഗത്തെ കേരള മോഡലിനെ പരിഹാസ്യമാക്കുമ്പോഴും ക്രിയാത്മകമായ ഇടപ്പെടലുകള്‍ നടത്താതെ വിവാദങ്ങളില്‍ മുങ്ങിത്തപ്പുകയാണ് ഭരണ നേതൃത്വം.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: