പാലക്കാട്: മലബാര്‍ സിമന്റ്സിലെ മലിനീകരണനിയന്ത്രണ സംവിധാനമായ ബാഗ് ഹൗസ് യന്ത്രത്തകരാറുമൂലം തകര്‍ച്ചയെ നേരിടുന്നു. 1984-ല്‍ കമ്പനിയുടെ ആരംഭം മുതല്‍ ഉണ്ടായിരുന്ന ഇലക്ട്രോസ്റ്റാറ്റിക് പ്രസിപ്പറേറ്റര് (ഇ.എസ്.ടി), ഗ്യാസ്കണ്ടെയ്നിങ് ടവര്‍(ജി.എസ്.ടി) എന്നിവ യഥാസമയം അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ബാഗ് ഹൗസ് നിര്‍മ്മിക്കേണ്ട ആവശ്യം ഉണ്ടാവുമായിരുന്നില്ല.
ധൃതിപിടിച്ച് ബാഗ് ഹൗസ് നിര്‍മിക്കണമെന്ന തീരുമാനം എടുത്തതിനുപിന്നില്‍ ആരാണെന്നതിനുള്ള ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. അഞ്ചുകോടി രൂപ ചെലവിലാണ് നിര്‍മാണം ആരംഭിച്ചതെങ്കിലും ഇന്നത് 14 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ അഴിമതി നടന്നെന്ന ആരോപണത്തെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടന്നുവരുന്നു. അതിനിടയിലാണ് കഴിഞ്ഞദിവസം അത് തകരാറിലായത്. തകരാര്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്.
ബാഗ് ഹൗസിന്റെ ഭാഗമായ പ്രീ ഹീറ്റര്‍ ഫാന്‍ ഒന്നരവര്‍ഷം മുമ്പ് പൊട്ടിത്തെറിക്കുകയുണ്ടായി. ഇതിന് ഉത്തരവാദികളെന്ന് കരുതപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തിയപ്പോള്‍ ശിക്ഷിക്കപ്പെട്ടത് കേവലം ഷിഫ്റ്റ് ഓഫീസറാണ്. ഇദ്ദേഹത്തിന് ടെര്മിനേഷന്വരെ എത്തുകയും ചെയ്തു. ഇത്തരത്തില്‍ മലബാര്‍ സിമന്റ്സില്‍ കോടിക്കണക്കിന് രൂപയുടെ ദുര്‍വിനിയോഗമാണ് വര്‍ഷങ്ങളായി നടന്നുവരുന്നത്. പലതും അഴിമതിക്ക് ഇടയാക്കുകയും നിരവധിപേര്‍ക്ക് സ്ഥാനം തെറിക്കുകയും ചെയ്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: