കണ്ണൂര്‍: നാറാത്ത്സംഭവവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറസ്റ്റ് നടന്ന് 48 മണിക്കൂര്‍ വരെ ശരിയായ രീതിയില്‍ നടന്ന കേസന്വേഷണം തുടര്‍ന്ന് അണിയറയില്‍ നിന്ന് ലഭിച്ച രഹസ്യനിര്‍ദ്ദേശത്തെ തുടര്‍ന്ന് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. കണ്ണൂര്‍ എംപി: കെ.സുധാകരനാണ് കേസ് അട്ടിമറിക്കാന്‍ മുന്‍കയ്യെടുക്കുന്നത്. സുധാകരന്റെ ഇംഗിതത്തിന് വഴങ്ങിയാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ആസൂത്രിതശ്രമം വന്‍ ഭവിഷ്യത്തുകള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുവര്‍ഷത്തിലധികമായി പരിശീലനം നടക്കുന്ന ആയുധപരിശീലന ക്യാമ്പിനെക്കുറിച്ചറിയില്ലെന്ന് പറയുന്ന പോലീസിന്റെ വാദം പച്ചക്കള്ളമാണ്. രാജ്യത്തെ തകര്‍ക്കാന്‍ തയ്യാറാകുന്ന ഭീകരവാദികള്‍ പോലീസിന്റെ തണലിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യഥാര്‍ത്ഥ പ്രശ്നം വഴിതിരിച്ചുവിടാന്‍ പോലീസും പോപ്പുലര്‍ ഫ്രണ്ടും ശ്രമിക്കുകയാണ്. വാദി പ്രതിയായി മാറിയ സ്ഥിതിയാണ് പോലീസ് മാര്‍ച്ച് തടഞ്ഞ നടപടിയിലൂടെ ഉണ്ടായിരിക്കുന്നത്. നാറാത്തല്ല, പാണക്കാട് ആയുധപരിശീലനം നടത്തിയാലും ബിജെപി മാര്‍ച്ച് നടത്തും. അന്വാര്ശ്ശേരിയിലേക്കും ഭീമാപള്ളിയിലേക്കും മഞ്ചേരി ഗ്രീന്‍ വാലിയിലേക്കും മാര്‍ച്ച് നടത്തിയ ഏക പ്രസ്ഥാനം ബിജെപിയാണെന്നും അതിനാല്‍ ഭീഷണിപ്പെടുത്തി ബിജെപി പ്രവര്‍ത്തകരെ വരുതിയിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
നാറാത്തെ സംഭവം പാര്‍ട്ടികള്‍ തമ്മിലുള്ളതോ സമുദായങ്ങള്‍ തമ്മിലുള്ളതോ ആയ തര്‍ക്കമല്ല. അങ്ങനെയാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ശ്രമിക്കുകയാണ്. രാജ്യദ്രോഹികളും ദേശാഭിമാനികളും തമ്മിലുള്ള പ്രശ്നമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഭീകരവാദവുമായി ബന്ധപ്പെട്ട കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിന്റെ അവസ്ഥയെന്താണെന്ന് ആഭ്യന്തരമന്ത്രി തിരിവഞ്ചൂര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മും ഡിവൈഎഫ്ഐയും പോപ്പുലര്‍ ഫ്രണ്ടിന് മുന്നില്‍ അടിയറവ് പറയുകയാണ്. അതിന്റെ തെളിവാണ് ഡിവൈഎഫ്ഐ നാറാത്തേക്ക് നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് മാറ്റിവെച്ചത്.
നാറാത്തെ ക്യാമ്പിന് സാമ്പത്തിക സഹായം നല്കിയവരെക്കുറിച്ചും ഇവരുടെ വിദേശബന്ധവുമെല്ലാം പോലീസ് അനേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷപ്പെടുത്താനാണ് കേരളത്തിലെ ഇടതു-വലത് ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. ഒടുവില്‍ ഇത്തരം കേസുകളില്‍ അന്യസംസ്ഥാന പോലീസ് വേണ്ടിവന്നു യഥാര്‍ത്ഥ പ്രതികളെ പിടികൂടാനും അറസ്റ്റ് ചെയ്യാനുമെന്നും സുരേന്ദ്രന് പറഞ്ഞു. ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ പോലും നാറാത്തെ പരിശീലന കേസില്‍ പ്രതികളാണ്.
സംഭവത്തിന് അന്താരാഷ്ട്രബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. കേസ് അട്ടിമറിക്കപ്പെട്ടാല്‍ തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും മറുപടി പറയേണ്ടി വരുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: