കൊച്ചി: പള്ളി ഭാരവാഹികളില്‍ നിന്നും സംരക്ഷണം തേടി ക്രിസ്ത്യന്‍ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കാലടി സംസ്കൃത സര്‍വകലാശാല ചരിത്ര അധ്യാപിക ഡോ. ഓമനയാണ് തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. പിരാരൂര്‍ സെന്റ് ജോസഫ് പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് പള്ളി ഭാരവാഹികള്‍ ഹര്‍ജിക്കാരിയുടെ വീട്ടിലെത്തി മകന് ജോബിനെ ആക്രമിച്ചു. സംഭവം മെയ് 4ന് നെടുമ്പാശ്ശേരി പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പിറ്റേദിവസം ഹര്‍ജിക്കാരിയുടെ വീട്ടിലേക്ക് പള്ളി ഭാരവാഹികളായ ചാക്കോ, മാര്ട്ടിന് എന്നിവരുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
ഇതും പരാതിപ്പെട്ടെങ്കിലും പോലീസ് പള്ളി ഭാരവാഹികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇവരില്‍ നിന്നും കുടുംബത്തിനും തനിക്കും ഭീഷണിയുണ്ടായിട്ടും പോലീസ് സംരക്ഷണം നല്‍കിയില്ലെന്നും അവര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. തുടര്‍ന്നാണത്രെ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ കെ.ടി.ശങ്കരന്, ബാബു മാത്യു പി.ജോസഫ് എന്നിവര്‍ ഓമനയ്ക്കും കുടുംബത്തിനും സംരക്ഷണം നല്കാന് പോലീസിനോട് നിര്‍ദേശിച്ചു. പന്തം കൊളുത്തി പ്രകടനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: