കുറ്റ്യാടി: കുറ്റ്യാടിയ്ക്കടുത്ത് തളീക്കരയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ 23 കാരിയെ തലയറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചേലക്കര വെള്ളൂര്‍കുളം സ്വദേശിനി ബിന്ദു(23) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃമാതാവ് തങ്കമണിയേയും കൈകുഞ്ഞിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
ചെമ്പനോട സ്വദേശിയായ ഭര്‍ത്താവ് ലാലുവും ഭര്‍തൃമാതാവ് തങ്കമണി(55) രണ്ടു വയസ് പ്രായമുള്ള കിരണ്‍ എന്നിവര്‍ക്കൊപ്പം താമസിക്കുന്ന യുവതിയെ ഇന്നു രാവിലെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും അമ്മയും ചേര്‍ന്ന് ബിന്ദുവിനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു.
തലക്ക് പിറകിലും കഴുത്തിലുമേറ്റ മാരക മുറിവാണ് മരണകാരണം. കിടപ്പറയില്‍ മലര്‍ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ നാല് മണിയോടെ ലാലുവും അമ്മ തങ്കമണിയും ക്വാട്ടേഴ്സില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജുടമ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇന്നു രാവിലെ അഞ്ചോടുകൂടി തൊട്ടടുത്ത് താമസിക്കുന്ന ഉത്തരേന്ത്യക്കാരാണ് യുവതിയെ മുറിക്കുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കെട്ടിട ഉടമ അസീസ് കുനിയേലിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇയാളെത്തിയാണ് പോലീസില്‍ വിവരം അറിയിച്ചത്. വാര്‍പ്പു പണിക്കാരനായ ലാലു മൂന്നു മാസം മുമ്പാണ് ചെമ്പനോടയില്‍ നിന്ന് കുറ്റ്യാടിയ്ക്കടുത്ത തളീക്കരയില്‍ എത്തി താമസം തുടങ്ങിയത്. ലാലുവിന്റെ ഭാര്യ മൂന്നു ദിവസം മുമ്പാണ് ഇയാള്‍ക്കൊപ്പം താമസിക്കാനായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: