ഭാവനകളിലെ നിറക്കൂട്ടുകള്‍ ചുമര്‍ചിത്രകലയില്‍ വിന്യസിച്ച് വസന്തം തീര്‍ക്കുകയാണ് നന്ദിത ബാബു. കുടുംബത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിശബ്ദരാകുന്ന കലാകാരികള്‍ക്കിടയില്‍ വ്യത്യസ്തയാണ് നന്ദിനി. രണ്ട് കുട്ടികളുടെ അമ്മയായ നന്ദിതക്കും മറ്റുള്ളവരെപ്പോലെ കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കണം. വീട്ടുകാര്യങ്ങള്ക്കിടയിലാണ് ചിത്രരചനക്ക് സമയം കണ്ടെത്തുന്നത്. ഏറെ ക്ഷമയും അര്‍പ്പണവും ഭക്തിയും വേണ്ട ചുവര്ചിത്രരചനയിലാണ് നന്ദിത സക്രിയയാകുന്നത്. ആറ് വര്‍ഷമായി പ്രശസ്ത ചുവര് ചിത്രകാരന് രജീവ് അയ്യമ്പുഴയുടെ ശിഷ്യത്വത്തില്‍ ചുമര് ചിത്രരചന നടത്തുകയാണ് ഈ കലാകാരി.
നാല് വര്‍ഷം മുമ്പ് ചുമര് ചിത്രങ്ങളെ കോര്‍ത്തിണക്കി ആലേഖ്യ എന്ന ചിത്രകലാഗ്രൂപ്പിന് രൂപം നല്‍കിയത് നന്ദിതയുടെ ആശയത്തിലൂടെയായിരുന്നു. എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലടക്കം നിരവധി വീടുകളിലും ചുമര് ചിത്രരചന നടത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ ഇന്ത്യയ്ക്ക് അകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി ചിത്രങ്ങള്‍ രചിക്കാന്‍ സാധിച്ചതിലെ സന്തോഷവും ഈ കലാകാരി മറച്ചു വയ്ക്കുന്നില്ല. ചുമര്‍ചിത്രകലയുടെ അടിസ്ഥാന പ്രമാണങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് ധ്യാനശ്ലോകങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് വ്യതിചലിക്കാതെ കര്‍ശന നിയമങ്ങള്‍ പാലിച്ചാണ് ക്ഷേത്രങ്ങളില്‍ ചിത്രരചന നടത്തുന്നതെന്ന് നന്ദിത വിനയത്തോടെ പറയുന്നു. എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു കലാകാരി.
ചുമര്‍ച്ചിത്രങ്ങളുടെ ആലേഖനത്തില്‍ ഒരു പ്രത്യേക ശൈലി ആവിഷ്കരിക്കാനും നന്ദിത ശ്രമിക്കുന്നുണ്ട്. ചെറുപ്പകാലം മുതല്‍ നന്നായി ചിത്രങ്ങള്‍ വരച്ചിരുന്ന നന്ദിത വിവാഹ ശേഷവും ഇതിനായി സമയം നീക്കിവെച്ചിരുന്നു. കേരള എക്സൈസില്‍ പ്രീവന്റീവ് ഓഫീസറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് ബാബു എല്ലാ പിന്തുണയും നല്കുന്നു. മക്കളായ വിഷ്ണുവിനും ഭദ്രയ്ക്കും വരയില്‍ വാസനയുണ്ടെന്നും നന്ദിത ബാബു പറയുന്നു.
ചൈതന്യം തുളുമ്പുന്ന ചിത്രങ്ങളില്‍ വര്ണ്ണതാളവും രേഖാവിന്യാസവും നിറങ്ങളുടെ കൃത്യമായ അനുപാതവും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനായി കേരളത്തിലെ ചുമര് ചിത്രസങ്കേതങ്ങളില്‍ കൂടുതല്‍ പഠനത്തിനായി താന്‍ പോകാറുണ്ടെന്നും ചിത്രകാരി പറയുന്നു. അതുകൊണ്ട് തന്നെ പാരമ്പര്യ ചുമര്‍ചിത്രകലയുടെ സ്വാധീനം ചിത്രങ്ങളില്‍ കാണാമെന്ന് അഭിപ്രായം ഉയരുന്നുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുമെന്നും നന്ദിത വിശദീകരിച്ചു.
ചുമര് ചിത്രകലയുടെ നിര്‍ബ്ബന്ധിത ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് ആനുകാലിക സംഭവങ്ങളും ചിത്രരചനയ്ക്ക് വിഷയമാക്കാറുണ്ട്. ഇത്തരത്തില്‍ രചിച്ച ചിത്രമാണ് ‘അനാമിക’ എന്ന പുതിയ ചിത്രം. എറണാകുളത്ത് ദര്‍ബാര്‍ ഹാളില്‍ നന്ദിനിയുടെ ചിത്രപ്രദര്‍ശനം പുരോഗമിക്കുകയാണ്. അനാമിക സന്ദര്‍ശകരുടെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മനസ്സില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് അനാമിക. ഒരു സ്ത്രീയുടെ ബാല്യകാലം മുതല്‍ അവള് അനുഭവിക്കുന്ന ദുരിതങ്ങളാണ് ഇതിന്റെ ഇതിവൃത്തം, നന്ദിത പറഞ്ഞു.
ഇനിയും തനിക്ക് വരയ്ക്കാന്‍ ഏറെയുണ്ട്. ചിത്രകലയുടെ പുതിയതലങ്ങളെക്കുറിച്ച് കൂടുതല്‍ പഠനവും ഗവേഷണവും നടത്തി ഗുരുവിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഈ രംഗത്ത് കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് നന്ദിത.
അനിജമോള്‍.കെ.പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: