ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്ങ്സ് എന്നാല്‍ സ്ഥിരതയുടെ പര്യായമാണ്. ഐപിഎല്ലിന്റെ ഹ്രസ്വ ചരിത്രത്തിനിടെ ഏറ്റവും വിജയ തൃഷ്ണ കാട്ടിയ സംഘം. രണ്ടു തവണ കിരീടമുയര്‍ത്തിയ അവര്‍ അത്രയും തവണ റണ്ണേഴ്സ് അപ്പുമായി. ഈ സീസണിലും സൂപ്പര്‍ കിങ്ങ്സ് പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. ബുധനാഴ്ച്ച രാത്രിയില്‍ ഹൈദരാബാദ് സണ്‍ റൈസേഴ്സിനെതിരെ നേടിയ 77 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ചെന്നൈ ടീമിനെ ഒരിക്കല്‍ക്കൂടെ ബെറ്റിങ് ടേബിളുകളിലെ ഫേവറേറ്റാക്കുന്നു. ചെന്നൈ മുന്നില്‍വച്ച 224 റണ്‍സിന്റെ ലക്ഷ്യം തേടിയ സണ്‍ റൈസേഴ്സ് 8ന് വിക്കറ്റിന് 146ല്‍ ചുരുങ്ങി. സ്വന്തം തട്ടകത്തില്‍ പുലര്‍ത്തിയ അപ്രമാദിത്യവും സണ്‍ റൈസേഴ്സിന് ഇതോടെ നഷ്ടമായി.
അസാധാരണമായൊരു ബാറ്റിങ് വെടിക്കെട്ടിലൂടെ മാത്രമേ ഹൈദരാബാദികള്ക്കു വിജയം എത്തിപ്പിടിക്കാനാവുമായിരുന്നുള്ളു. എന്നാല്‍ അതിനവര്‍ മെനക്കെട്ടില്ല. മുംബൈയോടു വഴങ്ങിയ കനത്ത തോല്‍വിയുടെ ക്ഷീണം തീര്‍ക്കണമെന്ന ഉന്നത്തോടെ സൂപ്പര്‍ കിങ്ങ്സ് കാട്ടിയ ആക്രമണോത്സുകത സണ്‍റൈസേഴ്സിനു താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു.
മാച്ച് വിന്നര്‍ ശിഖര്‍ ധവാന്, ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, ഹനുമ വിഹാരി എന്നിവരെല്ലാം മൂന്ന് റണ്‍സ് എന്ന വ്യക്തിഗത സ്കോറില്‍ വീണു. ഡാരന്‍ സമ്മിയും (7) ബാറ്റില്‍ കരീബിയന്‍ കൊടുങ്കാറ്റ് ആവാഹിച്ചില്ല. വിക്കറ്റുകള്‍ ആലിലപോലെ പൊഴിയുമ്പോള്‍ ഒരറ്റത്ത് ആടിയുലയാതെ നിന്ന പാര്‍ഥിപ് പട്ടേല്‍ കാണികളെ രസിപ്പിച്ചു. 30 പന്തില്‍ ആറു ഫോറുകളും ഒരു സിക്സറുമടക്കം 44 റണ്‍സെടുത്ത പട്ടേലിനെ ഒടുവില്‍ മോഹിത് ശര്‍മയുടെ പന്തില്‍ മുരളി വിജയ് പിടിച്ചു.
തുടര്‍ന്ന് തിസാര പെരേരയും (13 പന്തില്‍ 23,ഒരു ബൗണ്ടറി, രണ്ട് സിക്സ്) കരണ്‍ ശര്‍മയും (33 പന്തില്‍ 39, മൂന്ന് ഫോര്‍, ഒരു സിക്സ്) സണ്‍ റൈസേഴ്സിന്റെ സ്കോറിനു മാന്യത നല്കി. ചെന്നൈ ബൗളര്‍മാരില്‍ മോഹിത് ശര്‍മ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ആര്. അശ്വിന് ക്രിസ് മോറിസ് ഡെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ ഇരകളെവീതം കണ്ടെത്തി. 99 റണ്‍സും ഒരു വിക്കറ്റുമെടുത്ത സുരേഷ് റെയ്ന മാന്‍ ഒഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: