തിരുവനന്തപുരം : ഭാരതത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നത് ഹിന്ദുമതമാണെന്നും നമ്മുടെ രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ഹിന്ദുമതം അനിവാര്യമാണെന്നും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ ജാതികള്‍, മതങ്ങള്‍, വിഭാഗങ്ങള്‍ ഇവയെ വേര്‍തിരിച്ച് കാണുന്ന ചിന്താഗതിക്കെതിരെ നിലനില്‍ക്കുന്ന മതമാണ് ഹിന്ദുമതം. ഭാരതം ഉണ്ടായ കാലംമുതല്‍ ഹിന്ദുമതവുമുണ്ട്. തന്റെ പൂര്‍വ്വിക തലമുറ ഹിന്ദുക്കളാണെന്ന് പറയുന്നതില്‍ തനിക്ക് മടിയില്ല. ഹിന്ദുമതത്തിന്റെ സഹിഷ്ണുത കൊണ്ടാണ് മറ്റ് മതങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നത്. എട്ടാം നൂറ്റാണ്ടിലാണ് ഇസ്ലാം മതം ഇവിടെ എത്തിയത്. മുസ്ലിങ്ങള്‍ക്ക് സ്ഥാനപ്പേര് നല്കിയ ആദരിച്ചിരുന്ന പാരമ്പര്യമാണ് ഇവിടെയുള്ളത്. എഡി 852ല്‍ ക്രിസ്തുമതവുമായെത്തിയ സെന്ത്തോമസ്സിനെയും കൂട്ടരെയും സ്വീകരിച്ചിരുത്തിയ പാരമ്പര്യമാണ് ഹിന്ദുമതത്തിനുള്ളത്. അവര്‍ക്ക് കുരിശു വയ്ക്കാനും മതപരിവര്‍ത്തനം നടത്താനും അവസരമുണ്ടാക്കി. ബുദ്ധമതത്തിലേക്കും മറ്റു മതങ്ങളിലേക്ക് ഒരു കാലത്ത് ഹിന്ദുക്കള്‍ ഒഴുകി. അത് തടഞ്ഞത് ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തമായിരുന്നു.
ഭാരത്തിലെ മുഴുവന്‍ ജനങ്ങളുടെയും മതം ഹിന്ദുമതമാണ്. സ്വാമി വിവേകാനന്ദന് പറഞ്ഞതുപോലെ അത് ഒരു ജീവിതരീതിയാണ്, സംസ്കാരമാണ്. ഇസ്ലാംമതവു ക്രിസ്തുമതവും പോലെയല്ല അത്. അങ്ങനെയൊരു മതമായിരുന്നു ഹിന്ദുമതമെങ്കില്‍ ഭാരതത്തില്‍ വേറൊരു മതമുണ്ടാകുമായിരുന്നില്ല. ഹിന്ദുമതത്തോടും ഹിന്ദുമതവിശ്വാസികളോടുമുള്ള ബഹുമാനംകൊണ്ടാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ആക്ഷേപങ്ങളുണ്ടാവാം അതിനെയൊക്കെ നേരിട്ട് ജീവിച്ച പാരമ്പര്യമാണ് തനിക്കുള്ളത്. ഹിന്ദുമതത്തെ മാനിക്കേണ്ടത് തന്റെ കടമയാണ്. ഹിന്ദുമതത്തെ മറക്കാന്‍ സാധിക്കില്ല. അങ്ങനെ മറക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ചൈനയെയും പാകിസ്ഥാനെയും കരുതിയിരിക്കണമെന്നും മൈത്രി ഉറപ്പുവരുത്തണമെങ്കില്‍ ഭാരതം ശക്തിസമാഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ഡോ. പ്രഭാകരന് പലേരി മുഖ്യപ്രഭാഷണം നടത്തി. ഭാരതത്തിന് പുറത്തുള്ള ശത്രുക്കളേക്കാള്‍ ഭാരതത്തിന് അകത്തുള്ള ശത്രുക്കള്‍ക്കെതിരെയാണ് നാം ജാഗരൂകരാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലത്ത് യുദ്ധം ചെയ്യാതെ യുദ്ധം ജയിക്കാന്‍ സാധിക്കണം. ഒരു വ്യക്തിയെ തോല്‍പ്പിക്കാന്‍ അയാളെ വെറുക്കേണ്ടതില്ല. വെറുപ്പില്ക്കൂടിയുള്ള യുദ്ധം ഒരുപാട് ഊര്‍ജ്ജം പാഴാക്കും. സമൂഹത്തെ വെറുക്കാതെ സമൂഹത്ത് ജീവിക്കുകയും രാജ്യത്തെ വെറുക്കാതെ രാജ്യത്ത് ജീവിക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ വേഗതയുള്ള വിജയം. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ദുര്വിചാരങ്ങള് അകറ്റി മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ അതാണ് വിജയം. അത്തരം വിജയങ്ങളാണ് ഇന്ന് വേണ്ടത്. ഒരു മനുഷ്യനെയും വെറുക്കാതെ വിജയം നേടാന്‍ കഴിവുള്ള, ആന്തരിക ശക്തിയുള്ള രാഷ്ട്രം ഭാരതം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കേസരി മുന്‍ പത്രാധിപര്‍ ആര്. സഞ്ജയന്, പ്രൊഫ. എം.എസ്. രമേശ് എന്നിവര്‍ സംസാരിച്ചു. നൂറാം വയസ്സിലേക്ക് കടന്ന അഡ്വ. കെ. അയ്യപ്പന്‍പിള്ള, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ എന്റേഴ്സിയായി തെരഞ്ഞെടുക്കപ്പെട്ട പിആര്‍എസ് ഗ്രൂപ്പ് ഡയറക്ടര്‍ മുരുകന്, ഐപിഎസ് റാങ്ക് ജേതാവ് വിഷ്ണുവാര്യര് എന്നിവരെ ആദരിച്ചു. എം. ഗോപാല്‍ സ്വാഗതവും വി.ജി. ഷാജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: