ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയും തമ്മില്‍ ഭിന്നതയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആണയിടുമ്പോഴും മന്ത്രിസഭാ പുനഃസംഘടനാ വിഷയത്തില്‍ സമവായമുണ്ടാകുന്നില്ല. വിവിധ വകുപ്പുകളില്‍ ഒഴിവുവന്ന സാഹചര്യത്തില്‍ പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മറ്റി യോഗം തീരുമാനങ്ങളെടുക്കാതെ പിരിയുകയായിരുന്നു.
കേന്ദ്രമന്ത്രിസഭാ പുനസംഘടന സംബന്ധിച്ച തീരുമാനങ്ങള്‍ക്കായാണ് ഇന്നലെ പ്രധാനമായും കോര്‍കമ്മറ്റി യോഗം നടന്നത്. എന്നാല്‍ പുനസംഘടനയോട് പ്രധാനമന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് അറിയുന്നത്. പ്രധാന വകുപ്പുകളിലേക്ക് കൂടുതല്‍ വിശ്വസ്തരെ നിയോഗിക്കാനുള്ള സോണിയാഗാന്ധിയുടെ ശ്രമം ഇതോടെ താല്‍ക്കാലികമായി പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. പൊതു തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ണ്ണായക സ്ഥാനങ്ങളില്‍ അടുപ്പക്കാര്‍ വേണമെന്ന സോണിയാഗാന്ധിയുടെ ആഗ്രഹത്തിന് മന്‍മോഹന്‍സിങ്ങിന്റെ നിലപാടുകള്‍ എതിരാവുകയായിരുന്നു. അതേസമയം പാര്‍ട്ടിയോട് കാര്യമായ ആലോചനകള്‍ നടത്താതെ മന്‍മോഹന്‍സിങ്ങിന്റെ ഇഷ്ടക്കാര്‍ പലരും കേന്ദ്രമന്ത്രിസഭയില്‍ പലപ്പോഴായി ഇടംനേടിയതിന്റെ പ്രതിഷേധം സോണിയാഗാന്ധിയുടെ അനുചരവൃന്ദത്തിനുമുണ്ട്.
എന്നാല്‍ സോണിയാഗാന്ധിയും മന്‍മോഹന്‍സിങ്ങും തമ്മില്‍ ഭിന്നതകളില്ലെന്നും അഴിമതി വിഷയത്തില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചത് പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്ച്ചയേത്തുടര്ന്നാണെന്നുമാണ് കോര്‍കമ്മറ്റി തീരുമാനങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞത്. മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും തമ്മില്‍ സംസാരിച്ചശേഷം സംയുക്തമായെടുത്ത തീരുമാനപ്രകാരമാണ് ബന്‍സലും അശ്വിനികുമാറും രാജി വെച്ചതെന്ന് ദ്വിവേദി പറഞ്ഞു.
അഴിമതി ആരോപണങ്ങളേ തുടര്‍ന്ന് രണ്ട് മന്ത്രിമാര്‍ രാജിവെച്ച പശ്ചാത്തലമാണ് മന്മോഹന്-സോണിയാ ബന്ധത്തില്‍ ശക്തമായ ഉലച്ചിലുണ്ടായത്. മന്‍മോഹന്‍സിങ്ങിന്റെ അഭിപ്രായത്തിനു വിരുദ്ധമായി സോണിയാഗാന്ധി ഇടപെട്ട് ഇരുവരേയും രാജിവയ്പ്പിക്കുകയായിരുന്നെന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. അഴിമതിക്കാരെ സംരക്ഷിക്കുന്നതിനെതിരെ സോണിയാഗാന്ധി ശക്തമായ നിര്‍ദ്ദേശം നല്കിയതിനേ തുടര്‍ന്ന് പ്രധാനമന്ത്രി മന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയായിരുന്നെന്ന പ്രചാരണം കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ തന്നെ നടത്തിയതും ഭിന്നത രൂക്ഷമാക്കി. ഭരണതലത്തില്‍ പൂര്‍ണ്ണമായ നിയന്ത്രണം നടത്തിയ ശേഷം അഴിമതിക്കഥകള്‍ പുറത്തായതോടെ കുറ്റം മുഴുവന്‍ പ്രധാനമന്ത്രിയുടെ മേല്‍ ചുമത്താനുള്ള സോണിയാഗാന്ധിയുടെ അനുചരവൃന്ദത്തിന്റെ ശ്രമം പരസ്യമായതും മന്‍മോഹന്‍സിങ്ങിന്റെ നിലപാടുകള്‍ക്കു പിന്നിലുണ്ട്. അശ്വിനികുമാറിനെ നിയമമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്പ്പിച്ചതോടെ കല്‍ക്കരി അഴിമതിക്കേസിലെ യഥാര്‍ത്ഥ കുറ്റവാളിയായി പ്രധാനമന്ത്രി മാറിയെന്ന പ്രചാരണവും മന്‍മോഹന്‍സിങ്ങിനെ അസ്വസ്ഥമാക്കുന്നു.
ഇതിനു പുറമേ പ്രതിപക്ഷ നേതൃത്വത്തിന്റെ ശക്തമായ പ്രതിഷേധവും മന്മോഹന്സിങ്ങിനു നേരിടേണ്ടി വരുന്നുണ്ട്. പ്രശ്നങ്ങളില്‍നിന്നും മാറി സോണിയാഗാന്ധി പതിവുപോലെ ക്ലീന്‍ ഇമേജുണ്ടാക്കിയത് എടുത്തുകാട്ടിയാണ് പ്രതിപക്ഷത്തിന്റെ പ്രചാരണം. മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാന്‍ യാതൊരു അധികാരവുമില്ലെന്ന് വ്യക്തമായെന്ന എല്‍.കെ.അദ്വാനിയുടെ പരാമര്‍ശവും രാജിയല്ലാതെ മറ്റൊരു പോംവഴി പ്രധാനമന്ത്രിക്കു മുന്നിലില്ലെന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്ങിന്റെ പ്രസ്താവനയും മന്‍മോഹന്‍സിങ്ങിന് ക്ഷീണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: