ന്യൂദല്‍ഹി: റെയില്‍വേ ബോര്‍ഡിലെ അഴിമതി കേസില്‍ റെയില്‍വേ മന്ത്രി പവന് കുമാര്‍ ബന്‍സലിന്റെ അനന്തരവന് പ്രതിയായ സാഹചര്യത്തില്‍ പവന്‍കുമാര്‍ ബന്‍സലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
അനന്തരവനുമായി യാതൊരു ഇടപാടുകളുമില്ലെന്ന ബന്‍സലിന്റെ വിശദീകരണം കണക്കിലെടുക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി. നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അഴിമതിയാരോപണങ്ങളുടെ കാര്യത്തില്‍ യു.പി.എ. സര്‍ക്കാര്‍ പുതിയ റിക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ഒന്നിനുപിറകെ ഒന്നായി അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നത് പരിതാപകരമായ സ്ഥിതിയാണ്. പ്രധാനമന്ത്രിയുടെ രാജിക്കുവേണ്ടിയുള്ള ആവശ്യം ശക്തമാക്കുന്നതാണ് ഇത്തരം അഴിമതി ആരോപണങ്ങള്‍. എന്നാല്‍, പ്രധാനമന്ത്രിയും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും കളങ്കിതരായ മന്ത്രിമാരെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സര്‍ക്കാരില്‍ നടക്കുന്ന അഴിമതിയെ മൂടിവയ്ക്കുന്നതിനായി ഭരണഘടന അംഗങ്ങളെ ഉപയോഗിക്കുന്ന യു.പി.എയുടെ നടപടി അപമാനകരമാണെന്നും ബി.ജെ.പി വ്യക്തമാക്കി. റെയില്‍വേയിലെ ഉന്നത പദവിയിലേയ്ക്ക് സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ ബന്‍സലിന്റെ സഹോദരീ പുത്രന് വിജയ് സിംഗ്ല കൈപ്പറ്റിയതിനെ തുടര്‍ന്ന് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: