അഞ്ചല്‍: അരിപ്പയില്‍ വനവാസികള്‍ ഒറ്റയ്ക്കല്ലെന്നും ജീവിക്കാനുള്ള ദളിതരുടെ അവകാശത്തെ തടയരുതെന്നും കേരളാ പുലയര്‍ മഹാസഭ സംസ്ഥാന സെക്രട്ടറി ടി.വി. ബാബു. കാട്ടില്‍ കഴിയുന്നുര് ഒറ്റയ്ക്കല്ല. മുഴുവന്‍ ദളിത് സംഘടനകളും മനുഷ്യത്വ പ്രസ്ഥാനങ്ങളും അരിപ്പ ഭൂസമരത്തോടൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുളത്തൂപ്പുഴയിലെ അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷുദ്രശക്തികളെ ഉപയോഗിച്ച് സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടേത് വ്യാമോഹമാണ്. ആവശ്യമെങ്കില്‍ മുഴുവന്‍ ദളിത് സംഘടനകളെയും സംഘടിപ്പിച്ച് സമരം ഭരണസിരാകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ബാബു പറഞ്ഞു. അരിപ്പയിലേത് മനുഷ്യാവകാശത്തിന്റെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും പ്രശ്നമാണ്. എത്രയും വേഗം സര്‍ക്കാര്‍ സമരത്തിലിടപെട്ട് ഭൂരഹിതര്‍ക്ക് രണ്ട് ഏക്കര്‍ വീതം ഭൂമി നല്‍കണമെന്ന് സംഘത്തിലുണ്ടായിരുന്ന കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് നീലകണ്ഠന് മാസ്റ്റര്‍ ആവശ്യപ്പെട്ടു. സംഘം സമരഭൂമിയില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. സമരസമിതി നേതാക്കളായ സനാതനന്, ശ്രീരാമന് കൊയ്യോന്‍, കെ.പി. തങ്കപ്പന്, രതീഷ് എന്നിവര്‍ പങ്കടുത്തു.
അതേ സമയം കൃഷിഭൂമിക്കും തല ചായ്ക്കാനിടത്തിനും വേണ്ടി ആദിവാസി ദളിത് മുന്നേറ്റ സമിതി നടത്തുന്ന അരിപ്പ ഭൂസമരത്തിന് ജനപിന്തുണ ഏറുകയാണ്. ഭൂസമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചും ഉപരോധിച്ചും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷം ജന്മഭൂമിയാണ് പുറംലോകത്തെ അറിയിച്ചത്. തുടര്‍ന്ന് ഹിന്ദു ഐക്യവേദി ജില്ലാ നേതൃത്വം സഹായവുമായെത്തുകയും ആറന്മുള സമരനായകന് കുമ്മനം രാജശേഖരന് സമരഭൂമി സന്ദര്‍ശിക്കുകയും ചെയ്തു.
സര്‍ക്കാര്‍ വക മിച്ചഭൂമിയില്‍ കുടില്‍കെട്ടി സമാധാനപരമായി സമരം നടത്തുന്ന ആദിവാസി ജനതയെ മാവോയിസ്റ്റുകളായി ചിത്രീകതിക്കാന് നടത്തിയ ശ്രമങ്ങളുടെ മുനയൊടിഞ്ഞതാണ് ഇപ്പോള്‍ വിവിധ സംഘടനാ നേതൃത്വങ്ങള്‍ക്ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പ്രേരണയായത്.
യാക്കോബായ സഭാ നേതാക്കന്മാരായ യാക്കോബായ പ്രഥമന്‍ കത്തോലിക്കാ ബാവ, മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ സമരഭൂമിയിലെത്തിയിരുന്നു. നേരത്തെ സമരത്തെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് നേതാക്കന്മാരായ ജില്ലാ പഞ്ചായത്തംഗം സഞ്ജയ് ഖാന്, പഞ്ചായത്ത് പ്രസിഡന്റ് സുഭിലാഷ് കുമാര്‍, ബിഎസ്പി നേതാവ് അച്ചന്‍കോവില്‍ രാജന്, പങ്കജാക്ഷന് എന്നിവരും സമരഭൂമിയിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: