കോഴിക്കോട്: കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന് നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് എതിരെ വിദ്യാര്ത്ഥിയുവജനസംഘടനകളുടെ പ്രതിഷേധം. പോലീസ് ലാത്തിചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധിപേര്‍ക്ക് പരിക്ക്. ഇന്നലെ പരീക്ഷനടന്ന മുക്കം കളന്തോട് എം.ഇ.എസ് രാജാ റസിഡന്‍ഷ്യല്‍ സ്കൂളിലേക്കാണ് രാവിലെ മുതല്‍ വിവിധസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നത്.
എബിവിപി, കെഎസ്യു, എഐഎസ്എഫ്, എഐവൈഎഫ്, എസ്എഫ്ഐ സംഘടനകളാണ് വിവിധ സമയങ്ങളിലായി മാര്‍ച്ച് നടത്തിയത്. ഉച്ചയ്ക്ക്ശേഷം നടന്ന എഐഎസ്എഫ്- എസ്എഫ്ഐ മാര്‍ച്ചിലാണ് വ്യാപാക അക്രമം അരങ്ങേറിയത്. മാര്‍ച്ച് നടത്തിയ എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തന്നെ തമ്മില്‍ തല്ലി. സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മാര്‍ച്ച് അക്രമാസക്തമായതിനെതുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ്ജും കണ്ണീര് വാതകവും പ്രയോഗിച്ചു എന്നാല്‍ കനത്ത പോലീസ് ബന്തവസ്സില്‍ പരീക്ഷ നടന്നു.
എട്ട് സ്വകാര്യമെഡിക്കല്‍ കോളജുകളിലെ 316 സീറ്റുകളിലേക്കാണ് പ്രവേശന പരീക്ഷ നടന്നത്. 1319 അപേക്ഷകരില്‍ 964 പേര് പരീക്ഷയെഴുതി. ചോദ്യപേപ്പര്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ചോര്ത്തിനല്കിയെന്നാരോപിച്ചാണ് പ്രതിഷേധം നടന്നത്. എന്നാല്‍ മുഹമ്മദ് കമ്മിറ്റി നിയോഗിച്ച നിരീക്ഷകര്‍ക്കാണ് പരീക്ഷയുടെ നടത്തിപ്പിന്റെ മുഴുവന്‍ ചുമതലയെന്നും പരീക്ഷയുടെ സജ്ജീകരണങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് മാത്രമാണ് അസോസിയേഷന്റെ ചുമതലയെന്നും മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. ചോദ്യം തയ്യാറാക്കിയതും പരീക്ഷാ നടത്തിയതും മൂല്യനിര്‍ണ്ണയവും ഇവരുടെ ചുമതലയിലാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. എന്നാല്‍ ലക്ഷങ്ങള്‍ നല്കി നേരത്തെ സീറ്റ് ഉറപ്പിച്ചവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: