തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും കഴിവുകെട്ട പ്രതിരോധമന്ത്രിയാണ് എ.കെ.ആന്റണിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കുന്നതിലും ഇന്ത്യന്‍ പൗരന്മാര്ക്ക് സംരക്ഷണം നല്‍കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോഴാണ് മുംബൈയിലടക്കം കടന്നു കയറി ഭീകരര്‍ ആക്രമണമഴിച്ചുവിട്ടത്. സായുധരായ പാക്കിസ്ഥാനികള്‍ നുഴഞ്ഞു കയറി രാജ്യത്തിനെതിരെ യുദ്ധം നടത്തിയപ്പോള്‍ ആന്റണി നോക്കി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ചൈനീസ് പട്ടാളം ഇന്ത്യന്‍ മണ്ണില്‍ 19 കിലോമീറ്ററോളം നുഴഞ്ഞു കയറി ആധിപത്യമുറപ്പിച്ചപ്പോഴും ആന്റണി ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയാണ്. പാക് ജയിലില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ സരബ്ജിത് സിംഗിന്റെ ജീവന് രക്ഷിക്കാനും കേന്ദ്രസര്‍ക്കാരിനായില്ല. എല്ലാ രംഗത്തും പരാജയപ്പെട്ട പ്രതിരോധമന്ത്രിക്കും പ്രധാനമന്ത്രിക്കും അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം ഇല്ലെന്നും മുരളീധരന് വ്യക്തമാക്കി. ടു ജി അഴിമതി, കല്ക്കരികുംഭകോണങ്ങളില് പെട്ട പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന സമരപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.മുരളീധരന്.
രാജ്യത്തെ കൊള്ളയടിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ അഴിമതി സര്‍ക്കാരെന്ന നിലയില്‍ ലോകത്തെ മുഴുവന്‍ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍. പ്രധാനമന്ത്രി അഴിമതിയില്‍ പെടുന്നതും അതു മൂടിവയ്ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതും ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. മന്ത്രിമാര്‍ മുഴുവന്‍ അഴിമതിക്കാരായി മാറി. ഓരോ ദിവസവും ഓരോ പുതിയ അഴിമതിക്കഥ പുറത്തു വരുന്നു. പ്രധാനമന്ത്രിയെ ടു ജി അഴിമതിയില്‍ നിന്ന് രക്ഷിക്കാന്‍ ജെപിസി അധ്യക്ഷന്‍ പി.സി.ചാക്കോ നടത്തുന്ന ശ്രമങ്ങളും ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കര്‍ക്കരി കുംഭകോണത്തില്‍ സിബിഐ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് അനുകൂലമാക്കി തിരുത്തിക്കാന്‍ നിയമമന്ത്രി നേരിട്ടിടപെട്ടത് അഴിമതിയുടെ ആഴങ്ങള്‍ വ്യക്തമാക്കുന്നതാണ്.
അഴിമതി നടത്തി മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും സുഖലോലുപരായി കഴിയുമ്പോള്‍ വിലക്കയറ്റവും ദാരിദ്ര്യവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ബിജെപി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികാവകാശമില്ലാത്ത സര്‍ക്കാര്‍ ഉടന്‍ രാജിവയ്ക്കണമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: