ന്യൂദല്‍ഹി: അജിത് ചന്ദിലയെന്ന ശരാശരി ഓഫ്സ്പിന്നറുടെ ക്രിക്കറ്റ് ജീവിതം ഒരു നാടോടിക്കഥപോലെ അത്ഭുതകരം. ഐപിഎല്‍ ക്രിക്കറ്റിലേക്കുള്ള ചന്ദിലയുടെ രംഗപ്രവേശം താരത്തെ അടുത്തറിയുന്നവര്‍ക്കെല്ലാം ഒരു അതിശയക്കാഴ്ച്ചയായിരുന്നു. കഴിഞ്ഞ സീസണില്‍ പൂനെ വാരിയേഴ്സിനെതിരെ ഹാട്രിക്ക് നേടിയതോടെയാണ് ചന്ദില ആദ്യമായി മാധ്യമ ശ്രദ്ധനേടിയത്. രാജസ്ഥാന് റോയല്‍സിന്റെ കുപ്പായത്തില്‍ അതിനുമുന്‍പോ പിന്‍പോ അത്ര കേമത്തമൊന്നു കാട്ടാന്‍ ഈ ഹരിയാന സ്വദേശിക്കായിരുന്നില്ല. ദല്‍ഹിയിലെ വിവിധയിടങ്ങളില്‍ അരങ്ങേറാറുള്ള വേനല്‍ക്കാല ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ചന്ദില. ലാല രഘുബീര്‍, ഓം നാഷ് സൂധ് തുടങ്ങിയ ഹോട്ട് വെതര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ എയര്‍ ഇന്ത്യയ്ക്കുവേണ്ടി ചന്ദില പന്തെറിഞ്ഞിരുന്നു. 2010ല്‍ ഹരിയാന രഞ്ജി ട്രോഫി ടീമില്‍ ഇടംനേടിയെങ്കിലും രണ്ടു മത്സരങ്ങളില്‍ മാത്രമേ കളിപ്പിച്ചുള്ളു. ബൗളിങ് ആക്ഷനില്‍ സംശയംതോന്നിയതിനെ തുടര്‍ന്ന് പിഴവ് പരിഹരിക്കാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചെന്നെങ്കിലും പിന്നെ അധികം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. 30വയസുകള്‍ പിന്നിട്ട ക്ലബ് ലെവല്‍ ക്രിക്കറ്റായ ചന്ദിലയെ റോയല്‍സ് കളിക്കാന്‍ ഇറക്കിയപ്പോഴാണ് പിന്നീടും പലരും കാണുന്നത്. അയാള്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് ആരും കരുതിയില്ല. ഒരു ഹാട്രിക്ക് നേടിയെന്നതു സത്യം. പക്ഷേ, ചന്ദില അര്ഹിച്ചതിനെക്കാള് ഉയര്‍ന്ന നിലയില്‍ എത്തിയെന്നു കരുതുന്നവര്‍ ഏറെയുണ്ട്., ദല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അംഗങ്ങളിലൊരാള്‍ പറഞ്ഞു.
ഗാസിയബാദിലെ ഹരി സിങ് ക്രിക്കറ്റ് അക്കാഡമി കിഷന്‍ഗഞ്ച് ക്ലബ് തുടങ്ങിയ അധികം അറിയപ്പെടാത്ത ടീമുകള്‍ക്കുവേണ്ടി മത്സരം ഒന്നിന് 1500 മുതല്‍ 2000രൂപവരെ പ്രതിഫലവാങ്ങിക്കളിച്ചിരുന്നയാളാണ് ചന്ദില, താരത്തെ അടുത്തറിയാവുന്ന ഫരീദബാദ് സ്വദേശിയായ ഒരാള്‍ വെളിപ്പെടുത്തുന്നു. 2006ല്‍ ബംഗാളിലെ രണ്ടാം ഡിവിഷന് ടീമായ തല്ത്താല ഇന്‍സ്റ്റിറ്റിയൂട്ടിനുവേണ്ടി കളിക്കുമ്പോള്‍ ചന്ദിലയുടെ പ്രതിഫലം 2000 രൂപയായിരുന്നെന്ന് ക്രിക്കറ്റ് അസോസിയേഷന് ഒഫ് ബംഗാളുമായി അടുത്ത വൃത്തങ്ങളിലൊരാള്‍ ഓര്‍മിക്കുന്നു. ചുരുക്കത്തില്‍ രാജ്യതലസ്ഥാനത്തെ വിവിധയിടങ്ങളില്‍ പണത്തിനുവേണ്ടി ക്രിക്കറ്റ് കളിച്ചു നടന്നവരുടെ കൂട്ടത്തിലായിരുന്നു ചന്ദിലയ്ക്ക് ഇടം. പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും കൂത്തരങ്ങായ ഐപിഎല്ലിന്റെ പ്രലോഭനങ്ങളില്‍ വഴിതെറ്റിപ്പോകാവുന്ന പശ്ചാത്തലത്തില്‍ നിന്നുവന്നവെന്നു സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: