കോഴിക്കോട്: സീപ്ലെയിന്‍ പദ്ധതി ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയുടെ സര്‍വ്വനാശത്തിന് വഴിയൊരുക്കുമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍.പി. രാധാകൃഷ്ണന് പറഞ്ഞു. പദ്ധതിമൂലം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കുമെന്നും പരിസ്ഥിതി സന്തുലിതാവസ്ഥ തകരുമെന്നുമുള്ള ആശങ്കയിലാണ് മത്സ്യത്തൊഴളിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരും. ഈ എതിര്‍പ്പിനെ വകവെക്കാതെയാണ് പദ്ധതി നടപ്പാക്കാന്‍ പോകുന്നത്.
അഞ്ച് സ്വകാര്യ കമ്പനികളുടെ നിരവധി കടല്‍വിമാനങ്ങള്‍ നമ്മുടെ കായലിലൂടെ സഞ്ചരിച്ച് തുടങ്ങിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് കായലിനെയും മത്സ്യത്തെയും അടുത്തറിയുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കരുതുന്നു. മത്സ്യങ്ങളുടെ ആവാസവ്യവസ്ഥിതിയും പരിസ്ഥിതിയും ഇപ്പോള്‍തന്നെ ഭീഷണിനേരിടുന്നുണ്ട്. അനധികൃതമായി കായല്‍ കയ്യേറിയും മലിനജലം ഒഴുക്കിവിട്ടും തകര്‍ച്ച നേരിടുന്ന കായലിലേക്കാണ് ആകാശവിമാനങ്ങള്‍ പറന്നിറങ്ങാന്‍ പോകുന്നത്. ഇതുണ്ടാക്കുന്ന ശബ്ദമലിനീകരണവും ഓളങ്ങളും കായലിലെ സ്വച്ഛന്ദമായ അവസ്ഥയെ തകിടം മറിക്കും. ടൂറിസത്തിന്റെ പേരിലുള്ള എമര്‍ജിംഗ് പദ്ധതി നിര്‍ദ്ദിഷ്ട കായല്‍പ്രദേശത്ത് പരമ്പരാഗതമായി താമസിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരെയും അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളെയും കണക്കിലെടുക്കാതെയാണ് നടപ്പിലാക്കാന്‍ പോകുന്നത്. യാതൊരു ശബ്ദവും ഓളവും ഉണ്ടാവുകയില്ലെന്ന് ടൂറിസം മന്ത്രിയുടെയും അരയന്നങ്ങള്‍ പറന്നിറങ്ങുന്നതുപോലെ സുന്ദരമാണെന്ന വ്യവസായമന്ത്രിയുടെയും പ്രസ്താവനകള്‍ മത്സ്യത്തൊഴിലാളികളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും പരിഹസിക്കുന്നതായി മാത്രമേ കാണാന്‍ സാധിക്കൂ.
നിലവിലുള്ള സ്ഥിതിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍പോലും മത്സ്യങ്ങള്‍ ഗതിമാറിപോകുന്നതിനിടയാക്കും. കായലിലെ തനതുപരിസ്ഥിതി നഷ്ടപ്പെട്ടാല്‍ മത്സ്യങ്ങളുടെ ആവാസവും പ്രജനനവും തകരാറിലാവും. മത്സ്യസമ്പത്തിന്റെ സര്‍വ്വനാശമായിരിക്കും ഫലം. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ മരണമണിയാകും സീപ്ലെയിന്‍ പദ്ധതിയിലൂടെ സംഭവിക്കുന്നത്.
പതിനായിരക്കണക്കിനാളുകളുടെ ഉപജീവനത്തെ കാണാതെ സീപ്ലെയിന്‍ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കാനും ശക്തമായ സമരങ്ങള്‍ക്കും തയ്യാറെടുക്കുകയാണ്. മത്സ്യമേഖലയിലെ ജനങ്ങളേയും മത്സ്യത്തൊഴിലാളി സംഘടനകളെയും അവരുടെ വികാരത്തെയും കണക്കിലെടുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: