മുംബൈ: നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഇനി ഒരേയൊരു റോള്‍ മാത്രം. പറ്റുമെങ്കില്‍ വഴിമുടക്കികളാവുക. അതല്ലാതെ പ്ലേ ഓഫ് പ്രതീക്ഷകളുടെ വലിയ സാധ്യതകളൊന്നും അവരുടെ മുന്നിലില്ല.
ചൊവ്വാഴ്ച്ച മുംബൈ ഇന്ത്യന്‍സിനോടേറ്റ 65 റണ്‍സിന്റെ തോല്‍വി ഗൗതം ഗംഭീറിന്റെ ടീമിന്റെ ചരമക്കുറിപ്പായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ നൈറ്റ് റൈഡേഴ്സിന്റെ മറുപടി 18.2 ഓവറില്‍ 105ല്‍ ഒതുങ്ങി. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
ബൗളര്‍മാരെ കുറച്ചൊക്കെ തുണച്ച വാംഖഡെയിലെ പിച്ചില്‍ റൈഡേഴ്സ് ബാറ്റിംഗ്് നിരയ്ക്കു പിടിച്ചു നില്ക്കാനായില്ല. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്ങും രണ്ടു ഇരകളെ വീതം കണ്ടെത്തിയ മിച്ചല്‍ ജോണ്‍സനും പ്രഗ്യാന്‍ ഓജയും റൈഡേഴ്സിന് നിരാശയുടെ നിമിഷങ്ങള്‍ സമ്മാനിച്ചു.
ഗംഭീറിനെ (0) ബൗള്‍ഡാക്കി ജോണ്സന് തുടക്കത്തില്‍ തന്നെ റൈഡേഴ്സിനെ പിന്നോട്ടടിച്ചു. മന്‍വീന്ദര്‍ ബിസ്ല (17) ഓജയെ നമിച്ചു. സിക്സറും ഫോറുമൊക്കെയായി യൂസഫ് പഠാന് (13) നന്നായി തുടങ്ങിയെങ്കിലും ഓജയുടെ പന്തില്‍ കുറ്റിതെറിച്ചു മടങ്ങി. ജാക്വസ് കാലിസിനു വേഗത്തിലുള്ള ഇന്നിങ്ങ്സ് കളിക്കാനായില്ല. 26 പന്തില്‍ 24 റണ്‍സുമായി ഇഴഞ്ഞു നീങ്ങിയ കാലിസിനെ ഭാജി പുറത്താക്കി. മാജിക്കുകള്‍ക്കു ശേഷിയുള്ള ഇയോണ്‍ മോര്ഗന് (5) അബു നെഷിമിന്റെ പന്തില്‍ പോയന്റില്‍ രോഹിത് ശര്‍മയുടെ കൈയില്‍ ഒതുങ്ങുമ്പോള്‍ റൈഡേഴ്സിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
മുംബൈ ഇന്നിങ്ങ്സില്‍ നിറഞ്ഞു നിന്നത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കറായിരുന്നു. ക്ലാസിക് ഷോട്ടുകളുമായി കളം നിറഞ്ഞ സച്ചിന് 28 പന്തില്‍ 48 റണ്‍സ് നേടി. ഋയാന്‍ മക്ലാരന്റെ ഓവറിലെ അഞ്ചെണ്ണമടക്കം എട്ടു ഫോറുകള്‍ മാസ്റ്ററുടെ ഇന്നിങ്ങ്സിന് അഴകേകി. ഡെയ്ന്‍ സ്മിത്തി(47)നൊപ്പം ഒന്നാം വിക്കറ്റില്‍ സച്ചിന് ചേര്‍ത്ത 93 റണ്‍സാണ് മുംബൈയ്ക്കു മികച്ച അടിത്തറയായത്.
മക്ലാരന് എറിഞ്ഞ 18-ാം ഓവറില്‍ രോഹിത് ശര്‍മ (16), കീ്റോണ്‍ പൊള്ളാര്‍ഡ് (4), അമ്പാട്ടി റായിഡു (0) എന്നീ പവര്‍ ഹിറ്റര്‍മാര്‍ പുറത്തായപ്പോള്‍ ഇന്ത്യന്‍സ് വിരണ്ടു. എങ്കിലും അവസാന രണ്ട് ഓവറുകളില്‍ ആളിക്കത്തിയ ദിനേശ് കാര്‍ത്തിക് (18 പന്തില്‍ 34) അവരെ കൈപിടിച്ചുയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: