മലപ്പുറം: ആദിവാസി ശിശുമരണങ്ങള്‍ക്ക് കേരളം വലിയ വിലകൊടുക്കേണ്ടിവരുമെന്ന് സൂചന. പോഷകാഹാരക്കുറവ് മൂലം ആദിവാസി നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഗൗരവത്തോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഐക്യരാഷ്ട്രസഭയും ആംനസ്റ്റിഇന്റര്നാഷണലും സംഭവത്തില്‍ ഇടപെടാനും അന്വേഷണം നടത്താനും തീരുമാനിച്ചതോടെ കേരളസര്‍ക്കാര്‍ രാജ്യാന്തര സമൂഹത്തിനുമുന്നില്‍ പ്രതികൂട്ടിലാകുകയാണ്.
ആഫ്രിക്കന്‍ ദരിദ്രരാജ്യങ്ങളായ സോമാലിയ, എത്യോപ്യ എന്നിവിടങ്ങളില്‍ പട്ടിണിമരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ സാഹചര്യമാണ് കേരളത്തിലെ ആദിവാസികളുടെതെന്നാണ് ബിബിസി ഉള്‍പ്പെടെയുള്ള രാജ്യാന്തരമാധ്യമങ്ങള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതോടെ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കേരളമോഡല്‍ വികസനത്തിന്റെ പേരില്‍ മേനിനടിക്കാന്‍ ഇനി ആര്‍ക്കുമാകില്ല. ആദിവാസി ജനവിഭാഗങ്ങളും മറ്റു പിന്നാക്ക-പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളും കേരളത്തില്‍ കടുത്ത ചൂഷണവും വിവേചനവും നേരിടുന്നുണ്ട് എന്ന വസ്തുത ഇതാദ്യമായി രാജ്യാന്തരശ്രദ്ധയില്‍ എത്തുകയാണ്.
ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന കോടികളുടെ പരിധിയില്‍ യഥാര്ഥന്യൂനപക്ഷങ്ങളായ ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളമോഡലിനെ പഠനവിധേയമാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞന്മാര് ഈ ഗുരുതരമായ അസമത്വത്തെ നേരത്തെതന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും അഹന്ത ബാധിച്ച രാഷ്ട്രീയ നേതൃത്വം അതിനെ പുച്ഛിച്ചുതള്ളുകയായിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ആദിവാസി ശിശുമരണങ്ങള്‍ കേരളത്തിന്റെ പ്രതിച്ഛായയെ തകര്‍ക്കുകയും രാജ്യാന്തരതലത്തിലുള്ള ക്രയവിക്രയശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നാണ് സാമ്പത്തികശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
എമര്‍ജിംഗ്കേരള, ജിം തുടങ്ങിയ പേരുകളില്‍ വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാനത്ത് പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരണം തുടര്‍ക്കഥയാകുന്നത് രാജ്യാന്തരസമൂഹത്തില്‍ കേരളത്തെ പരിഹാസ്യമാക്കുയാണ്. ആദിവാസിവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിദേശ രാജ്യങ്ങളുടെ കോടിക്കണക്കിന് രൂപയുടെ സഹായം കേരളം കൈപ്പറ്റിയിട്ടുണ്ട്. ഈ പണം ശരിയാംവണ്ണം വിനിയോഗിക്കപ്പെട്ടിട്ടില്ല എന്ന സൂചനയാണ് ശിശുമരണങ്ങള്‍ നല്‍കുന്നത്. അട്ടപ്പാടിയില്‍മാത്രം ഇത്തരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും ജപ്പാന്റെയും കോടികളുടെ ഗ്രാന്റ് സര്‍ക്കാര്‍ ചെലവഴിച്ചതായി രേഖകളുണ്ട്. എന്നാല്‍ സ്ഥിതി ഇപ്പോഴും ശോചനീയമായി തുടരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന്സര്ക്കാര് മറുപടിപറയേണ്ടിവരും.
അട്ടപ്പാടി മേഖലയില്‍ കുടിവെള്ള വിതരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാനായി ജപ്പാന് സര്‍ക്കാര്‍ മുന്നോട്ടുവച്ച 1000 കോടി രൂപയുടെ സഹായപദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിച്ചുവരുന്നതിനിടെയാണ് ശിശുമരണങ്ങളുടെ വിവരം പുറത്തുവരുന്നത്. കാലാവധി പൂര്‍ത്തിയായ അഹാഡ്സിനുപകരം മറ്റൊരു ഏജന്‍സിയെ ഈ പദ്ധതി ഏല്‍പ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടന്നുവരികയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജപ്പാന് ഇനി ഈ ഫണ്ട് നല്‍കുമോ എന്ന കാര്യം സംശയമാണ്. വിദേശ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും ഇനി കൂടുതല്‍ മോണിറ്ററിംഗ് വേണമെന്ന് സഹായം നല്കുന്ന രാഷ്ട്രങ്ങള്‍ ആവശ്യപ്പെടാനും ഇടയുണ്ട്. ഐക്യരാഷ്ട്ര സഭയുടെയും ആംനസ്റ്റിയുടെയും ഇക്കാര്യത്തിലെ റിപ്പോര്‍ട്ട് കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാകും.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: