തിരുവല്ല: സര്‍ക്കാര്‍ നല്കുന്ന ആനൂകൂല്യങ്ങള്‍ക്ക് മതം മാനദണ്ഡമാക്കുന്നത് ശരിയല്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചര്‍. തിരുവല്ല നെന്മേനിക്കാവ് ക്ഷേത്രത്തില്‍ നടന്ന പുനപ്രതിഷ്ഠ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിശപ്പിന് മതമില്ലെന്ന സ്വാമി വിവേകാനന്ദന്റെ ആപ്തവാക്യം ഏറ്റുപറയുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ വിശപ്പടക്കുവാനുള്ള ആനൂകൂല്യങ്ങള്‍ നല്‍കുന്നതിന് മതത്തെ മാനദണ്ഡമാക്കിയിരിക്കുകയാണ്. മതേതരത്വം എന്ന പേരില്‍ ഇന്ന് നടക്കുന്നത് മതപ്രീണനമാണ്. ന്യൂനപക്ഷ വിഭാഗത്തെ പ്രീണിപ്പിക്കുമ്പോള്‍ ഭൂരിപക്ഷത്തിന് അര്‍ഹതപ്പെട്ട ആനൂകൂല്യം നിഷേധിക്കുകയും ചെയ്യുന്നു. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന ശ്രീനാരായണഗുരുദേവന്റെ വാക്യത്തെ കപടമതേതരവാദികള് കടമെടുത്ത് ഈഴവ സമൂഹം ഹിന്ദുസമാജത്തിന്റെ ഭാഗമല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാ മതങ്ങളേയും തുല്യമായി കാണുന്നതായിരുന്നു ഗുരുദേവന്റെ സങ്കല്‍പ്പം, യഥാര്‍ത്ഥ മതേതരത്വവും ഇതുതന്നെയാണ്.
എല്ലാ മതത്തേയും തുല്യമായി കാണുവാന്‍ ഭരണവര്‍ഗ്ഗത്തിന് കഴിയാത്തതാണ് കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം. സ്വാമി വിവേകാനന്ദന് ഹിന്ദുവല്ല എന്നു പ്രഖ്യാപിക്കാന്‍ വരെ കേരളത്തിലെ അവസരവാദ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നു. ഹൈന്ദവ സമാജത്തിനുള്ളില്‍ ചേരിതിരിവ് സൃഷ്ടിച്ച് വിഘടനതന്ത്രം മെനയുകയാണിവര്. ടിപ്പുവിന്റെ പടയോട്ടത്തിലൂടെ ഹൈന്ദവ സമാജത്തിന്റെ സമ്പത്താണ് കൊള്ളയടിക്കപ്പെട്ടതെങ്കില് ഇന്ന് ആദ്ധ്യാത്മിക മുതല്‍ കൂട്ടുകള്വരെ കൊള്ളയടിക്കപ്പെടുകയാണ്. ചരിത്രത്തെ വളച്ചൊടിച്ച് വികലമാക്കുന്നു. വേദങ്ങളും ഇതിഹാസങ്ങളും ഭാരത സംസ്ക്കാരത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ ഇവര്‍ തയ്യാറല്ല. വ്യക്തിയും ക്ഷേത്രവും തമ്മിലുള്ള ബന്ധം സാമാജികമാണ്. അതുകൊണ്ടാണ് ഹിന്ദുവിന് ലോകാസമസ്താ സുഖിനോ ഭവന്തു എന്ന് പറയാന്‍ കഴിയുന്നത്. ഹിന്ദുധര്‍മ്മമാണ് മതേതര ധര്‍മ്മം എന്നും ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: