ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളി കേസിലെ ഏറ്റവും പുതിയ നിര്‍ണായകവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ശ്രീശാന്ത് ഒത്തുകളിച്ച ഓവറില്‍ വാതുവയ്പുകാരനായ ചന്ദ്രേഷ് പട്ടേലിന് രണ്ടരക്കോടി ലഭിച്ചെന്നാണ് പുതിയ വിവരം. ഏഴു മിനിറ്റ് കൊണ്ടാണു ചന്ദ്രേഷിന്റെ പോക്കറ്റിലേക്ക് ഈ തുക വീണത്. മേയ് ഒമ്പതിനു മോഹാലിയില്‍ കിംഗ്സ് ഇലവന് പഞ്ചാബുമായി നടന്ന മത്സരത്തിലാണ് ശ്രീശാന്ത് ഒത്തുകളിച്ചത്.
14 റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു വാതുവെയ്പുകാരുമായുണ്ടാക്കിയ കരാര്‍. ആ ഓവറില്‍ 13 റണ്‍സാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്. ചാന്ദിലയും ചവാനും ഒത്തുകളിക്കുവന്ന വിവരം ശ്രീശാന്തിന് അറിയില്ലായിരുന്നെന്നും പോലീസ് പറഞ്ഞു. സുഹൃത്ത് ജിജു ജനാര്ദ്ദനനാണു ശ്രീശാന്തിനു വേണ്ടി ഇടനില നിന്നത്. ഇയാള്‍ മാത്രമാണു ശ്രീശാന്തുമായി ഇടപാടില്‍ ബന്ധപ്പെട്ടിരുന്നത്.
ഒത്തുകളിച്ചില്ലെങ്കില്‍ വധിക്കുമെന്നു താരങ്ങളെ വാതുവയ്പ്പു മാഫിയ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കസ്റ്റഡിയിലുള്ള ഇടനിലക്കാര്‍ കിരണ്‍ ഡോലെ, സുനില്‍ ഭാട്ടിയ എന്നിവര്‍ മൊഴി നല്കി. അഞ്ചു താരങ്ങളെയാണ് ഭീഷണിപ്പെടുത്തിയത്. ശ്രീശാന്തും അങ്കിത് ചവാനുമാണു വഴങ്ങിയത്. വാതുവയ്പ്പുകാരുമായി നേരത്തേ ബന്ധമുള്ള അജിത് ചന്ദിലയെ ഭീഷണിപ്പെടുത്തിയില്ല. മറ്റു മൂന്നു താരങ്ങള്‍ ആരെന്നു കമ്മിഷണര്‍ വെളിപ്പെടുത്തിയില്ല.
അതിനിടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ശ്രീശാന്ത് ഇന്നു ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. തനിക്കെതിരേ തെളിവില്ലെന്ന വാദമാകും ഉയര്‍ത്തുക. സാകേത് മെട്രൊ പൊളിറ്റന്‍ കോടതിയാണു കേസ് പരിഗണിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കസ്റ്റഡി കാലാവധി നീട്ടണമെന്നു പോലീസ് അപേക്ഷ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: